Skip to main content
ക്വിസ് പ്രസ് മധ്യമേഖലാതല മത്സരം വെള്ളിയാഴ്ച (2)

ക്വിസ് പ്രസ് മധ്യമേഖലാതല മത്സരം വെള്ളിയാഴ്ച (2)

അറിവാണ് ലഹരി എന്ന സന്ദേശമുയര്‍ത്തി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ക്വിസ് പ്രസ് മത്സരത്തിന്റെ മധ്യമേഖലാ തല മത്സരം ഡിസംബര്‍ രണ്ട് വെളളിയാഴ്ച നടക്കും. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടനം കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ നിര്‍വഹിക്കും. ചടങ്ങില്‍ മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു അധ്യക്ഷത വഹിക്കും.

ഹയര്‍സെക്കന്‍ഡറി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരത്തിനുള്ള സ്‌പോട്ട് രജിസ്‌ട്രേഷന്‍ രാവിലെ എട്ടിന് ആരംഭിക്കും. പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ള ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത വിദ്യാര്‍ത്ഥികളും രജിസ്റ്റര്‍ ചെയ്തവരും സ്‌കൂള്‍/കോളേജ് തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി കോളേജില്‍ എത്തിച്ചേരണമെന്ന് അധികൃതര്‍ അറിയിച്ചു.  ക്വിസ്പ്രസിനോടനുബന്ധിച്ച് ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന ഫോട്ടോ പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും രാവിലെ 9.30ന് ആരംഭിക്കും.

ക്വിസ് പ്രസിന്റെ സംസ്ഥാനതല വിജയികള്‍ക്ക് ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ പേരിലുള്ള ട്രോഫിയും പ്രശസ്തി പത്രവും അടങ്ങുന്ന സമ്മാനങ്ങള്‍ ലഭിക്കും. രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും മികവു പുലര്‍ത്തുന്ന മറ്റു നാലു ടീമുകള്‍ക്ക് 10,000 രൂപ വീതവും ലഭിക്കും. മേഖലാതല മത്സര വിജയികള്‍ക്കും യഥാക്രമം 10,000 രൂപയും 5,000 രൂപയും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി ലഭിക്കും. 

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലുള്ളവര്‍ക്കാണ് കോലഞ്ചേരിയില്‍ നടക്കുന്ന മധ്യമേഖലാ മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ടു പേരടങ്ങിയ എത്ര ടീമുകള്‍ക്ക് വേണമെങ്കിലും മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും www.keralamediaacademy.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 9447225524, 9633214169 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യാം.

date