Skip to main content

ഉദ്ഘാടത്തിന് തയ്യാറായി കാക്കത്തോട് പാലം

ഒക്ടോബര്‍ നാലിന് മന്ത്രി നാടിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമര്‍പ്പിക്കും

പോരൂര്‍ - പാണ്ടിക്കാട് പഞ്ചായത്തുകളെയും വണ്ടൂര്‍- മഞ്ചേരി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വടപുറം - പട്ടിക്കാട് സംസ്ഥാനപാതയിലെ അയനികോടുള്ള കാക്കത്തോട് പാലത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ നാലിന് ഉച്ചയ്ക്ക് 12.30ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എ.പി അനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ രാഹുല്‍ ഗാന്ധി, അബ്ദുസമദ് സമദാനി എന്നിവര്‍ പങ്കെടുക്കും. അഡ്വ.യു.എ ലത്തീഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ എന്നിവര്‍ പങ്കെടുക്കും.

3.85 കോടി രൂപ ചെലവഴിച്ചാണ് കാക്കത്തോടിനു കുറുകെ പാലം നിര്‍മിച്ചത്. പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നിലവിലുള്ള പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. 1942 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന്റെ തൂണുകള്‍ക്കും സ്ലാബുകള്‍ക്കും ബലക്കുറവും പാര്‍ശ്വഭിത്തിക്കു സമീപം ഇടിച്ചിലും തൂണുകള്‍ക്കു വിള്ളലുകളും അടിഭാഗത്തെ കരിങ്കല്‍ കെട്ടിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ പാലത്തിനു സമാന്തരമായി തൊട്ടടുത്തു തന്നെ പുതിയ പാലം നിര്‍മിച്ചത്.

 
ഈ പാലത്തിന് 10 മീറ്റര്‍ നീളമായിരുന്നു. മൂന്ന് സ്പാനോടുകൂടിയ 3.60 മീറ്റര്‍ വീതിയുള്ള ഒറ്റവരി പാലം പുനര്‍നിര്‍മ്മിയ്ക്കുന്നതിനായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  ഭരണാനുമതിയും സാങ്കേതികനുമതിയും ലഭിച്ചു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് 2020 ജൂണില്‍ അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി        ജി.സുധാകരന്‍ വീഡിയോകോണ്‍ഫറന്‍സ് വഴിയാണ് പാലത്തിന് തറക്കല്ലിട്ടത്.

 
ലോക്ക്ഡൗണിനെ തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചിരുന്നതിനാലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന കാരണത്താലും  നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ലോഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍മാണ സാമഗ്രികളും മറ്റു ക്രഷര്‍ മെറ്റീരിയലുകളും ലഭിയ്ക്കാത്ത സാഹചര്യവും ന്യൂനമര്‍ദ്ദം കാരണമുണ്ടായ കനത്ത മഴയില്‍ നിര്‍മാണ ജോലികള്‍ തടസപ്പെട്ടതും  പദ്ധതി പൂര്‍ത്തീകരണത്തിനായി കാലതാമസം നേരിട്ടിരുന്നു. അതിനാല്‍ പദ്ധതി പൂര്‍ത്തീകരണ കാലാവധി മെയ് 2022 വരെ ദീര്‍ഘിപ്പിച്ചു കിട്ടി.

പുതിയ പാലം ഗതാഗത യോഗ്യമാകുന്നതോടെ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ മുതലായ ഭാഗങ്ങളില്‍ നിന്നും ജില്ലയിലെ വഴിക്കടവ്, നിലമ്പൂര്‍ മുതലായ ഭാഗങ്ങളില്‍ നിന്നും  പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നീ ഭാഗങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാന്‍ സാധിക്കും. ഈ ഭാഗങ്ങളിലുള്ളവര്‍ ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളെയാണ്. അതിനാല്‍ ദിവസവും നൂറുകണക്കിന് ആംബുലന്‍സുകളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത.് പഴയ വീതി കുറഞ്ഞ പാലത്തിലെ ആംബുലന്‍സുകളടക്കമുള്ള  വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വളരെയധികം പ്രയാസം നേരിട്ടിരുന്നതിനാല്‍ അവയ്ക്ക്  പരിഹാരമാവുകയും മലപ്പുറം ജില്ലയിലെ വടക്കന്‍ മേഖലയെ കേരളത്തിലെ തെക്കന്‍ ഭാഗങ്ങളുമായി വ്യാപാരത്തിനും മറ്റും ബന്ധപ്പെടുന്നതിന് ഈ പാലം വീതി കൂട്ടി പുതുക്കി നിര്‍മിച്ചതിലൂടെ സാധ്യമാവുകയും ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 
22 മീറ്റര്‍ നീളത്തിള്ള രണ്ട് സ്പാനോടുകൂടി ആകെ 44 മീറ്റര്‍ നീളവും 7.50 മീറ്റര്‍ റോഡ് വേയും  ഇരുവശത്തും 1.50 മീറ്റര്‍ വീതം നടപ്പാതകളും അടക്കം ആകെ 11.00 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചിട്ടുള്ളത്. പാണ്ടിക്കാട് ഭാഗത്തേയ്ക്ക് 471 മീറ്ററും  വണ്ടൂര്‍ ഭാഗത്തേയ്ക്ക് 14 മീറ്ററും വീതമുള്ള അപ്രാച്ച് റോഡുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. രണ്ടു വര്‍ഷത്തിനുശേഷം പ്രവൃത്തി പൂര്‍ത്തീകരിച്ച് കാക്കത്തോട് പാലം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍.

date