Skip to main content

ഉയർന്ന മാർക്കല്ല, ജീവിത വിജയം നേടുകയാകണം വിദ്യാഭ്യാസ ലക്ഷ്യം : സ്പീക്കർ

പഠന മികവില്‍ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളിലും  കേരളത്തിലെ സ്‌കൂളുകള്‍ മാതൃകയാണെന്ന് സ്പീക്കർ എം. ബി രാജേഷ്. ഉയര്‍ന്ന മാര്‍ക്ക് നേടുകയല്ല മികവിന്റെ അടിസ്ഥാനമെന്നും ജീവിത വിജയം നേടുകയാവണം കുട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സൂര്യകാന്തി പ്രതിഭാസംഗമത്തിന്റെയും സൗഹൃദക്കൂട്ടായ്മയുടെയും ഉദ്ഘാടനം തിരുവനന്തപുരത്തെ ധനുവച്ച പുരത്ത് നിർവഹിച്ചു സംസാരിക്കുകയിരുന്നു അദ്ദേഹം.

 രാജ്യം  എഴുപത്തഞ്ചാമത്  സ്വാതന്ത്ര്യം ആഘോഷിക്കുന്ന വേളയിൽ പലയിടത്തും    പെൺകുട്ടികൾക്ക് വിദ്യാഭ്യാസം  നിഷേധിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ കേരളത്തിൽ, പെൺകുട്ടികൾ വിദ്യാഭ്യാസ മേഖല കയ്യടക്കിയിരിക്കുകയാണ്. ഇത് കേരളത്തിന്റെ  മാത്രം  സവിശേഷതയാണെന്നും അദ്ദേഹം . 

പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതോടൊപ്പം ആരോഗ്യ-മാനസിക-സാംസ്കാരിക വികാസത്തിന്റെ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുക കൂടിയാണ് സർക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി പാറശാല നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിവരുന്ന സമഗ്രവിദ്യാഭ്യാസ സമന്വയ പദ്ധതിയാണ് സൂര്യകാന്തി.

2021 -22 അധ്യയന വർഷത്തിൽ പാറശാല നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവരുടെയും ഉന്നത വിദ്യാഭ്യാസരംഗത്ത് മികവ് പുലർത്തിയവരുടെയും സൗഹൃദക്കൂട്ടായ്മയാണ് 'സൂര്യകാന്തി'. ധനുവച്ചപുരം ഗവ ഐ.ടി.ഐ ക്യാംപസിൽ ആഗസ്റ്റ് 11 വരെ  സൗഹൃദക്കൂട്ടായ്മയും വിദ്യാഭ്യാസമേളയും ഇതിന്റെ ഭാഗമായി നടക്കും.

സി.കെ. ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ  പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ ജി, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. കെ. ബെൻഡാർവിൻ, ജില്ലാ പോലീസ് മേധാവി  ഡോ. ദിവ്യ.വി ഗോപിനാഥ്, മലയാള മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട,  'സൂര്യകാന്തി' പാറശാല നിയോജകമണ്ഡലം കോ-ഓഡിനേറ്റർ ഡോ. ബിജു ബാലകൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ തുടങ്ങിയവരും പരിപാടിയിൽ പങ്കാളികളായി.

date