Skip to main content
 എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സ്ത്രീ പങ്കാളിത്തം

ജനം ഏറ്റെടുത്ത് എന്റെ കേരളം; സ്ത്രീ പങ്കാളിത്തം ശ്രദ്ധേയം

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേള ഏറ്റെടുത്ത് പത്തനംതിട്ട നിവാസികള്‍. ജില്ലാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മേള പകുതി ദിനങ്ങള്‍ പിന്നിട്ടപ്പോള്‍തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായിക്കഴിഞ്ഞു. ഇതില്‍ തന്നെ സ്ത്രീകളുടെ പങ്കാളിത്തമാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ജില്ല ഇതുവരെ കണ്ടതില്‍നിന്നും വ്യത്യസ്തമായ പ്രദര്‍ശന വിപണന മേളയാണ് ഇവിടെ അണിഞ്ഞൊരുങ്ങിയിരിക്കുന്നത്. വിപണനത്തിനൊപ്പം കൗതുകവും വിജ്ഞാനവും യഥേഷ്ടമൊരുക്കിയിരിക്കുന്നുവെന്നതാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന മേളയെ ആകര്‍ഷകമാക്കുന്നത്.

 

രാവിലെ 11 മണികഴിയുന്നതോടെ മേള കാണുന്നതിനായി ജനങ്ങള്‍ കൂട്ടത്തോടെ എത്തുകയാണ്. സ്ത്രീകളാകട്ടെ വലിയ കൂട്ടമായാണ് എത്തുന്നത്. വൈകിട്ട് അഞ്ച് കഴിയുമ്പോള്‍ പിന്നെ കുടുംബമൊന്നിച്ച് എത്തുന്നവരുടെ തിരക്കായി. കുഞ്ഞുകുട്ടികള്‍ മുതല്‍ പ്രായമേറിയവര്‍വരെ ഇക്കൂട്ടത്തിലുണ്ടാവും. യഥേഷ്ടം സമയമെടുത്ത്, പ്രദര്‍ശന നഗരി ചുറ്റിക്കണ്ട്, ഫുഡ് സ്റ്റാളിലും കയറി, ശേഷം കലാപരിപാടികളും ആസ്വദിച്ചശേഷമാണ് ഈ കുടുംബങ്ങള്‍ മടങ്ങുന്നത്.

 

ടൂറിസം വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, കിഫ്ബി എന്നീ സ്റ്റാളുകളാകട്ടെ സെല്‍ഫി പോയിന്റുകളായിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടംകൂട്ടമായും സെല്‍ഫിയെടുക്കുന്നതിന് ഇവിടെ എപ്പോഴും തിരക്കുതന്നെ. തുടര്‍ന്ന് വിര്‍ച്വല്‍ റിയാലിറ്റി അനുഭവിച്ചറിയാനുള്ള ക്യൂ. എത്രസമയം വേണ്ടിവന്നാലും ഇത് ആസ്വദിച്ചേ മുന്നോട്ടുനീങ്ങൂവെന്ന നിലപാടിലാണ് ഭൂരിഭാഗം സന്ദര്‍ശകരും. അതുകൊണ്ടുതന്നെ ഇവിടെ എപ്പോഴും നീണ്ട ക്യൂവും കാണാം.

 

തുടര്‍ന്ന് രണ്ടാം പവലിയനിലേക്ക്. വിജ്ഞാനവും സമ്മാനങ്ങളുമായി ഈ പവലിയനും സന്ദര്‍ശകരുടെ മനസ് നിയ്ക്കുന്നുണ്ട്. പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, എക്‌സൈസ്, രജിസ്‌ട്രേഷന്‍, ആരോഗ്യം, അഗ്നിരക്ഷാ വകുപ്പുകളാണ് ഇവിടെ സന്ദര്‍ശകര്‍ക്കായി വിജ്ഞാനവും സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നത്.

 

സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ക്കായി പ്രദര്‍ശന മേള സന്ദര്‍ശിക്കുന്നവരുടെ എണ്ണവും ഏറെക്കൂടുതലാണ്. ആധാര്‍ മുതല്‍ റേഷന്‍കാര്‍ഡുകള്‍ വരെയുള്ള സേവനങ്ങള്‍ ഇവിടെ ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം ലഭിക്കാന്‍ എന്തൊക്കെ അറിയണം, മറ്റ് വകുപ്പുകളില്‍നിന്ന് നിന്നും ലഭിക്കുന്ന ധനസഹായങ്ങള്‍ എന്നിവയെല്ലാം ഇവിടെ അറിയാന്‍ കഴിയുന്നുണ്ട്. ഇതിന് അപേക്ഷകള്‍ നല്‍കുന്നതിനുള്ള സഹായവും ഉറപ്പ്. ഫീസ് നല്‍കാതെ, ആവശ്യങ്ങള്‍ ലളിതമായി പരിഹരിക്കാന്‍ കഴിയുന്നുവെന്നതാണ് സേവന കേന്ദ്രങ്ങളെ ജനപ്രിയമാക്കുന്നത്.

 

കുടുംബശ്രീയുടെ സ്റ്റാളുകളില്‍ മികച്ച കച്ചവടമാണ് നടക്കുന്നത്. ഭക്ഷ്യവസ്തുകള്‍ക്ക് പുറമേ കരകൗശല വസ്തുക്കള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ ഫെഡ് സ്‌റ്റോളുകളില്‍ നിയോഗയോഗ സാധനങ്ങള്‍ കമ്പോളവിലയേക്കാള്‍ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്നത് ആകര്‍ഷണീയമാണ്. സ്‌കൂള്‍ ബാഗും കുടയും അടക്കമുള്ളവ ഇവിട വാങ്ങാന്‍ ലഭിക്കുന്നുവെന്നതും ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്നു. വിവിധതരം താറാവുക്കുഞ്ഞുങ്ങളുടെ വില്പനയും തകൃതിയാണ്. കൃഷിവകുപ്പിന്റെ സസ്യത്തൈകളുടെയും വിത്തുകളുടെയും വില്പന പൊടിപൊടിക്കുന്നു. കഴിഞ്ഞ 11 ആരംഭിച്ച മേള ഇനി മൂന്ന് ദിവസംകൂടിയുണ്ട്. രാവിലെ ഒന്‍പതുമുതല്‍ ആരംഭിക്കുന്ന മേളയില്‍ പ്രവേശനം തീര്‍ത്തും സൗജന്യമാണ്.

date