Skip to main content

കണ്ണൂർ അറിയിപ്പുകൾ O6 - 12 - 2021

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍

പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അപേക്ഷിക്കാം

 

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് അവസരം. ജേര്‍ണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും പി ജി ഡിപ്ലോമ എന്നിവയില്‍ ഏതെങ്കിലും നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്‌സ് കഴിഞ്ഞവരായിരിക്കണം. അപേക്ഷകര്‍ സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരായിരിക്കണം. പ്രതിമാസം 7000 രൂപയാണ് സ്‌റ്റൈപ്പന്റ്. അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

 

യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കലക്ടറേറ്റ്, കണ്ണൂര്‍ എന്ന വിലാസത്തിലോ kannurdio@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2021 ഡിസംബര്‍ 13ന് വൈകിട്ട് അഞ്ച് മണി വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റ് കാരണത്താലോ അപ്രന്റിസ്ഷിപ്പ് ഇടക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാകുകയോ ചെയ്താല്‍ അവരെ മുന്നറിയിപ്പില്ലാതെ അപ്രന്റിസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്.  

തെരഞ്ഞെടുപ്പിലും മറ്റ് കാര്യങ്ങളിലും അന്തിമതീരുമാനം വകുപ്പ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0497 2700231 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

ഉപന്യാസ മത്സരം; സമ്മാനദാനം 11ന്

 

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 11ന് നടക്കും. 10.30ന് കലക്ടറേറ്റ് പി ആര്‍ ഡി ചേംബറില്‍ നടക്കുന്ന ചടങ്ങില്‍ ഡിഐജി കെ സേതുരാമന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. 'മനുഷ്യന്‍, മതം, ദൈവം: ഗാന്ധിജിയുടെ കാഴ്ച്ചപ്പാടില്‍' എന്ന വിഷയത്തില്‍ യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളായി ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിച്ചത്.

യു പി വിഭാഗത്തില്‍ പി വി അദ്വിനി (സിപിഎന്‍എസ് ജിഎച്ച്എസ്എസ് മാതമംഗലം) ഫാദി മുഹമ്മദ് (മുണ്ടേരി സെന്‍ട്രല്‍ യു പി സ്‌കൂള്‍) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. എസ് ഡി അഭയ്കൃഷ്ണ (അന്നൂര്‍ യു പി സകൂള്‍) രണ്ടാം സ്ഥാനവും ദേവാര്‍ച്ചന എസ് രാജേഷ് (നടുവില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍), എം അവര്‍ണ്യ (സെന്റ് ജോണ്‍ ബാപ്ടിസ്റ്റ് ഇ എം എച്ച് എസ് എസ് കടത്തുംകടവ്) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി വി അങ്കിത്കൃഷ്ണ (സിപിഎന്‍എസ് ജിഎച്ച്എസ്എസ് മാതമംഗലം) ഒന്നാം സ്ഥാനം നേടി. അഞ്ജന അനില്‍ (സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂര്‍), നിലൊഫര്‍ മരിയാ ജിജോ (സി എം ഐ ക്രൈസ്റ്റ് സ്‌കൂള്‍ ഇരിട്ടി) എന്നിവര്‍ രണ്ടാം സ്ഥാനവും ശിവന്യ പവിത്രന്‍ (രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൊകേരി), ശിവനന്ദന പ്രദീപ് (ചിന്മയ വിദ്യാലയ ചാല) എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.

 

പെര്‍മിറ്റ്, ടൈംഷീറ്റ് വിവരങ്ങള്‍ നല്‍കണം

 

സംസ്ഥാനത്തെ മുഴുവന്‍ ബസുകളുടെയും റൂട്ട് സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലൈസേഷന്‍ ചെയ്യുന്നതിനായി ഇതുവരെ പെര്‍മിറ്റ്, ടൈംഷീറ്റ് വിവരങ്ങള്‍ ആര്‍ ടി ഓഫീസില്‍ നല്‍കാന്‍ ബാക്കിയുള്ള പെര്‍മിറ്റ് ഹോള്‍ഡേഴ്‌സ് രേഖകള്‍ സമര്‍പ്പിക്കണമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് അസ്സല്‍ പെര്‍മിറ്റ്, ടൈംഷീറ്റ് എന്നിവയും ഫോട്ടോകോപ്പിയും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുമ്പാകെ ഹാജരാക്കണം.

 

പുസ്തകോത്സവം സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം  

 

ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകോത്സവം സംഘാടകസമിതി ഓഫീസ് കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ വിജയന്‍, ലൈബ്രറി കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍, എ കെ രമേഷ്‌കുമാര്‍, എം കെ മനോഹരന്‍, എ വി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

വാക്സിനേഷന്‍ സെഷന്‍ മാറ്റി

 

ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴില്‍ ഡിസംബര്‍ ഏഴ് ചൊവ്വാഴ്ച നടത്താനിരുന്ന കൊവിഡ് വാക്സിനേഷന്‍ സെഷനുകള്‍ ഡിസംബര്‍ ഒമ്പത് വ്യാഴാഴ്ചയിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു.

 

 

കോളേജ് മാഗസിനുകള്‍ക്കുളള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി; എന്‍ട്രികള്‍ അയക്കാം

 

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ മികച്ച മാഗസിനുകള്‍ക്കുളള അവാര്‍ഡിന് കേരള മീഡിയ അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനം 25,000 രൂപയും ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും. രണ്ടും മൂന്നും സമ്മാനം യഥാക്രമം 15,000, 10,000 രൂപയും ട്രോഫിയുമാണ്. ആര്‍ട്സ്, സയന്‍സ് കോളേജുകള്‍, മെഡിക്കല്‍, എന്‍ജിനീയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ഉള്‍പ്പെടെയുളള എല്ലാ കോളേജുകള്‍ക്കും പങ്കെടുക്കാം. ഇ-മാഗസിനുകളും പരിഗണിക്കും. മീഡിയ അക്കാദമി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചു നടപ്പാക്കുന്ന മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമായാണ് മികച്ച കോളേജ് മാഗസിനുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നത്.

 

2019-20, 2020-21 വര്‍ഷങ്ങളിലെ മാഗസിനുകള്‍ മത്സരത്തിനായി എത്തിക്കാം. മാഗസിനുകളുടെ മൂന്ന് കോപ്പികളും പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രവും എഡിറ്ററുടെ വിലാസവും മൊബൈല്‍ നമ്പരും ഇ-മെയിലും ഉള്‍പ്പെട്ട കുറിപ്പും അടങ്ങിയ അപേക്ഷ 2021 ഡിസംബര്‍ 25നകം സെക്രട്ടറി കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി -682030 എന്ന വിലാസത്തില്‍ ലഭിക്കണം. ഈ-മാഗസിനുകള്‍ ലിങ്ക് കൂടി അയയ്ക്കണം. അയയ്ക്കേണ്ട വിലാസം-kmaentry21@gmail.com

 

പ്രകൃതി പഠനക്യാമ്പിന് അപേക്ഷ ക്ഷണിച്ചു

 

വനം വകുപ്പിന്റെ കോഴിക്കോട് ഉത്തരമേഖല സാമൂഹ്യവനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം സംഘടിപ്പിക്കുന്ന ഏകദിന പ്രകൃതി പഠന ക്യാമ്പിന് അപേക്ഷ ക്ഷണിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രകൃതി പഠനകേന്ദ്രങ്ങളില്‍ നടത്തുന്ന ക്യാമ്പില്‍ സര്‍ക്കാര്‍ അംഗീകൃത കോളേജുകള്‍/പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അപേക്ഷിക്കാം. വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ പരമാവധി 40 പേര്‍ അടങ്ങുന്ന പഠനസംഘങ്ങള്‍ക്കാണ് ക്യാമ്പ് അനുവദിക്കുക. ക്യാമ്പിലേക്കും തിരിച്ചും ഉള്ള യാത്രാ ചെലവ് സ്വയം വഹിക്കണം. പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം പ്രകൃതി പഠനകേന്ദ്രങ്ങളില്‍ ലഭിക്കും. വിദ്യാര്‍ഥികളായ പഠനാംഗങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

സര്‍ക്കാര്‍/എയ്ഡഡ് വിദ്യാലയങ്ങള്‍ മുതലായ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. നിര്‍ദിഷ്ട ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ഡിവിഷന്‍, വനശ്രീ മാത്തോട്ടം, അരക്കിണര്‍ പി ഒ, കോഴിക്കോട് 673028 എന്ന വിലാസത്തില്‍ ഡിസംബര്‍ 15നകം ലഭിക്കണം. ഇതിനായി തയ്യാറാക്കിയ അപേക്ഷ ഫോറത്തിന്റെ മാതൃകയ്ക്കും നിബന്ധനകള്‍ക്കുമായി 8592946408, 8547603871 എന്നീ നമ്പറുകളില്‍ ഇ മെയില്‍ ഐ ഡി അയക്കേണ്ടതാണ്.

സപ്ലിമെന്ററി പരീക്ഷ; അപേക്ഷ ക്ഷണിച്ചു

കയ്യൂര്‍ ഗവ ഐ ടി ഐയില്‍ ജൂലൈ മാസം നടന്ന എസ്‌സിവിടി ട്രേഡ് ടെസ്റ്റില്‍ സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പരീക്ഷയെഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 10 വൈകിട്ട് നാല് മണിക്കണം അപേക്ഷ സമര്‍പ്പിക്കണം ഫോണ്‍ : 0467 2230980.

മരം ലേലം

കണ്ണൂര്‍ കൃഷ്ണ മേനോന്‍ മെമ്മോറിയല്‍ വനിതാ കോളജില്‍ മുറിച്ചിട്ട മരങ്ങളുടെ ലേലം ഡിസംബര്‍ 18ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസ് പരിസരത്ത് നടക്കും. ഫോണ്‍:0497 2746175.

ലേലം

ജില്ലാ സ്‌റ്റേഷനറി ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പഴയതും ഉപയോഗശൂന്യവുമായ സ്‌റ്റേഷനറി സാധനങ്ങള്‍ ഡിസംബര്‍ 16ന് വൈകിട്ട് മൂന്നിന് ലേലം ചെയ്യും. ഫോണ്‍: 0497 2712126.

 

സര്‍ക്കാര്‍ കലണ്ടര്‍ വില്‍പ്പനക്ക്

 

2022 ലെ സര്‍ക്കാര്‍ കലണ്ടര്‍ ജില്ലാ ഫോറം ഓഫീസില്‍ വില്‍പനയ്ക്ക് ലഭിക്കും. കോപ്പി ഒന്നിന് 30 രൂപയാണ് വില.

 

date