Skip to main content

വീഴ്ചയില്‍ മുട്ടുചിരട്ട പൊട്ടി കിടപ്പിലായ അന്ധ വയോധികയെ ആശുപത്രിയിലെത്തിച്ച് അഗ്നിരക്ഷാ സേന.

 മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ സാമൂഹ്യ വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

 രണ്ടാഴ്ച മുമ്പുണ്ടായ വീഴ്ചയില്‍  കാലിന്റെ മുട്ട് ചിരട്ടപൊട്ടി കിടപ്പിലായ അന്ധ വയോധികയെ തൊടുപുഴ അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തിച്ചു.  മനുഷ്യാവകാശ കമ്മീഷന്റെയും ജില്ലാ സാമൂഹ്യ വകുപ്പിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് നടപടി.
കരിങ്കുന്നം തണ്ണീറ്റംപാറ കോളനിയില്‍ താമസിക്കുന്ന പ്രസന്ന രാമന്‍കുട്ടി (60) യുടെ ദുരിതത്തിനാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനത്തോടെ അറുതിയായത്. രണ്ടാഴ്ച്ച മുമ്പ് വീടിന് പുറത്തേക്കിറങ്ങവെയാണ് സമീപത്തെ കല്ലില്‍ തട്ടി പ്രസന്ന മുറ്റത്ത് വീണത്. ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഏറെ സമയം എഴുന്നേല്‍ക്കാനാവാതെ മുറ്റത്ത് തന്നെ കിടന്നു. മുട്ടിന് സാരമായി പരിക്കേറ്റ ഇവരെ പിന്നീട് നാട്ടുകാരെത്തിയാണ് വീടിനകത്തേക്ക് എടുത്ത് കിടത്തിയത്. വീടിന് സമീപത്തേക്ക് വഴിയില്ലാത്തതിനാല്‍ ആശുപത്രിയില്‍ എത്തിക്കാനായില്ല. വീടിനടുത്തുള്ള നാട്ടുവൈദ്യന്‍ പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയില്ല. രണ്ടാഴ്ചക്ക് ശേഷം സംഭവത്തെക്കുറിച്ച് വിവരം ലഭിച്ച മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെത്തു.

ഇടുക്കി ജില്ലാ സാമൂഹിക നീതി ഓഫീസറോട് പ്രസന്നയുടെ വീട് സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ മനസിലാക്കി  അവരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നേടുന്നതിനുള്ള  സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ വി.ജെ. ബിനോയി, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ജി. ഗോപകുമാര്‍, അനുപമ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രസന്നയുടെ വീട്ടിലെത്തി. ജില്ലാ സാമൂഹിക നീതി ഓഫീസ് വഴി ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്ന പരിരക്ഷ പദ്ധതി പ്രകാരം ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രസന്നക്ക് സഹായം നല്‍കുന്നതിന് നടപടിയെടുത്തു.
എന്നാല്‍ ഇവരെ പാറ മുകളിലുള്ള വീട്ടില്‍ നിന്നും പുറത്തെത്തിക്കുക പ്രായോഗിക ബുദ്ധിമുട്ടായി. ഇതറിഞ്ഞ് ഫയര്‍ ആന്‍ഡ് സേഫിറ്റി ഓഫീസര്‍മാരായ രഞ്ജി കൃഷ്ണന്‍, നിധീഷ് കുമാര്‍, ഡ്രൈവര്‍ സുനില്‍ എം കേശവന്‍ എന്നിവരുടെ നേതൃത്വത്തില്‍ തൊടുപുഴ അഗ്നി രക്ഷാ സേനാ അധികൃതര്‍ സ്ഥലത്തെത്തി പ്രസന്നയെ സ്ട്രെച്ചറില്‍ കിടത്തി റോഡിലേക്ക് ഇറക്കിയ ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

date