Skip to main content
നടുവണ്ണൂർ വോളിബോൾ അക്കാദമി  മന്ത്രി വി.അബ്ദുറഹിമാൻ സന്ദർശിക്കുന്നു

നടുവണ്ണൂർ വോളിബോൾ അക്കാദമി പ്രവൃത്തികൾ സെപ്റ്റംബറിൽ പൂർത്തിയാവും

മന്ത്രി വി. അബ്ദുറഹ്മാൻ അക്കാദമി സന്ദർശിച്ചു

നടുവണ്ണൂർ കാവുന്തറയിലെ വോളിബോൾ അക്കാദമി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സന്ദർശിച്ചു. കെട്ടിടത്തിൽ ഇനി നടത്താനുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ,  ജനപ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി. 
കെട്ടിടത്തിനുള്ളിൽ ബാക്കിയുള്ള പ്രവൃത്തികളും  ഗേറ്റ്, ചുറ്റുമതിൽ, ഓപ്പൺ ഗ്രൗണ്ട് തുടങ്ങിയ നിർമ്മാണങ്ങളും സെപ്റ്റംബർ അവസാനത്തോടുകൂടി പൂർത്തീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. വലിയ ടൂർണമെന്റുകൾ നടത്തുന്ന നിലയിലേക്ക് അക്കാദമി ഉയർന്ന് വരണമെന്ന് മന്ത്രി പറഞ്ഞു. 
ഗേറ്റ് സ്ഥാപിക്കാനുള്ള തുക എം. എൽ എ ഫണ്ടിൽ നിന്ന് നൽകുമെന്ന് അഡ്വ. കെ. എം സച്ചിൻ ദേവ് അറിയിച്ചു. മേപ്പിൾ വുഡ് ഉപയോഗിച്ചാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ തറയുടെ പ്രവൃത്തി നടത്തുക. സ്പോർട്സ് കൗൺസിൽ, ട്രസ്റ്റ്‌ എന്നിവർക്കാണ് നടത്തിപ്പ് ചുമതല. 

കാവുന്തറ തെങ്ങിട പ്രദേശത്ത് വോളിബോൾ അക്കാദമി ട്രസ്റ്റിന്റെ  75 സെന്റ് സ്ഥലത്ത് 10.63 കോടി രൂപ ചെലവിലാണ് അക്കാദമി സ്ഥാപിച്ചത്. ഡോർമെട്രി, ഇന്‍ഡോര്‍ സ്റ്റേഡിയം, കോണ്‍ഫറന്‍സ് ഹാള്‍, കാന്റീൻ, ശുചിമുറികൾ തുടങ്ങിയവയാണ് നിർമ്മിച്ചിട്ടുള്ളത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് കെട്ടിടം ഒരുക്കിയത്. 100 കായിക വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ച്‌ പരിശീലനം നടത്താന്‍ കഴിയുന്ന രീതിയിലാണ് അക്കാദമി.

യോഗത്തിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ദാമോദരൻ മാസ്റ്റർ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി എസ്. സുലൈമാൻ, വൈസ് പ്രസിഡന്റ് ഡോ.റോയ് ജോൺ, ജനപ്രതിനിധികൾ, ട്രസ്റ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date