Skip to main content

കയാക്കിങ്: ഇന്റർമീഡിയറി വിഭാഗത്തിൽ കുട്ടികൾ മുതൽ മുതിർന്നവർ വരെ

നീണ്ട നാളത്തെ പരിചയ സമ്പത്തില്ലാത്തവർക്കും  കയാക്കിങ് വേദിയൊരുക്കി എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ. ചുരുങ്ങിയ മാസത്തെ പരിശീലനവുമായാണ് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള പുതുമുഖങ്ങൾ ഇന്റർമീഡിയറി വിഭാഗത്തിൽ മാറ്റുരച്ചത്. പുരുഷ - വനിതാ വിഭാഗങ്ങളിലായി 14 വയസു മുതൽ പ്രായമുള്ളവരാണ്  മത്സരാർത്ഥികളായെത്തിയത്. കയാക്കിങ്ങിലേക്ക് ചുവടുവെക്കുന്ന 40 വയസിന് മുകളിൽ പ്രായമുള്ളവരുടെതടക്കം മികച്ച പ്രകടനമാണ് ഇന്റർമീഡിയറി വിഭാഗത്തിൽ കാണാൻ സാധിച്ചത്. 

 

പതിനാറുകാരി സാനിയ ബാത്തമാണ് വനിതാ വിഭാഗത്തിലെ വിജയി. 42കാരിയായ ആൻ മാത്യാസാണ് രണ്ടാം സ്ഥാനം നേടിയത്. പുരുഷ വിഭാഗത്തിൽ

23 കാരനായ യതാർത്ഥ് ഗൈറോള ഒന്നാമതും 14 വയസുള്ള അനക് ചൗഹാൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

 

ചാലിപ്പുഴയുടെ ഓളപ്പരപ്പിനൊപ്പം കയാക്കിങ് ബോട്ടിൽ അവർ തുഴഞ്ഞുനീങ്ങി. ചുരുങ്ങിയ കാലത്തെ പരിശീലനവുമായാണ് ബാംഗ്ലൂർ സ്വദേശിനി മേഘ്ന ബിൻരാജ് മത്സരിച്ചത്. മത്സരത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്നും വരും ദിവസങ്ങളിൽ ചാലിപുഴയിൽ പരിശീലനം നടത്തുമെന്നും അവർ പറഞ്ഞു. 

 

പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ പേരെ കയാക്കിങ് രംഗത്തേക്ക് എത്തിക്കുക എന്നതുമാണ് ഇന്റർമീഡിയറി വിഭാഗത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സാഹസിക ടൂറിസം സിഇഒ ബിനു കുര്യാക്കോസ് പറഞ്ഞു. മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പു വരുത്തിയ ശേഷമാണ് മത്സരം നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

date