Skip to main content

കൃഷിപാഠശാലയുമായി ഞാറക്കൽ കൃഷിഭവൻ

കർഷകർക്ക് കൃഷി പാഠശാലയൊരുക്കി ഞാറക്കൽ കൃഷിഭവൻ. ശാസ്ത്രീയ പച്ചക്കറി കൃഷി ആണ് പാഠശാലയിലെ പ്രധാന വിഷയം. കൃഷി വകുപ്പിന് കീഴിലുള്ള അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്മെൻ്റ് ഏജൻസി(ആത്മ)യുടെ  ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

വാണിജ്യ അടിസ്ഥാനത്തിൽ പ്രാദേശിക വിപണിക്ക് വേണ്ടി പച്ചക്കറി കൃഷി  ചെയ്യാൻ താല്പര്യം ഉള്ള 25 കർഷകരെയാണ് പാഠശാലയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ പ്ലാനിംഗിൽ  വിപണി മനസിലാക്കി വിള ഇറക്കുന്നതിനും, കൃഷിഭവന്റെ ആഴ്ചച്ചന്തയിലൂടെ പച്ചക്കറി വിൽപ്പന നടത്തുന്നതിനും പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു.

25 പേരടങ്ങുന്ന കൂട്ടായ്മയുടെ കൂടെ കൃഷിഭവൻ  ഓരോ ഘട്ടത്തിലും ഉണ്ടാകും. കർഷകരുടേതായ ഒരു  സ്ഥിരം വിപണി ഞാറക്കൽ പഞ്ചായത്തിൽ സൃഷ്ടിച്ചെടുക്കുക എന്ന  ഉദ്ദേശത്തിലാണ് ക്ലാസ് ആരംഭിച്ചത്. തുടർച്ചയായ ആഴ്ചകളിൽ ഉച്ച വരെ നീളുന്ന ആറു ക്ലാസുകൾ ഉണ്ടായിരിക്കും.

ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ടി ഫ്രാൻസിസ്, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ ചെറിയാൻ വാളൂരാൻ എന്നിവർ പഠിതാക്കൾക്ക് ആശംസകൾ അറിയിച്ചു. കൃഷി ഓഫീസർ എയ്ഞ്ചല സിറിയക് കൃഷി പാഠശാലയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ഞാറക്കൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.വി സൂസമ്മ ആദ്യ ക്ലാസ്സ്‌ എടുത്തു.

 

date