Skip to main content

ജാഗ്രതാ നിര്‍ദേശം

കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കി-ആനത്തോട് റിസര്‍വോയറിന്റെ പരമാവധി ജലനിരപ്പ് 981.46 മീറ്ററാണ്. എന്നാല്‍, 2022 ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 10 വരെയുള്ള കാലയളവില്‍ റിസര്‍വോയറില്‍ സംഭരിക്കുവാന്‍ അനുവദിക്കപ്പെട്ട പരമാവധി ജലനിരപ്പ് (അപ്പര്‍ റൂള്‍ ലെവല്‍) 975.75  മീറ്റര്‍ ആണ്.

 

കക്കി-ആനത്തോട് റിസര്‍വോയറിന്റെ നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 973.75 മീറ്റര്‍, 974.75മീറ്റര്‍, 975.25 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (05.08.2022) രാവിലെ  നാലു മണിക്ക് റിസര്‍വോയറിന്റെ ജലനിരപ്പ് 973.75 മീറ്ററില്‍ എത്തിയിട്ടുള്ളതാണ്.
റിസര്‍വോയറിലെ അധികജലം സ്പില്‍വേയിലൂടെ ഒഴുക്കിവിടുന്ന നടപടിയുടെ ഭാഗമായി ഇന്ന് (05.08.2022) രാവിലെ നാലു  മണിക്ക് റിസര്‍വോയറിലെ ജലനിരപ്പ് 973.75 മീറ്ററില്‍ എത്തിചേര്‍ന്നതിനാല്‍  കെ.എസ്.ഇ.ബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചു.
ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.

 

റിസര്‍വോയറിലെ ജലനിരപ്പ് 974.75 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കു ന്നതും,  സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്കനു സൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതും, ജനപ്രതിനിധികളെ അറിയിക്കുന്നതുമാണ്.

 

ജലനിരപ്പ് 975.25  മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുന്നതും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതും, താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതുമാണ്.

date