Skip to main content
ഫോട്ടോ: പ്ലംബിങ് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം

ആലത്തൂരില്‍ പ്ലംബിങ് പരിശീലനം പൂര്‍ത്തിയാക്കി കുടുംബശീ അംഗങ്ങളും കുടുംബാംഗങ്ങളും

 

കുടുംബശ്രീയുടെ നേതൃത്വത്തില്‍ സൗജന്യ സ്വയംതൊഴില്‍ പരിശീലനത്തിനായി ആരംഭിച്ച എറൈസ് സ്വയംതൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമായി ആലത്തൂര്‍ ബ്ലോക്കിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളിലെ 26 പേര്‍ പ്ലംബിങ് പരിശീലനം പൂര്‍ത്തിയാക്കി. ആലത്തൂര്‍ കമ്യൂണിറ്റി ട്രെയിനിങ് സെന്ററില്‍ 15 ദിവസം നീണ്ടുനിന്ന പരിശീലനം കുടുംബശ്രീയുടെ നേതൃത്വത്തില്‍ എസ്.ബി ഗ്ലോബല്‍ ഏജന്‍സി മുഖേനയാണ് നല്‍കിയത്. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി രജിസ്റ്റര്‍ ചെയ്ത 30 പേരില്‍ 26 പേരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. ഹരിത കര്‍മ സേന, കുടുംബശ്രീ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 15 സ്ത്രീകളും കുടുംബശ്രീ കുടുംബാംഗങ്ങളായ 11 പുരുഷന്മാരും ഉള്‍പ്പെടുന്നു. സ്വയംതൊഴില്‍ ചെയ്യാന്‍ താത്പര്യമുള്ളവരെ അതത് കുടുംബശ്രീ സി.ഡി.എസ്. മുഖേന കണ്ടെത്തി ബാച്ചാക്കി തിരിച്ചാണ് പരിശീലനം. ഒന്നാം ഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ഇവരില്‍ നിന്നും താത്പര്യമുള്ളവര്‍ക്ക് കൊല്ലത്ത് നടക്കുന്ന രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാനാകും. കണ്ണമ്പ്ര ഗ്രാമപഞ്ചായത്തില്‍ നിന്ന് പരിശീലനത്തില്‍ പങ്കെടുത്ത ഹരിതകര്‍മ സേനാംഗങ്ങള്‍ മാലിന്യ ശേഖരണം നത്തുന്ന വീടുകളിലെ ചെറിയ പ്ലംബിങ് ഏറ്റെടുത്ത് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.ബ്ലോക്ക് കുടുംബശ്രീ തല പ്ലംബിങ് പരിശീലനത്തിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി നിര്‍വഹിച്ചു. ആലത്തൂര്‍ കമ്മ്യൂണിറ്റി ട്രെയിനിങ് സെന്ററില്‍ നടന്ന പരിപാടിയില്‍ ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍, വടക്കഞ്ചേരി, ആലത്തൂര്‍, തരൂര്‍ സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാര്‍ പങ്കെടുത്തു.
 

date