Skip to main content

വൈപ്പിൻ എംഎൽഎയുടെ വിദ്യാഭ്യാസ പദ്ധതിയിൽ സ്‌കൂളുകളിൽ  'ഗണിതം'

 

സി.ബി.എസ്.ഇ ഉന്നത വിജയികൾക്ക് ആദരം 

വൈപ്പിൻ: കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎയുടെ വൈപ്പിൻ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ എല്ലാ സർക്കാർ, എയ്‌ഡഡ്‌ സ്‌കൂളുകളിലും ഗണിതം പാഠ്യ പരിപാടി ഈ മാസം ആരംഭിക്കും. എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രധാനമായും കണക്ക് പഠനത്തിലും ഒപ്പം കെമിസ്ട്രി, ഫിസിക്‌സ് വിഷയങ്ങളിലും മികവും വ്യക്തിത്വവികാസവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്ന പരിപാടിയുടെ അന്തിമരൂപരേഖ തയ്യാറായതായി കെഎൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു. 

ഗണിതം പാഠ്യ പരിപാടിയുടെ മണ്ഡലംതല ഉദ്ഘാടനം ഈ മാസം 19നു രാവിലെ ഒൻപതിന് കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻസ് ഗേൾസ് എച്ച്.എച്ച്.എസിൽ ജസ്റ്റിസ് കെകെ ദിനേശൻ ഉദ്ഘാടനം ചെയ്യും. കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും. സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും.

എംഎൽഎയുടെ സാന്നിധ്യത്തിൽ മണ്ഡലത്തിലെ ഹൈസ്‌കൂൾ പ്രിൻസിപ്പാൾമാർ ഉൾപ്പെടെ അധ്യാപകർ പങ്കെടുത്ത ചർച്ച യോഗത്തിലാണ് ഗണിതം പാഠ്യ പരിപാടി സംബന്ധിച്ച് ധാരണയായത്. ഇൻസൈറ്റ്‌ ഫോർ ഇന്നോവേഷൻ നടത്തുന്ന പ്രോജക്‌ട് ഗണിതം പെട്രോനെറ് സി.എസ്‌ആർ സംരംഭത്തിന്റെ പിന്തുണയോടെയാണ് നടപ്പാക്കുന്നതെന്ന് കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ അറിയിച്ചു.ഇൻസൈറ്റ്‌ പരിശീലിപ്പിച്ചെടുത്ത വോളന്റീയർമാരിലൂടെ ആയിരിക്കും ക്ലാസുകൾ. 

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ ഹൈസ്‌കൂൾ തലത്തിലേക്കെത്തുമ്പോൾ ആശയങ്ങൾ മനസിലാക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ശാസ്ത്രമേഖലകളിൽ ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കാൻ ഈ സാഹചര്യം വിദ്യാർത്ഥികൾക്ക് പ്രതിബന്ധമാകുന്നുണ്ട്. ഇത് തിരിച്ചറിഞ്ഞ് സ്‌കൂളുകൾക്ക് പിന്തുണ നൽകാനാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഏഴു കുട്ടികൾക്ക് ഒരു വോളന്റീയർ എന്ന നിലയിലായായിരിക്കും പരിപാടിയുടെ ക്രമീകരണം. 

നല്ല ശീലങ്ങൾ വികസിപ്പിക്കുന്നതിനും പ്രചോദനം പകരുന്നതിനും മെന്റഴ്സിനെയും നിയോഗിക്കും. ഗണിതത്തോടൊപ്പം ശരിയായ പഠനമുറകൾ പരിശീലിക്കുന്നതിന് ക്ലാസുകളും ഉണ്ടാകും. യോഗത്തിൽ എംഎൽഎയ്ക്കും അധ്യാപകർക്കും പുറമെ പെട്രോനെറ്റ് സി.എസ്.ആർ സീനിയർ മാനേജർ ആശിഷ് ഗുപ്‌ത, ഇൻസൈറ്റ്‌ ടീമിന്റെ സിഇഒ അജിത് കുമാർ, സഞ്ജയ്‌കൃഷ്ണൻ, ഫാത്തിമ തുടങ്ങിയവരും പങ്കെടുത്തു.

date