Skip to main content

നിയമസഭാ സമ്മേളനം 5 മുതൽ

        പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ഡിസംബർ 5ന് ആരംഭിക്കും. നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനം 9 ദിവസം ചേരാനാണ് തീരുമാനിച്ചതെന്ന് സ്പീക്കർ എ.എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

        നിയമ നിർമ്മാണത്തിനുവേണ്ടി മാത്രമായി ചേർന്ന ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ  സെപ്റ്റംബർ 12 വരെ സമ്മേളിച്ചിരുന്നു. ഇതിൽ 12 ബില്ലുകൾ പാസാക്കി. ഒരു ബിൽ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലാണ്. ഏഴ് ബില്ലുകൾക്ക് ഗവർണറുടെ അസന്റ് ലഭിക്കേണ്ടതുണ്ട്. ഈ സമ്മേളനത്തിൽ സഭ പരിഗണിക്കേണ്ട ബില്ലുകൾ സംബന്ധിച്ച് ആദ്യ ദിവസം ചേരുന്ന കാര്യോപദേശക സമിതി (BAC) യുടെ ശിപാർശ പ്രകാരം തീരുമാനിക്കും.

ആസാദി കാ അമൃത് മഹോത്സവത്തിന്റെയും കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെയും ഭാഗമായി നവംബർ-ഡിസംബർ മാസങ്ങളിലായി നടത്തുവാൻ തീരുമാനിച്ചിരുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, സഭാ സമ്മേളനത്തിന്റെ സാഹചര്യത്തിൽ 2023 ജനുവരി 9 മുതൽ 15 വരെ നടക്കും. കൂടാതെ നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മേഖലാടിസ്ഥാനത്തിൽ സംഘടിപ്പിച്ചു വരുന്ന പുസ്തക പ്രദർശനം, സാഹിത്യകാരന്മാരേയും മുൻ നിയമസഭാംഗങ്ങളെയും ആദരിക്കൽ, കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച സെമിനാർ, ക്വിസ് മത്സരം എന്നീ പരിപടികൾ ഇത്തവണ ഡിസംബർ 20ന് തൃശ്ശൂരിൽ സംഘടിപ്പിക്കുമെന്ന് സ്പീക്കർ അറിയിച്ചു.

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും പരിപോഷണത്തിന് ശക്തി പകരുന്ന മാധ്യമ പ്രവർത്തനം, പൊതു സമൂഹത്തെ സ്വാധീനിക്കുകയും സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത അന്വേഷണാത്മക മാധ്യമ റിപ്പോർട്ട്, നിയമസഭാ നടപടികളുടെ റിപ്പോർട്ടിംഗ് എന്നിങ്ങനെ മൂന്ന് മേഖലകളിൽ ദൃശ്യ-അച്ചടി മാധ്യമ വിഭാഗങ്ങളിലെ  മികച്ച സൃഷ്ടികൾക്കായി യഥാക്രമം ആർ. ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ്, ഇ.കെ. നായനാർ നിയമസഭാ മാധ്യമ അവാർഡ്, ജി. കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് എന്നീ പേരുകളിൽ കേരള നിയമസഭ ഏർപ്പെടുത്തിയിരിക്കുന്ന മാധ്യമ അവാർഡുകൾക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 50000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും. അവാർഡിനെ സംബന്ധിക്കുന്ന നിബന്ധനകൾ, അപേക്ഷ ഫോം എന്നിവ അടങ്ങുന്ന സ്കീം വിജ്ഞാപനം എന്ന www.niyamasabha.org യിൽ ലഭ്യമാണ്. ഡിസംബർ 9നകം അപേക്ഷ ലഭിക്കണം.

പി.എൻ.എക്സ്. 5887/2022

date