Skip to main content

പേവിഷ ബാധക്കെതിരെ പ്രതിരോധ ബോധവത്ക്കരണ ക്യാമ്പയിന്‍ തുടങ്ങി

ജില്ലാതല പരിപാടി സംഘടിപ്പിച്ചു

ലോക പേ വിഷബാധാ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം മഞ്ചേരി നഗരസഭാ ടൗണ്‍ ഹാളില്‍ നഗരസഭാധ്യക്ഷ വി.എം സുബൈദ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍ രേണുക അധ്യക്ഷയായി. ആരോഗ്യവകുപ്പും ആരോഗ്യ കേരളവും മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.പി.എം ഡോ. ടി.എന്‍ അനൂപ് മുഖ്യ പ്രഭാഷണം നടത്തി. മഞ്ചേരി മെഡിക്കല്‍ കോളജിന്റെ സഹായത്തോടെ വളര്‍ത്തു മൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്കും വില്‍ക്കുന്നവര്‍ക്കും പേവിഷബാധ പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ നിന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍.രേണുക ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍മാരായ ശ്രീവിദ്യ എടക്കണ്ടത്തില്‍, സജിത വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ക്യാമ്പില്‍ നിന്ന് 45 പേര്‍ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. പേവിഷബാധ ദിനത്തില്‍ ആരോഗ്യ വകുപ്പിന്റെയും പൊതു വിദ്യഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പേവിഷബാധ പ്രതിരോധ പ്രതിജ്ഞയും നടത്തി. പേ വിഷബാധയെക്കുറിച്ച് ജനങ്ങളില്‍ അവബോധം ജനിപ്പിക്കുന്നതിനും മരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ആരോഗ്യ വകുപ്പ് പരിശ്രമിക്കുന്നത്. സര്‍ക്കാരിന്റെ വണ്‍ ഹെല്‍ത്ത് പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പേവിഷബാധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ട്.

 
മഞ്ചേരി മെഡിക്കല്‍ കോളജ് കമ്യൂണിറ്റി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ: ടി.എസ് അനീഷ് 'മനുഷ്യരിലെ പേവിഷബാധയും പ്രതിരോധ ചികിത്സയും' എന്ന വിഷയത്തിലും പുളിക്കല്‍ ഡിസ്പന്‍സറി വെറ്റിനറി സര്‍ജന്‍ ഡോ. ജോബിന്‍ തോമസ് 'പേവിഷബാധയും വളര്‍ത്തു മൃഗങ്ങളും' എന്ന വിഷയത്തിലും ബോധവല്‍ക്കരണ ക്ലാസ് നല്‍കി.

പരിപാടിയില്‍ നഗരസഭാ സ്ഥിരം സമിതി അംഗങ്ങളായ മരുന്നന്‍ മുഹമ്മദ്, വി.ജസീല, ജില്ലാ സര്‍വയലന്‍സ് ഓഫീസര്‍ ഡോ: സി. ഷുബിന്‍, മഞ്ചേരി മെഡിക്കല്‍ കോളജ് ആര്‍. എം.ഓ ഡോ ഷഹീദ് നെല്ലിപ്പറമ്പന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ മുഹമ്മദ് ഫസല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് അസോസിയേറ്റ് പ്രൊഫസര്‍, ഡോ ടി.എസ്. അനീഷ്, വെറ്റിനറി സര്‍ജന്‍      ഡോ.ജോബിന്‍ തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിശ്വജിത്ത്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

date