Skip to main content

ഹര്‍ ഘര്‍ തിരംഗ

: തിരൂര്‍ താലൂക്കില്‍ നിര്‍മിക്കുന്നത് പതിനാലായിരത്തോളം പതാകകള്‍
സ്വാതന്ത്ര്യത്തിന്റെ അമൃതവര്‍ഷത്തില്‍ 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി തിരൂര്‍ താലൂക്കില്‍ നിര്‍മിക്കുന്നത് പതിനാലായിരത്തോളം ദേശീയ പതാകകള്‍. തിരൂര്‍ താലൂക്കിലെ ഒന്‍പത് കുടുംബശ്രീ യൂണിറ്റുകളുടെ കീഴിലാണ് പ്ലാസ്റ്റിക് രഹിത പതാക നിര്‍മാണം പുരോഗമിക്കുന്നത്. യൂണിറ്റുകള്‍ക്ക് പുറമെ കുടുംബശ്രീ അംഗങ്ങളായ വനിതകള്‍ വീടുകളിലും പതാക നിര്‍മാണത്തില്‍ പങ്കാളികളാകുന്നുണ്ട്. സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓര്‍ഡറുകള്‍ പ്രകാരമാണ് നിര്‍മാണം. കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തുണിസഞ്ചി നിര്‍മാണ യൂണിറ്റുകളാണ് 'ഹര്‍ ഘര്‍ തിരംഗ' ക്യാമ്പയിനിന്റെ ഭാഗമായി ത്രിവര്‍ണപതാകകളുടെ നിര്‍മാണവും ഏറ്റെടുത്ത് നടപ്പിലാക്കുന്നത്. കോട്ടണ്‍, പോളി കോട്ടണ്‍ തുണികളിലായി നിര്‍മിക്കുന്ന പതാക ഒന്നിന് 28 രൂപയാണ് വില. നിലവിലെ ഓര്‍ഡറുകള്‍ക്ക് പുറമെയുള്ളവ സമയം ലഭ്യതയ്ക്കനുസരിച്ച് പൂര്‍ത്തിയാക്കും. ഓഗസ്റ്റ് 12 നകം പതാകകളുടെ വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.
പ്രതിഭാ സംഗമം സംഘടിപ്പിച്ചു
 വിവിധ പരീക്ഷകളില്‍ പൊന്നാനി നഗരസഭാ പരിധിയില്‍ നിന്നും ഉന്നതവിജയം നേടിയവരെ ആദരിക്കുന്നതിനായി നഗരസഭയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. 410 വിജയികളെയാണ് ചടങ്ങില്‍ ആദരിച്ചു. ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എപ്ലസ് നേടിയ  149 വിദ്യാര്‍ത്ഥികളെയും, പ്ലസ് ടു പരീക്ഷയില്‍ ഫുള്‍ എപ്ലസ് കരസ്ഥമാക്കിയ 120 വിദ്യാര്‍ത്ഥികളെയും, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ വിജയിച്ച 141 പേരെയുമാണ് അനുമോദിച്ചത്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിഭാ അവാര്‍ഡ് നേടിയ ശ്രീലക്ഷ്മി, സ്‌നേഹ, ജില്ലയിലെ മികച്ച സാക്ഷരത പ്രേരകായി തിരഞ്ഞെടുത്ത ടി.ഷീജ, മികച്ച ആശാ പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നേടിയ ഷീജ എന്നിവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
പൊന്നാനി  എം.ഇ.എസ് കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമം ഹയര്‍ സെക്കണ്ടറി മുന്‍ ജോയിന്റ് ഡയറക്ടര്‍ കെ.ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്തു. തിരൂര്‍ തുഞ്ചന്‍ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ വിജു നായരങ്ങാടി മുഖ്യാതിഥിയായി. നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം  അധ്യക്ഷനായി. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഒ.ഒ ഷംസു, രജീഷ് ഈപ്പാല, ഷീന സുദേശന്‍,ടി.മുഹമ്മദ് ബഷീര്‍, എം.ആബിദ, കൗണ്‍സിലര്‍മാരായ ഫര്‍ഹാന്‍ ബിയ്യം, ഗിരീഷ് കുമാര്‍,വി.പി സുരേഷ്  എന്നിവര്‍ സംസാരിച്ചു.
(ഫോട്ടോ സഹിതം.)
(ഫോട്ടോ അടിക്കുറിപ്പ്- ഉന്നതവിജയം നേടിയവരെ ആദരിക്കുന്നതിനായി പൊന്നാനി നഗരസഭ സംഘടിപ്പിച്ച പ്രതിഭാ സംഗമം കെ.ഇമ്പിച്ചിക്കോയ ഉദ്ഘാടനം ചെയ്യുന്നു.)
സഹായഹസ്തം, മംഗല്യ പദ്ധതികളിലേക്ക് അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ നടപ്പാക്കി വരുന്ന  വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സഹായഹസ്തം, വിധവ പുനര്‍വിവാഹ ധനസഹായത്തിനുള്ള മംഗല്യ പദ്ധതികളിലേക്ക്  അപേക്ഷ ക്ഷണിച്ചു. സഹായഹസ്തം പദ്ധതിയിലേക്ക് 2022 സെപ്തംബര്‍ 30 വരെയും മംഗല്യ പദ്ധതിയിലേക്ക് 2023 ജനുവരി 31 വരെയുമാണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. അപേക്ഷകള്‍ www.schems.wcd.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ആയി മാത്രം സമര്‍പ്പിക്കണം.
ഹൈടെക് സാനിറ്ററി ബ്ലോക്ക് ഓഗസ്റ്റ് 10ന് സമര്‍പ്പിക്കും
തിരൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗത്ത് പല്ലാറിലെ സര്‍ക്കാര്‍ എം.എല്‍.പി സ്‌കൂളില്‍ നിര്‍മിച്ച പുതിയ ഹൈടെക് സാനിറ്ററി ബ്ലോക്കിന്റെ സമര്‍പ്പണം ഓഗസ്റ്റ് 10ന് നടക്കും. രാവിലെ 10ന് തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.യു. സൈനുദ്ധീന്‍ ഉദ്ഘാടനം നിര്‍വഹിക്കും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ അംഗം എം.പി മുഹമ്മദ് കോയ അധ്യക്ഷനാകും. തിരുന്നാവായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൊട്ടാരത്ത് സുഹറാബി മുഖ്യാതിഥിയാകും.
ഐടിഐ പ്രവേശനം
പട്ടികജാതിവികസന വകുപ്പിന്റെ കീഴിലുള്ള പൊന്നാനി ഐ. ടി. ഐ യില്‍ എന്‍.സി.വി.ടി. പാഠ്യപദ്ധതിയനുസരിച്ച് പരിശീലനം നല്‍കുന്ന ഇലക്ട്രീഷ്യന്‍-മെട്രിക്ക് ട്രേഡിലേക്ക് 2022 അധ്യയനവര്‍ഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.itiponnani.kerala.gov.in www.scdd.kerala.gov.inhttps://scdditiadmission.kerala.gov.in ല്‍ നിന്ന് ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. പ്രായം: 14 വയസ് തികഞ്ഞിരിക്കണം. ആകെ സീറ്റുകളില്‍ 80 ശതമാനം പട്ടികജാതിവിഭാഗക്കാര്‍ക്കും 10 ശതമാനം പട്ടികവര്‍ഗം, 10 ശതമാനം മറ്റുവിഭാഗം എന്നിവര്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. സൗജന്യ പരിശീനത്തിനു പുറമേ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ലംപ്‌സം ഗ്രാന്റ്, പ്രതിമാസ സ്റ്റൈപ്പന്റ്, ഹോസ്റ്റല്‍ അലവന്‍സ് എന്നിവയും എല്ലാ വിഭാഗക്കാര്‍ക്കും ടെക്സ്റ്റ്ബുക്കുകള്‍,  സ്റ്റഡീടൂര്‍ അലവന്‍സ്, വര്‍ക്ക്‌ഷോപ്പ് ഡ്രസ് അലവന്‍സ്, സൗജന്യ ഉച്ചഭക്ഷണം, പോഷകാഹാരം (മുട്ട, പാല്‍) എന്നിവയും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാനുള്ള  അവസാന തീയതി ഓഗസ്റ്റ് 10. കൂടുതല്‍ വിവരങ്ങള്‍ക്ക് 04942664170, 9446342259,   9995881010,  9746158783, എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
അധ്യാപക നിയമനം
ചുള്ളിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മാത്‌സ്, എക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക് എന്നീ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക തസ്തികയില്‍ താത്ക്കാലിക  നിയമനം നടത്തുന്നു. ഓഗസ്റ്റ് 11ന് രാവിലെ 10.30ന്  എക്കണോമിക്‌സ്, അറബി വിഷയങ്ങളിലും ഉച്ചക്ക് 1.30ന് മാത്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളിലുമാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
മൊബൈല്‍ ടെക്‌നോളജി കോഴ്‌സ്
മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പെരിന്തല്‍മണ്ണ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ജില്ലയിലെ വിമുക്തഭടന്മാര്‍ക്കും   അവരുടെ  ആശ്രിതര്‍ക്കും നടത്തുന്ന മൊബൈല്‍  ടെക്‌നോളജി    കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് സൗജന്യമാണ്. താത്പര്യമുളളവര്‍   ഓഗസ്റ്റ് 17നകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോമിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 04832 734932.
മത്സ്യഫെഡ് വിദ്യാഭ്യാസ അവാര്‍ഡ്
കഴിഞ്ഞ അദ്ധ്യയന വര്‍ഷം പത്ത്, പ്ലസ്ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്      നേടിയ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ  സംഘങ്ങളില്‍ അംഗങ്ങളായ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നു. ഫിസിക്‌സ്, സുവോളജി എന്നീ വിഷയങ്ങളില്‍ പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയവര്‍ക്ക് പ്രതേ്യക  അവാര്‍ഡ് നല്‍കും.
  സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സംഘാഗത്വം തെളിയിക്കുന്നതിന് സംഘം നല്‍കിയ      സര്‍ട്ടിഫിക്കറ്റ്, മത്സ്യത്തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ്  പാസ്ബുക്കിന്റെ കോപ്പി, രക്ഷിതാവിന്റെ അപേക്ഷ എന്നിവ സഹിതം  ഒരാഴ്ചയ്ക്കുളളില്‍ അപേക്ഷ സംഘങ്ങളില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  0494 -2423503.
കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം
ആലംകോട് ഗ്രാമപഞ്ചായത്തും സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ഇന്ത്യ(സിജി)യുമായി സഹകരിച്ചു കൊണ്ട്  കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സംഘടിപ്പിച്ചു. ദിശ 2022 എന്ന പേരില്‍  വളയംകുളം കെ വി എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പി.നന്ദകുമാര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീര്‍ അധ്യക്ഷനായി.  മുന്‍ ഡി.ജി.പി ഋഷിരാജ് സിംഗ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആരിഫ നാസര്‍, പെരുമ്പടപ്പ് ബ്ലോക്ക് മെമ്പര്‍മാരായ രാമദാസ് മാഷ്,റീസ പ്രകാശ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രബിത ടീച്ചര്‍,പഞ്ചായത്ത് അംഗം സി കെ പ്രകാശന്‍, സെക്രട്ടറി സി.എന്‍.അനൂപ്  തുടങ്ങിയവര്‍ പങ്കെടുത്തു.  

date