Skip to main content

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട ശിലാസ്ഥാപനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു 

താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം ആരോഗ്യ, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. ഇ ഹെൽത്ത് പദ്ധതി പ്രകാരം ഒ.പി ടിക്കറ്റ് വീട്ടിൽ നിന്നും എടുക്കാവുന്ന പദ്ധതി താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലും ഒരുക്കാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. 2500 ലേറെ അപേക്ഷകർ അവയവ മാറ്റത്തിനായി രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നതായും അവയവ മാറ്റത്തിന് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി. 

 

 പൊതുമരാത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.മുഹമ്മദ് ഇസ്മായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സ്ഥിരം സമിതി അധ്യക്ഷരായ സികെഎം ബഷീർ, പി അലി അക്ബർ, ജസ്ന ബാനു, ജയപ്രകാശ്, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി.ടി അക്ബർ,ഡിപിഎം ഡോ.ടി എൻ അനൂപ്, തിരൂർ അർബൻ കോ- ഓപറേറ്റീവ് ബാങ്ക് ചെയർമാൻ ഇ.ജയൻ സമദ് താനാളൂർ, ഒ. രാജൻ, ഒ.സുരേഷ് ബാബു, എ.പി സുബ്രഹ്മണ്യൻ, സിറാജ്, എ.പി സിദ്ധീഖ്, സുലൈമാൻ അരീക്കാട്, പി.വി വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർമാൻ പി.പി ഷംസുദ്ദീൻ സ്വാഗതവും, ഡോ. പി.പി ഹാഷിം നന്ദിയും പറഞ്ഞു.

 

    ഒന്നാം പിണറായി സർക്കാരിന്റെ 2020-2021ലെ ബജറ്റിൽ താനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ഉയർത്തുന്നതിന് 10 കോടി രൂപ വകയിരുത്തിയിരുന്നു. 2021-2022ലെ ബഡ്ജറ്റിൽ ആശുപത്രിക്ക് മറ്റൊരു 10 കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. നാല് നിലയിൽ രൂപകൽപ്പന ചെയ്ത ആശുപത്രി കെട്ടിടത്തിന്റെ പുതിയ ഡിഎസ്ഒആർ റിവിഷൻ പ്രകാരം 12.38 രൂപ ചെലവഴിച്ച് 25,000 സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള ഒന്നാം നില കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് നടത്തിയത്. ശിലാസ്ഥാപനത്തോടനുബന്ധിച്ച് സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും അരങ്ങേറി.

 

date