Skip to main content
കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ പാലക്കാട് നിന്നും മലയ്ക്കപ്പാറയിലേയ്ക്ക് ഉല്ലാസ യാത്ര പുറപ്പെടുന്നതിന് മുൻപ് സംഘാംഗങ്ങൾ ഒലവക്കോട് ഒത്തു ചേർന്നപ്പോൾ

നാട്ടിൻപുറം ബൈ ആനപ്പുറം:  കെ.എസ്.ആർ.ടി.സിയുടെ  മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി

 

 പാലക്കാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ നേതൃത്വത്തിൽ
പാലക്കാട് - തൃശൂർ മലയ്ക്കപ്പാറ ഉല്ലാസ യാത്രയ്ക്ക് തുടക്കമായി.   'നാട്ടിൻപുറം ബൈ ആനപ്പുറം' എന്ന പേരിൽ   പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക്   നവംബർ 14 ന് കെ.എസ്.ആർ.ടി.സിയുടെ നേതൃത്വത്തിൽ ആദ്യ ഉല്ലാസയാത്രയ്ക്ക്  തുടക്കമിട്ടിരുന്നു. യാത്രയുടെ വൻ വിജയത്തിന് ശേഷം രണ്ടാമത്തെ ടൂർ പാക്കേജാണ് മലയ്ക്കപ്പാറയിലേത്.

കെ.എസ്.ആർ.ടി.സി ബസിൽ 50 പേരടങ്ങിയ സംഘം രാവിലെ അഞ്ചിന് ഒലവക്കോട് നിന്നും യാത്ര പുറപ്പെട്ടു. യാത്രക്കാരിൽ ഭൂരിഭാഗവും റെയിൽവെ ജീവനക്കാരാണ്. കുതിരാൻ തുരങ്കം വഴി പോകുന്ന ഉല്ലാസ യാത്ര അതിരപ്പിള്ളി, വാഴച്ചാൽ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയാണ് മലയ്ക്കപ്പാറയിലെത്തുന്നത്. ഒരാൾക്ക് 650 രൂപയാണ് ചാർജ്ജ്.  പാക്കേജിൽ ഭക്ഷണം ഉൾപ്പെടുത്തിയിട്ടില്ല. രാത്രി ഒമ്പതോടെ പാലക്കാട് തിരിച്ചെത്തുന്ന രീതിയിലാണ് ക്രമീകരണം. 

മലയ്ക്കപ്പാറയിലേക്കുള്ള അടുത്ത യാത്ര ഡിസംബർ അഞ്ചിന് തീരുമാനിച്ചതായി ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ടി.എ. ഉബൈദ് അറിയിച്ചു. ബുക്ക് ചെയ്യുന്ന ആദ്യത്തെ 50 പേർക്കാണ് അവസരം. സംസ്ഥാനത്തിൻ്റെ ഏത് ഭാഗത്ത് നിന്നുള്ളവർക്കും ടൂർ പാക്കേജിൽ പങ്കാളികളാകാം.9495450394, 9947086128, 9249593579 എന്നീ നമ്പറുകളിൽ ബുക്ക് ചെയ്യാം. 

പാലക്കാട് - നെല്ലിയാമ്പതി ടൂർ പാക്കേജ് പ്രകാരം ഇതുവരെ അഞ്ച് ദിവസങ്ങളിലായി 16 ബസുകളിൽ 574 പേർ ഉല്ലാസയാത്രയിൽ പങ്കാളികളായി. നെല്ലിയാമ്പതി ഉല്ലാസയാത്രയ്ക്കുള്ള അടുത്ത ബുക്കിംഗ് തുടരുകയാണെന്നും അട്ടപ്പാടിയിലേക്കും സംസ്ഥാനാന്തര യാത്രയ്ക്ക് അനുമതി ലഭിച്ചാൽ പറമ്പിക്കുളം മേഖലയിലേക്കും ഇത്തരത്തിൽ ടൂർ പാക്കേജുകൾ സംഘടിപ്പിക്കുമെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു.
 

date