Skip to main content

കാലവർഷത്തിനുമുമ്പ് അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കും: ജില്ലാ വികസന സമിതി

 

പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, തുടങ്ങി വിവിധ വകുപ്പുകൾ നടത്തികൊണ്ടിരിക്കുന്ന അടിസ്ഥാനസൗകര്യ വികസന പ്രവർത്തികൾ കാലവർഷത്തിനു മുമ്പായി പൂർത്തിയാക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ഇതിനു വേണ്ട നടപടികൾ വേഗത്തിലാക്കാൻ  ജില്ലാ കളക്ടർ ജാഫർ മാലിക് യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓപ്പറേഷൻ വാഹിനിയുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും, പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് പദ്ധതി ഫണ്ട്‌ , തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് എന്നിവ ഉപയോഗിച്ച് ചെയ്യാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ മെയ് 20 നു മുൻപായി പൂർത്തിയാക്കാനും കളക്ടർ ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

 വൈപ്പിൻ നിയോജക മണ്ഡലത്തിലെ കടലാക്രമണം രൂക്ഷമായ പ്രദേശങ്ങളിൽ കടൽ ഭിത്തി നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കെ. എൻ ഉണ്ണികൃഷ്ണൻ എംഎൽഎ യോഗത്തിൽ ആവശ്യപ്പെട്ടു.വൈപ്പിൻ -മുനമ്പം പാരലൽ റോഡിന്റെ പ്രവർത്തികൾ വേഗത്തിലാക്കണമെന്നും, വൈപ്പിൻ കാളമുക്ക് ഫിഷ് ലാന്റിങ്ങ് സെന്ററിലേക്കുള്ള വഴിയുടെ സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്നും, ഹഡ്കോ പദ്ധതിപ്രകാരം വൈപ്പിൻകരയിൽ കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യം ഉന്നയിച്ചു.

നഗരത്തിൽ കെഎസ്ആർടിസി ബസ് സ്‌റ്റാന്റ്, സൗത്ത് റെയിൽവേ സ്റ്റേഷൻ, രാജാജി റോഡ് തുടങ്ങിയ ഇടങ്ങളിൽ രാത്രി കാലങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം കൂടുന്ന സാഹചര്യത്തിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ടി.ജെ വിനോദ് എംഎൽഎ ആവശ്യപ്പെട്ടു.ചേരാനല്ലൂർ- ചൗക്ക പാലം, കുറുങ്കോട്ട - വടുതല പാലം എന്നിവയുടെ നിർമാണം ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.ഓപ്പറേഷൻ ബ്രേക്ക്‌ ത്രൂ വിന്റെ ഭാഗമായി മുല്ലശ്ശേരി കനാലിലെ പ്രവർത്തനം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്നും എം എൽ എ അറിയിച്ചു. പൈപ്പ് മാറ്റി സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും എംഎൽഎ നിർദ്ദേശിച്ചു. വല്ലാർപാടം റെയിൽവേ പാലം നിർമ്മാണത്തിനോടനുബന്ധിച്ച് അടിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള തടസ്സങ്ങൾ മാറ്റി, ഉടനടി മാലിന്യം നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

 കുന്നത്തുനാട് മണ്ഡലത്തിൽ വീടുവയ്ക്കാൻ എന്ന വ്യാജേന മണ്ണെടുപ്പ് വ്യാപകമാണെന്ന പരാതി പി.വി.ശ്രീനിജിൻ എം എൽ എ യോഗത്തിൽ ഉന്നയിച്ചു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സമർപ്പിക്കുന്ന അപേക്ഷകളുടെ സത്യസന്ധത പരിശോധിക്കുകയും അനുമതി നൽകുന്ന സ്ഥലത്തുനിന്നും മാത്രമേ മണ്ണ് എടുക്കുന്നുള്ളുവെന്ന് തുടർ പരിശോധനയിലൂടെ ഉറപ്പാക്കണമെന്നും പി. വി ശ്രീനിജിൻ എംഎൽഎ ആവശ്യപ്പെട്ടു. മണ്ഡലത്തിൽ മുൻപുണ്ടായിരുന്ന കെ.എസ്.ആർ.ടിസി  ബസ് റൂട്ടുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും,എൻ. എച്ച്. എ. ഐയുടെ റോഡിന്റെ കാനകൾ വൃത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു. മണ്ഡലത്തിലെ ചില പഞ്ചായത്തുകളിൽ സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് സ്വകാര്യവ്യക്തി പണം സ്വരൂപിക്കുന്നതായി പരാതിയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും അടിയന്തരമായി നടപടികൾ സ്വീകരിക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു.

 മൂവാറ്റുപുഴ- കൂത്താട്ടുകുളം റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും കൂടാതെ മുറിക്കൽ ബൈപ്പാസ്, മൂവാറ്റുപുഴ ടൗൺ വികസനം എന്നീ പ്രവർത്തനങ്ങളുടെ മേൽനോട്ടത്തിനായി ഒരു എൽ. എ തഹസിൽദാരെയും ആവശ്യമായ  സർവ്വെയർമാരെയും മൂവാറ്റുപുഴയിൽ  ഓഫീസ് സ്ഥാപിച്ച് ജീവനക്കാരെ നിയമിക്കണമെന്ന് മാത്യു കുഴൽനാടൻ എം. എൽ. എ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ- എറണാകുളം, മൂവാറ്റുപുഴ -വണ്ണപ്പുറം- ചേലച്ചുവട്, മൂവാറ്റുപുഴ -പൈങ്ങോട്ടൂർ- മണിപ്പാറ, മൂവാറ്റുപുഴ -വണ്ണപ്പുറം- മുളപ്പുറം, മൂവാറ്റുപുഴ -കോലഞ്ചേരി- എറണാകുളം, മൂവാറ്റുപുഴ -കാക്കനാട്- കലൂർ, കോട്ടയം- സേനാപതി തുടങ്ങിയ ബസ് സർവീസുകൾ മൂവാറ്റുപുഴ കെ. എസ്. ആർ. ടി. സി ഡിപ്പോയിൽ നിന്നും പുനരാരംഭിക്കണമെന്നും എംഎൽഎ പറഞ്ഞു.

ജില്ലാ വികസന കമ്മീഷണർ എ. ഷിബു,ജില്ലാ പ്ലാനിംഗ് ഓഫീസർ അനിത ഏലിയാസ്,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

date