Skip to main content

വനംവകുപ്പ് ഫയൽ അദാലത്തുകൾ നടത്തും; ആദ്യ അദാലത്ത് ജില്ലയിൽ

വനംവകുപ്പിൽ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ഫയലുകളിൽ അടിയന്തിര നടപടി സ്വീകരിക്കുന്നതിന്  അദാലത്തുകൾ  നടത്തും. സംസ്ഥാനത്തെ വിവിധ സർക്കിളുകളിൽ നടത്തുന്ന അദാലത്തുകളിൽ  വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും ഉന്നത വനംവകുപ്പ്  ഉദ്യോഗസ്ഥരും പങ്കെടുക്കും. സർക്കാരിന്റെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടികളുടെ ഭാഗമായി  പരമാവധി ഫയലുകൾ തീർപ്പാക്കുന്നതിനാണ് നടപടി. ആദ്യ അദാലത്ത് ആഗസ്റ്റ് 11ന് രാവിലെ 11 മണിക്ക് കോഴിക്കോട് മാത്തോട്ടം വനശ്രീ ഫോറസ്റ്റ് കോംപ്ലക്സിൽ നടക്കും. കണ്ണൂർ ഫോറസ്റ്റ് സർക്കിൾ പരിധിയിലെ ഡിവിഷനുകളിൽ ഉള്ള പരമാവധി അപേക്ഷകൾ തീർപ്പാക്കി കൊണ്ടുള്ള പ്രഖ്യാപനം അദാലത്തിനുശേഷം മന്ത്രി എ കെ ശശീന്ദ്രൻ നടത്തും. റെയിഞ്ച്, ഡിവിഷൻ, സർക്കിൾ, ഹെഡ്കോർട്ടേഴ്സ് തലങ്ങളിലുള്ള ഫയലുകൾ പരിശോധിച്ച് തീർപ്പു കൽപ്പിക്കുന്നതിനുള്ള അടിയന്തര നടപടികൾ പുരോഗമിക്കുകയാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ അഞ്ചു റൗണ്ട് അവലോകനവും പരിശോധനയും  വിവിധതലങ്ങളിൽ പൂർത്തിയാകും. 

മറ്റിടങ്ങളിലെ  അദാലത്തുകൾ: ആഗസ്റ്റ് 25ന് എറണാകുളത്ത് (തൃശ്ശൂർ സർക്കിൾ), 26ന് പാലക്കാട്, 30ന് കൊല്ലം, 31 ന് തിരുവനന്തപുരത്ത് വനംവകുപ്പ് ആസ്ഥാനം, സെപ്റ്റംബർ ഒന്നിന് കോട്ടയം എന്നിവിടങ്ങളിലാണ് അദാലത്ത് നടക്കുക.

date