ഭിന്നശേഷിക്കാരുടെ സംരക്ഷണത്തിന് പ്രാധാന്യം നല്കി മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്
മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്സിനേഷന് ലഭ്യമാക്കിയ കേരളത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യമേഖലയിലെന്ന പോലെ തന്നെ കാര്‍ഷിക മേഖലയിലും കരുതല്‍ നല്‍കിയാണ് ബ്ലോക്കിന്റെ പ്രവര്‍ത്തനം. മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ: ജോസ് അഗസ്റ്റിന് സംസാരിക്കുന്നു.
ഒരു വര്‍ഷത്തെ ഭരണ മികവിനെപറ്റി
ആരോഗ്യമേഖലയിലെ വേറിട്ട സേവനം
2021- 22 സാമ്പത്തിക വര്‍ഷത്തില്‍ ഉത്പാദന, സേവന, പശ്ചാത്തല മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു. അതില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഭിന്നശേഷിക്കാര്‍ക്കും അനാഥര്‍ക്കും കിടപ്പുരോഗികള്‍ക്കും അവരുടെ വീടുകളിലെത്തി വാക്സിനേഷന് നല്‍കിയത്. പദ്ധതി നടപ്പിലാക്കിയ ആദ്യ ബ്ലോക്ക് പഞ്ചായത്ത് എന്ന നിലയില്‍ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അവാര്‍ഡ് നല്കി ആദരിച്ചു. ഭിന്നശേഷി വിഭാഗക്കാര്‍ക്കുവേണ്ടി ബോധവത്ക്കരണ ക്യാമ്പ് നടത്തുകയും ഒരു ലക്ഷം രൂപ ചികിത്സാ സഹായം ലഭിക്കുന്ന പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതിയായ 'നിരാമയ്'ല്‍ അംഗത്വം എടുപ്പിക്കുകയും ചെയ്തു. കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും കൃത്യമായി വിതരണം ചെയ്തുവരുന്നു.
പണ്ടപ്പിള്ളി സാമൂഹികാരോഗ്യകേന്ദത്തിന് ഇത്തവണയും നാഷണല്‍ ക്വാളിറ്റി അഷുറന്‍സിന്റെ 92% മാര്‍ക്ക് ദേശീയതലത്തില്‍ കിട്ടിയത് വലിയ അംഗീകാരമായി കണക്കാക്കുന്നു. ജില്ലയില്‍ എറണാകുളം ജനറല്‍ ആശുപത്രിക്കു മാത്രമാണ് മൂവാറ്റുപുഴയെ കൂടാതെ ഈ അംഗീകാരം നേടാന്‍ സാധിച്ചിട്ടുള്ളത്. കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പ് ഒരു വര്‍ഷമായി മൂവാറ്റുപുഴ ബ്ലോക്കില്‍ നടത്തിവരുന്നു. പങ്കെടുത്ത നൂറോളം പേരില്‍, ചെറിയ വിഭാഗത്തിന് രോഗനിര്‍ണ്ണയം നടത്തി അവര്‍ക്കുള്ള തുടര്‍ചികിത്സ നിര്‍ദേശിക്കാനായി. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട് പഞ്ചായത്തുകളും മലേറിയ വിമുക്തമാണെന്ന് ഉറപ്പുവരുത്തി.
പശ്ചാത്തല മേഖലയിലെ പ്രവര്‍ത്തനം
പി.എം.എ.വൈ, ലൈഫ് പദ്ധതികളിലൂടെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്കുള്ള ഗൃഹനിര്‍മാണ പദ്ധതികള്‍ എട്ട് പഞ്ചായത്തുകളിലും സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് പൂര്‍ത്തിയാക്കി. അതിദാരിദ്ര സര്‍വേയും മുഴുവന്‍ പഞ്ചായത്തുകളിലും തയ്യാറാക്കി. സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന വിഹിതത്തിന്റെ 50 ശതമാനത്തോളം ഒരു വര്‍ഷത്തിനുള്ളില്‍ ചെലവാക്കാനായി. 3.5 ലക്ഷം തൊഴില്‍ ദിനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പുവരുത്തി. ആയിരം കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ നല്‍കാനായി. ഒന്നരക്കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്. ഇ-ശ്രം കാര്‍ഡ് 19 നും 51 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്തു.
കാര്‍ഷിക മേഖലയിലൂടെ
കൃഷിഭവനുമായി സഹകരിച്ച് എല്ലാ നെല്‍കര്‍ഷകര്‍ക്കും സബ്സിഡി ലഭ്യമാക്കി. ക്ഷീരകര്‍ഷകര്‍ക്കുള്ള കാലിത്തീറ്റ സബ്സിഡിയും ബ്ലോക്ക് പഞ്ചായത്ത് ഉറപ്പുവരുത്തിയിട്ടുണ്ട്. മത്സ്യകൃഷിക്കായും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്.
- Log in to post comments