Skip to main content

കോൺസ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി തുടങ്ങി: സ്പീക്കർ

*12 വോള്യങ്ങളായി 6947 പേജുകളുള്ള കോൺസ്റ്റിറ്റിയൂഷൻ അസംബ്ലി നടപടിക്രമങ്ങൾ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഇതാദ്യം

ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിന്റെ 75-ാം  വാർഷികം 2025 ൽ ആഘോഷിക്കുന്നതിനോട് അനുബന്ധിച്ച് കോൺസ്റ്റിറ്റിയൂഷൻ അസംബ്ലി നടപടിക്രമങ്ങൾ പൂർണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ബൃഹത് പ്രവൃത്തി ആരംഭിച്ചതായി നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേരള നിയമസഭാ മ്യൂസിയം, ലൈബ്രറി വിഭാഗങ്ങൾ സംയുക്തമായി നിയമസഭാ അങ്കണത്തിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച ഫോട്ടോ-വീഡിയോ-പുസ്തക പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു സ്പീക്കർ.

ആദ്യമായിട്ടാണ് കോൺസ്റ്റിറ്റിയൂന്റ് അസംബ്ലി നടപടിക്രമങ്ങൾ ഒരു പ്രാദേശിക ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുന്നത്. 12 വോള്യങ്ങളിലായി 6947 പേജുകളിൽ വ്യാപിച്ചുകിടക്കുന്ന കോൺസ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങൾ 100 പേർ ചേർന്നാണ് പരിഭാഷപ്പെടുത്തുന്നത്.

2025 ൽ ഭരണഘടനയുടെ 25-ാം വാർഷിക ആഘോഷ വേളക്ക് മുമ്പായി പരിഭാഷ പൂർത്തിയാക്കാനാണ് ഉദ്ദേശ്യമെന്ന് സ്പീക്കർ വ്യക്തമാക്കി. കോൺസ്റ്റിറ്റിയുന്റ് അസംബ്ലി നടപടിക്രമങ്ങൾ ഡിജിറ്റൈസ് ചെയ്ത് ഒറ്റ ക്ലിക്കിൽ ലഭ്യമാക്കും.

ഭരണഘടനക്ക് നേരെ വെല്ലുവിളി നേരിടുന്ന സമയമായതിനാലാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. നമ്മുടെ ഭരണഘടന എങ്ങനെ രൂപപ്പെട്ടുവന്നത് നിരന്തരം പറയേണ്ടുന്ന സന്ദർഭമാണിത്. മതനിരപേക്ഷതയിൽ ഊന്നിയതിനാലാണ് മുക്കാൽ നൂറ്റാണ്ടോളമായി ഇന്ത്യ നിലനിന്നു പോന്നതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. എന്നാൽ മതത്തിൽ ഊന്നി മുന്നോട്ടുപോയ നമ്മുടെ അയൽരാജ്യം വിഭജിക്കപ്പെട്ടു.

സ്വാതന്ത്ര്യത്തെക്കുറിച്ചും സ്വാതന്ത്ര ഇന്ത്യക്ക് ആധാരമായ മൂല്യങ്ങളെക്കുറിച്ചും പുതുതലമുറ അറിയേണ്ട സമയമാണ് ആസാദ് കാ അമൃത് മഹോത്സവ്.

നിയമനിർമ്മാണ സഭകളിൽ സ്ത്രീ പ്രാതിനിധ്യം ഏറ്റവും കുറവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നത് ജനാധിപത്യത്തിന്റെ പരിമിതിയും ദൗർബല്യവുമാണ്. സ്പീക്കർ കൂട്ടിച്ചേർത്തു. നിയമസഭയിൽ ഒരുക്കിയ പ്രദർശനം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

കേരള നിയമസഭ രാജ്യത്തിന് മാതൃകയാണെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. കഴിഞ്ഞവർഷം രാജ്യത്ത് ഏറ്റവും കൂടുതൽ സമ്മേളിച്ച നിയമസഭ കേരള നിയമസഭയാണ്. 61 ദിവസങ്ങളാണ് കോവിഡിന്റെ ഭീഷണികൾക്കിടയിലും നിയമസഭ സമ്മേളിച്ചത്. പാർലമെൻറ് പോലും ഇത്ര ദിവസങ്ങൾ ചേർന്നിട്ടില്ല.  51 നിയമങ്ങളാണ് കേരള നിയമസഭ നിലവിൽ വന്നശേഷം ഇതുവരെ പാസാക്കിയത്.

കേരള നിയമസഭയിലെ എല്ലാ ബില്ലുകളും നിയമസഭാ സമിതികളുടെ സൂക്ഷ്മ പരിശോധനക്ക് വിധേയമായി പാസാക്കപ്പെടുമ്പോൾ പാർലമെൻറിൽ വെറും 12 ശതമാനം ബില്ലുകൾ മാത്രമാണ് സമിതികൾക്ക് വിടുന്നതെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.

ഭരണഘടന സംരക്ഷിക്കാൻ ഭരണാധികാരികളോട് കലഹിക്കേണ്ട അവസ്ഥയാണ് ഇന്ന് ഉള്ളതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

'ഇന്ത്യ എന്ന ആശയം: ഭരണഘടനയും വർത്തമാനകാല യാഥാർഥ്യവും' എന്ന വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോ ജെ. പ്രഭാഷ് പ്രഭാഷണം നടത്തി.

 
നിയമസഭാ സെക്രട്ടറി എ.എം ബഷീർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (കെ-ലാംസ്) എക്‌സിക്യൂട്ടീവ് ഡയറക്ടർ മഞ്ജു വർഗീസ് എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യ സമരത്തിന്റേയും കേരള സംസ്ഥാന രൂപവൽക്കരണത്തിന്റേയും അപൂർവ്വ ചിത്രങ്ങളും പുസ്തകങ്ങളും പത്രശേഖരങ്ങളും അടങ്ങിയ പ്രദർശനം ഓഗസ്റ്റ് 20 ന് സമാപിക്കും.
പി.എൻ.എക്സ്. 3681/2022

date