Skip to main content

തെരുവുനായ വിഷയത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനം കൂടി  പ്രയോജനപ്പെടുത്തണമെന്ന് കളക്ടർമാരോട് മുഖ്യമന്ത്രി

തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു.

ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കളക്ടർമാർ ഉപയോഗപ്പെടുത്തണം, മുഖ്യമന്ത്രി പറഞ്ഞു.

ജില്ലാ കളക്ടർമാരുടേയും വകുപ്പ് മേധാവികളുടേയും ദ്വിദിന വാർഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം ഉപസംഹാര പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

കളക്ടർ പദവി സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കരിയറിലെ ചെറിയ കാലയളവ് മാത്രമാണ്. എന്നാൽ ആ പദവി കരിയറിൽ ഉടനീളം ഓർക്കാൻ അനുയോജ്യമായ കാലമാണ്. ജനോപകാരപ്രദമായ പദ്ധതികൾ നടപ്പാക്കുക വഴി ആ കാലം അവിസ്മരണീയമാക്കണമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

തീരുമാനിച്ച ഓരോ കാര്യവും കൃത്യമായി നടപ്പാകുന്നുവെന്ന് കളക്ടർമാർ ഉറപ്പാക്കണം. ഇത് വളരെ പ്രധാനമാണ്. ചെറിയ കാര്യം മുതൽ അതീവ ഗൗരവമേറിയ കാര്യങ്ങൾ വരെ ജില്ലാ കളക്ടർമാർ കൈകാര്യം ചെയ്യേണ്ടതായി വരും.

പ്രഗൽഭരായ പഴയ കളക്ടർമാരെ ജനം ഇന്നും ഓർക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ആ രീതിയിൽ നിങ്ങൾക്കും പ്രവർത്തിക്കാം - അദ്ദേഹം പറഞ്ഞു.

37 പ്രധാന അജണ്ടകളും 27 അജണ്ടാകുറിപ്പുകളുമടങ്ങുന്ന വിഷയങ്ങൾ രണ്ടു ദിവസത്തെ യോഗം ചർച്ച ചെയ്തു. പ്രധാന അജണ്ടകളിൻമേൽ വകുപ്പ് മന്ത്രിമാർ ഇടപെട്ട് സംസാരിക്കുകയും കളക്ടർമാരും വകുപ്പ് മേധാവികളും മറുപടി പറയുകയും ചെയ്തു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ചർച്ച നയിച്ചു.

സമാപന ദിവസം മന്ത്രിമാരായ കെ. രാജൻ, കെ. കൃഷ്ണൻകുട്ടി, പി. രാജീവ്, എ.കെ. ശശീന്ദ്രൻ, എം.ബി. രാജേഷ്, വീണ ജോർജ് എന്നിവർ സന്നിഹിതരായി.

പി.എൻ.എക്സ്.  4564/2022

date