Skip to main content
മൂടാടി ഗ്രാമ പഞ്ചായത്ത് ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കുന്നു

ഇ-സേവന കേന്ദ്രങ്ങൾ വഴി അഴിമതികൾ കുറയ്ക്കാൻ സാധിക്കും- മന്ത്രി വി.അബ്ദുറഹിമാൻ

മൂടാടി ​ഗ്രാമ പഞ്ചായത്തിലെ ഇ-സേവന കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തു

ഇ-സേവന കേന്ദ്രങ്ങൾ വരുന്നതോടെ താഴെ തട്ടിലുള്ള അഴിമതികൾ കുറയ്ക്കാൻ സാധിക്കുമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സംസ്ഥാനത്തെ ഒട്ടുമിക്ക ഓഫീസുകളും ഇ-സംവിധാനത്തിലൂടെയാണ് പ്രവർത്തിച്ചുവരുന്നത്. അതിനാൽ സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ പൊതുജനങ്ങൾക്ക് സേവനങ്ങൾ വേഗത്തിൽ ലഭിക്കാൻ ഇ-സേവന കേന്ദ്രങ്ങൾ പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു. മൂടാടി ​ഗ്രാമ പഞ്ചായത്തിലെ ഇ-സേവന കേന്ദ്രങ്ങളുടെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

മൂടാടി ഗ്രാമപഞ്ചായത്തിലെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വനിതാ ഘടക വിഭാഗത്തിലാണ് ഇ-സേവന കേന്ദ്രങ്ങൾ രൂപീകരിച്ചത്. പഞ്ചായത്തിലെ നന്തി, ചിങ്ങപുരം, മുചുകുന്ന്, മൂടാടി ​ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇ-സേവന കേന്ദ്രങ്ങൾ ആരംഭിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാരിന്റെ മറ്റ് വകുപ്പുകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങളാണ് ആദ്യഘട്ടത്തിൽ ലഭ്യമാവുക.  ‍പഞ്ചായത്തിലെ വനിതകളായ കുടുംബശ്രീ, ഓക്സിലറി ​ഗ്രൂപ്പ് അം​ഗങ്ങളാണ് ഇതിന്റെ സംരംഭകർ. ഇ-സേവന കേന്ദ്രങ്ങളിൽ ആവശ്യമായ ഐ.ടി ഉപകരണങ്ങൾ, കമ്പ്യൂട്ടറുകൾ, തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. 

ചടങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷത വഹിച്ചു. വെെസ് പ്രസിഡന്റ് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്തം​ഗം ദുൽഖിഫിൽ, പന്തലായനി ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ കെ.ജീവനാന്ദൻ, സുഹറ ഖാദർ, മൂടാടി പഞ്ചായത്തം​ഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൺ പി.എം ശ്രീലത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. മൂടാടി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.​ഗിരീഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ സ്വാ​ഗതവും സെക്രട്ടറി എം.​ഗിരീഷ് നന്ദിയും പറഞ്ഞു.

date