Skip to main content
സബ് കളക്ടർ പി വിഷ്ണുരാജിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽ കുഴികൾ അടയ്ക്കുന്നത് പരിശോധിക്കാൻ എത്തിയപ്പോൾ

ദേശീയ പാതയിലെ കുഴികൾ: സബ് കളക്ടർ പരിശോധന നടത്തി

 

ദേശീയ പാതയിലെ കുഴികൾ അടയ്ക്കുന്നത്  വിലയിരുത്തുന്നതിനായി ഫോർട്ട്‌കൊച്ചി സബ് കളക്ടർ  പി.വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ദേശീയ പാത 47-ൽ  ഉൾപ്പെട്ട കറുകുറ്റി മുതൽ ആലുവ വരെയുള്ള പ്രദേശങ്ങളിലാണ് സബ് കളക്ടറുടെ നേതൃത്വത്തിൽ  പരിശോധന നടത്തിയത്.

        ദേശീയ പാതയിൽ കൂടുതൽ കുഴികളുള്ള   പ്രദേശങ്ങൾ സന്ദർശിച്ചു കുഴി രൂപപ്പെടാനുള്ള കാരണങ്ങളും സംഘം  വിലയിരുത്തി. റോഡിലെ കുഴികൾ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം, നിർമാണ രീതി തുടങ്ങിയവ   പരിശോധിച്ച ശേഷം വിശദമായ റിപ്പോർട്ട്‌ ജില്ലാ കളക്ടർക്ക് സമർപ്പിച്ചു.

     നെടുമ്പാശേരിയിൽ  ദേശീയ പാതയിലെ കുഴിയിൽ വീണ് ഇരു ചക്ര വാഹന യാത്രികൻ  മരിച്ച സ്ഥലവും സംഘം സന്ദർശിച്ചു.

      ദേശീയ പാത അറ്റകുറ്റപണിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിർദേശം അനുസരിച്ചാണ് സബ് കളക്ടർ പരിശോധന നടത്തിയത്. ജില്ലയിലെ ദേശീയ പാതകളിലും പൊതു മരാമത്ത് റോഡുകളിലുമുള്ള കുഴികൾ അടിയന്തരമായി അടച്ചു പത്തു ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൻ കൂടിയായ ജില്ലാ കളക്ടർ ഡോ. രേണുരാജ് നേരത്തെ നിർദേശം നൽകിയിരുന്നു.

     ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ്‌ ഡയറക്ടർ ബിപിൻ മധു , പൊതു മരാമത്ത് (റോഡ്സ് ) വിഭാഗം ആലുവ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ്‌ ബഷീർ, പൊതു മരാമത്ത് (ദേശീയ പാത ) വിഭാഗം ആലുവ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജയരാജൻ ,  ആലുവ തഹദിൽദാർ സുനിൽ മാത്യു തുടങ്ങിവർ  സബ് കളക്ടറുടെ ഒപ്പമുണ്ടായിരുന്നു .

date