Skip to main content

സ്‌കോള്‍ കേരള : പ്ലസ് വണ്‍ അപേക്ഷ ക്ഷണിച്ചു

സ്‌കോള്‍ കേരള മുഖേനയുള്ള ഹയര്‍സെക്കണ്ടറി കോഴ്‌സുകളില്‍ (2018-20 ബാച്ച്) ഓപ്പണ്‍ റഗുലര്‍, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗങ്ങളില്‍ ഒന്നാംവര്‍ഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എല്‍.സി/തത്തുല്യ യോഗ്യതയുള്ളവര്‍ 27 മുതല്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം.  പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധിയില്ല.
    ഓപ്പണ്‍ റഗുലര്‍ വിഭാഗത്തില്‍ സയന്‍സ് ഉള്‍പ്പെടെ പ്രാക്ടിക്കല്‍ ഉള്ള വിഷയങ്ങളില്‍  തെരഞ്ഞെടുത്ത കോമ്പിനേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യാം.  സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുകളാണ് പഠന കേന്ദ്രങ്ങള്‍. സ്വയം പഠനസഹായികളും ലാബ് സൗകര്യവും, പൊതു അവധി ദിവസങ്ങളില്‍ സമ്പര്‍ക്ക ക്ലാസ്സും ഈ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാണ്.
    ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് വിഭാഗത്തില്‍  തെരഞ്ഞെടുത്ത കോമ്പിനേഷനുകളില്‍ പ്രാക്ടിക്കല്‍ ഇല്ലാത്ത വിഷയങ്ങളില്‍ മാത്രമാണ് പ്രൈവറ്റ് രജിസ്‌ട്രേഷന്‍ സൗകര്യമുള്ളത്.
    ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയോടൊപ്പം ജനറേറ്റ് ചെയ്യുന്ന ബാര്‍കോഡ്, ചെലാന്‍ നമ്പര്‍ സഹിതമുള്ള ചെലാന്‍ ഉപയോഗിച്ച് സംസ്ഥാനത്തെ ഏത് പോസ്റ്റാഫീസിലും ഫീസ് അടയ്ക്കാം.  പിഴ കൂടാതെ ജൂലായ് 31 വരെയും 60 രൂപ പിഴയോടെ ആഗസ്റ്റ് 10 വരെയും ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം.  നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതം അതത് ജില്ലാ കേന്ദ്രങ്ങളില്‍ നേരിട്ടോ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ നേരിട്ടും സ്പീഡ്/രജിസ്‌ട്രേഡ് തപാല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.  ഫീസ് വിവരങ്ങളും രജിസ്‌ട്രേഷനുള്ള മാര്‍ഗ്ഗരേഖയും, പ്രോസ്‌പെക്ടസും സ്‌കോള്‍-കേരളയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.  വിശദ വിവരങ്ങള്‍ക്ക് 0471-2342950, 2342271, 2342369.
പി.എന്‍.എക്‌സ്.2581/18

date