Skip to main content

ദേവ ഹരിതം പദ്ധതിക്ക് ജില്ലയിൽ തുടക്കമാവുന്നു; ആദ്യ പദ്ധതി കൊടിയത്തൂരിൽ

ഹരിത കേരള മിഷൻ്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ദേവ ഹരിതം പദ്ധതിക്ക്  ജില്ലയിൽ തുടക്കമാവുന്നു. ജില്ലയിൽ ആദ്യമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഹരിതകേരളം മിഷൻ്റെ പച്ചത്തുരുത്ത് പദ്ധതിയുമായി ചേർന്ന്
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട് ദേവസ്വം ബോർഡിൻ്റെ അധീനതയിലുള്ള ശ്രീകൃഷ്ണപുരം ശ്രീ കൃഷ്ണ ക്ഷേത്ര പരിസരത്തെ മൂന്നര ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക. ക്ഷേത്രം ട്രസ്റ്റി ബോർഡിൻ്റെ സഹായത്തോടെയാണ് പദ്ധതി ഒരുക്കുന്നത്.

പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് നഴ്സറിയിൽ സ്വയം ഉൽപ്പാദിപ്പിച്ച ഔഷധസസ്യങ്ങളും ഫലവൃക്ഷതൈകളും, സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്മെൻ്റ്, കൃഷി വകുപ്പ് എന്നിവ നൽകുന്ന തൈകളും ഉൾപ്പെടെ ഏഴായിരത്തോളം തൈകൾ വെച്ച് പിടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത് പറഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളും എൻ എസ് എസ് വളണ്ടിയർമാരും ചേർന്നാണ് തൈകളുടെ പരിചരണം ഏറ്റെടുക്കുക. കൃഷി നശിപ്പിക്കാതിരിക്കാൻ സ്ഥലത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കും. 

ചെത്തി, മന്ദാരം, തുളസി, പിച്ചകം, ദശപുഷ്പങ്ങളും കൃഷി ചെയ്യുന്നുണ്ട്. പരമ്പരാഗതമായ ക്ഷേത്രങ്ങളിലെ കാവുകൾ പുനരുജ്ജീവിപ്പിക്കുക, ക്ഷേത്രങ്ങളിലെ ഉത്സവസമയത്തേക്കാവശ്യമായ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കിഴങ്ങ് വർഗങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണന്ന് സ്ഥലം സന്ദർശിച്ച ഹരിതകേരളം മിഷൻ ജില്ല കോ- ഓഡിനേറ്റർ പി. പ്രകാശ് പറഞ്ഞു. 

സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷികത്തിൻ്റെ ഭാഗമായി നടക്കുന്ന ആസാദി ക അമൃത് മഹോത്സത്തിൻ്റെ ഭാഗമായി പ്രദേശത്ത് അരയേക്കറോളം സ്ഥലത്ത് മുരിങ്ങകൃഷിയും  ക്ഷേത്രത്തിലെ ഗോക്കൾക്കായി തീറ്റപ്പുൽകൃഷിയും പദ്ധതിയുടെ ഭാഗമായുണ്ട്. 

കൊടിയത്തൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ ദിവ്യ ഷിബു, ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രിൻസിയ, ഹരിതകേരള മിഷൻ ജില്ല കോഡിനേറ്റർ പി. പ്രകാശ് , ഹരിത കർമസേന ജില്ലാ കോർഡിനേറ്റർ രാജേഷ്,തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എൻജിനീയർ റാസിഖ്, ജനപ്രതിനിധികൾ,ക്ഷേത്രം ഭാരവാഹികൾ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

date