Skip to main content

മലമ്പനി മുക്തമാവാനൊരുങ്ങി എറണാകുളം; പ്രഖ്യാപനം മാര്‍ച്ച് അവസാനത്തോടെ

 

    മാര്‍ച്ച് അവസാനത്തോടു കൂടി എറണാകുളം ജില്ലയെ മലമ്പനിമുക്ത ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്  ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ലോകാരോഗ്യ സംഘടനയുടെ ആഹ്വാന പ്രകാരം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ സംയുക്ത മലമ്പനി നിവാരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടത്തി വരികയാണ്. സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ എറണാകുളം ജില്ലയ്ക്ക് പുറമെ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ലകളിലാണ് മലമ്പനി നിവാരണം നടത്താന്‍ ലക്ഷ്യമിടുന്നത്. 

    കഴിഞ്ഞ ആഞ്ചു വര്‍ഷത്തിനിടെ ജില്ലയില്‍ തദ്ദേശീയമായി ഒരു മലമ്പനി കേസുകള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജില്ലയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ റിപ്പോര്‍ച്ച് ചെയ്ത 727 മലമ്പനി കേസുകളും ഇതര സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തിയവരിലോ, അതിഥി തൊഴിലാളികളിലോ ആണ് കണ്ടെത്തിയിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരില്‍ നിന്ന് കൂടുതല്‍ ആളുകളിലേക്ക് മലമ്പനി പകരാതിരുന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കൃത്യമായ ഇടപെടലിന്റെ ഫലമായാണ്.

    ജില്ലയെ മലമ്പനി മുക്തമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി പഞ്ചായത്ത് തലങ്ങളിലും വാര്‍ഡ്തലങ്ങളിലും പ്രത്യേക പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വാര്‍ഡ്തലത്തില്‍ സ്‌ക്രീനിങ്ങ് ക്യാമ്പുകള്‍, അതിഥി തൊഴിലാളികള്‍ക്കിടയില്‍ പനി സര്‍വേ, എന്നിവ നടത്തി മലമ്പനി ഇല്ലായെന്ന് ഉറപ്പു വരുത്തി തദ്ദേശീയ തലത്തില്‍ മലമ്പനി മുക്ത പ്രഖ്യാപനങ്ങള്‍ നടത്തി വരുന്നു. നിലവില്‍ 78 പഞ്ചായത്തുകളിലും 10 മുനിസിപ്പാലിറ്റികളിലും മലമ്പനി മുക്ത പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മറ്റു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സ്‌ക്രീനിങ്ങ് ക്യാംപുകളും പനി സര്‍വ്വേയും പൂര്‍ത്തിയാക്കിയ ശേഷം മലമ്പനി മുക്തമയതിന്റൈ പ്രഖ്യാപനം നിര്‍വ്വഹിക്കും. അതിനു ശേഷമായിരിക്കും ജില്ലാ തല പ്രഖ്യാപനം.
 

date