Skip to main content
ദുരന്ത നിവാരണ മുന്നൊരുക്കവും ലഘുകരണവും സന്നദ്ധ സേന പ്രവർത്തകർക്കുള്ള പരിശീലനം കലക്ടറേറ്റ് ആസൂത്രണ ഭവൻ ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

ദുരന്തങ്ങളെ  നേരിടാൻ ജില്ല സജ്ജം:  പരിശീലനം നേടിയത് ആയിരത്തോളം വളന്റിയർമാർ

 

ദുരന്തങ്ങളെ നേരിടുന്നതിനു യുവാക്കളെയും സാധാരണക്കാരെയും പ്രാപ്തരാക്കാൻ സന്നദ്ധസേന ഡയറക്ടറേറ്റും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പരിശീലന പരിപാടിക്ക് സമാപനം.  അഞ്ചു ഘട്ടങ്ങളിലായി നടന്ന പരിപാടിയിൽ ആയിരത്തോളം പേർക്കാണ് പരിശീലനം നൽകിയത്. ദുരന്തനിവാരണം, സന്നദ്ധസേവനം, പ്രഥമശുശ്രൂഷ, അഗ്നിരക്ഷ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.

ദുരന്തസാധ്യതകൾ മുൻകൂട്ടി കണ്ട് പ്രതിരോധമാർഗം തയ്യാറാക്കുകയും ആവശ്യമായ മുൻകരുതൽ സ്വീകരിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുകയുമാണ് പരിശീലത്തിലൂടെ ലക്ഷ്യമിട്ടത്. എല്ലാ താലൂക്കുകളിലും പരിശീലനം പൂർത്തിയായതോടെ അപകടം എവിടെയുണ്ടായാലും ഓടിയെത്താൻ  ദുരന്തനിവാരണസേന ശക്തമായി മുന്നിലുണ്ടാകുന്ന സ്ഥിതിയായി. ദുരന്തങ്ങളെ തദ്ദേശീയമായിതന്നെ നേരിടാനാണ് പരിശീലനം നൽകുന്നത്. 

തൃശൂർ താലൂക്കിലെ സന്നദ്ധ പ്രവർത്തകർക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം നൽകിയത്. തുടർന്ന് മുകുന്ദപുരം, ചാലക്കുടി ,കൊടുങ്ങല്ലൂർ ചാവക്കാട്, കുന്നംകുളം, തലപ്പിള്ളി താലൂക്കുകളിലെ വളന്റിയർമാർക്കും പരിശീലനം നൽകി. അഞ്ചാംഘട്ടമായി ജില്ലയിലെ ആശാ വർക്കർമാർക്കുള്ള പരിശീലനം ആസൂത്രണഭവൻ ഹാളിൽ നടന്നു. ജില്ലയിൽ ഇതുവരെ നടന്ന പരിശീലന പരിപാടികളിൽ പങ്കെടുക്കാത്തവർക്കും അവസരമുണ്ടായിരുന്നു. 220 പേർ പരിപാടിയിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും സന്നദ്ധസേന പോർട്ടലിൽ നിന്ന് ഇ-സർട്ടിഫിക്കറ്റും നൽകി.

പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ദുരന്തനിവാരണ മുന്നൊരുക്കവും ലഘൂകരണവും എന്ന വിഷയത്തിൽ ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി ക്ലാസെടുത്തു. ഫയർ ആൻഡ് സേഫ്റ്റി ടെക്നിക്കുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ തൃശൂർ ഫയർ സ്റ്റേഷനിലെ പ്രജീഷ് പി കെ ക്ലാസ്സ്‌ നയിച്ചു. ദുരന്തത്തിൽപെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ആദ്യം നൽകേണ്ട പ്രഥമ ശുശ്രൂഷയെ കുറിച്ച് മണലൂർ പിഎച്ച്‌സിയിലെ ഡോ. അജയ് രാജ് ക്ലാസെടുത്തു.ഡെപ്യുട്ടി കലക്ടർ (ദുരന്തനിവാരണം) കെ എസ് പരീത്, ഡിസാസ്റ്റർ മനേജ്മെന്റ്  ജൂനിയർ സൂപ്രണ്ട് രമാദേവി, കൈല  ഇന്റേൺ സ്നിജ ജോയ് എന്നിവർ പങ്കെടുത്തു.

date