Skip to main content
കടവന്ത്ര  നഗര കുടുംബാരോഗ്യകേന്ദ്രം

കടവന്ത്ര നഗര കുടുംബാരോഗ്യ  കേന്ദ്രത്തിന് ദേശീയ അംഗീകാരം

 

    കടവന്ത്ര നഗരകുടുംബാരോഗ്യകേന്ദ്രത്തിന് ദേശീയ അംഗീകാരം ലഭിച്ചു. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്സ്(എന്‍.ക്യു.എ.എസ്) അംഗീകാരമാണു ലഭിച്ചത്.  

    രോഗികള്‍ക്കുള്ള സേവനങ്ങള്‍, മരുന്നുകളുടെ ലഭ്യതയും വിതരണവും, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍, ഇമ്മ്യുണൈസേഷന്‍, കുടുംബാസൂത്രണം, ജീവിതശൈലീ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ലബോറട്ടറി തുടങ്ങി 12  വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനു പരിഗണിക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങളെയാണ് ഈ അംഗീകാരത്തിനു പരിഗണിക്കുന്നത്.

    ജില്ലാതലത്തിലും സംസ്ഥാനതലത്തിലും നടക്കുന്ന പരിശോധനകള്‍ക്ക് ശേഷം ദേശീയതലത്തിലുള്ള സംഘത്തിന്റെ പരിശോധനയുടെ അടിസ്ഥാനത്തിലാണ് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ്സിന് തെരഞ്ഞെടുക്കുന്നത്. 

    മാര്‍ച്ച് 30, 31 തീയതികളിലാണ് കേന്ദ്രസംഘത്തിന്റെ മൂല്യനിര്‍ണയം നടന്നത്. 89.2 ശതമാനം മാര്‍ക്ക് നേടിയാണ് കടവന്ത്ര നഗരകുടുംബാരോഗ്യകേന്ദ്രം എന്‍ ക്യു എ എസ് കരസ്ഥമാക്കിയത്. കൊച്ചി കോര്‍പ്പറേഷന്റെ സഹകരണത്തോടെ ദേശീയ നഗരാരോഗ്യദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യസ്ഥാപനമാണ് കടവന്ത്ര നഗരകുടുംബാരോഗ്യകേന്ദ്രം. കൊച്ചി കോര്‍പ്പറേഷനില്‍ എന്‍ക്യുഎഎസ് ലഭിക്കുന്ന മൂന്നാമത്തെ ആശുപത്രിയാണിത്. തമ്മനം, മൂലംകുഴി നഗരകുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. 

    ഇവയ്ക്ക് പുറമെ കളമശേരി നഗരകുടുംബാരോഗ്യകേന്ദ്രം (കളമശേരി നഗരസഭ), തൃപ്പൂണിത്തുറ നഗരകുടുംബാരോഗ്യകേന്ദ്രം (തൃപ്പൂണിത്തുറ നഗരസഭ), തൃക്കാക്കര നഗരകുടുംബാരോഗ്യകേന്ദ്രം (തൃക്കാക്കര നഗരസഭ) എന്നിവക്കും ഈ അംഗീകാരം ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ 15 നഗരകുടുംബാരോഗ്യകേന്ദ്രങ്ങളാണുള്ളത്. ഇതില്‍ 12 എണ്ണം കൊച്ചി കോര്‍പ്പറേഷനിലാണ്.

date