Skip to main content

കോവിഡ് മഹാമാരിയുടെ ആഘാതം: മലയാളി പ്രവാസികളില്‍ സര്‍വ്വെ ആരംഭിച്ചു

 

 

സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോവിഡ് മഹാമാരിയുടെ ആഘാതം മലയാളി പ്രവാസികളില്‍ സര്‍വ്വെ ആരംഭിച്ചു. സംസ്ഥാനത്ത് തിരഞ്ഞെടുത്ത 800 യൂണിറ്റുകളിലായി സാമ്പിള്‍ സര്‍വ്വെ ആരംഭിച്ചു.  ഒന്നാം ഘട്ട സര്‍വ്വെയുടെ ഭാഗമായി പഠനത്തിനാധാരമായ പ്രവാസികളെ കണ്ടെത്തുന്നതിന് സാമ്പിള്‍ യൂണിറ്റുകളിലെ മുഴുവന്‍ വീടുകളുടെയും പട്ടിക തയ്യാറാക്കി വരികയാണെന്ന് ജില്ലാ സാമ്പത്തിക സ്ഥിതി വിവര കണക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ തയ്യാറാക്കിയ പട്ടികയിലുള്ള പ്രവാസികളില്‍ നിന്നും വിശദമായ വിവരശേഖരണം നടത്തും. വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥരാണ് വിവരശേഖരണം നടത്തുന്നത്. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട വെല്ലുവിളികള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, കോവിഡ് പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി തിരിച്ചെത്തി മടങ്ങി പോകാന്‍ കഴിയാത്ത പ്രവാസികളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥ മനസ്സിലാക്കുക, മടങ്ങി പോകാത്തവര്‍ക്ക് സംസ്ഥാനത്ത്  തൊഴില്‍ സംരംഭങ്ങള്‍ ഒരുക്കുക, ഉചിതമായ പുനഃരധിവാസ പാക്കേജ് തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സ്ഥിതിവിവരക്കണക്കുകള്‍ രൂപപ്പെടുത്തുക, പ്രവാസികളുടെ തൊഴില്‍ നൈപുണ്യം സംസ്ഥാനത്ത് എങ്ങനെ പ്രയോജനപ്പെടുത്തിയെന്ന് മനസ്സിലാക്കുക, പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യത, വിദേശത്തെ തൊഴില്‍, സാമൂഹിക പശ്ചാത്തലം എന്നിവ മനസ്സിലാക്കുക, സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലകളില്‍ പ്രവാസികള്‍ അഭിമുഖീകരിക്കുന്ന  പ്രശ്‌നങ്ങള്‍,  പ്രവാസികളുടെ അഭിരുചികള്‍ കണ്ടെത്തുക എന്നിവ ലക്ഷ്യമാക്കിയാണ് സര്‍വ്വെ നടത്തുന്നത്. ഇതിന് പുറമേ നിലവില്‍ വിദേശത്തും അന്യസംസ്ഥാനങ്ങളിലും തൊഴില്‍, വിദ്യാഭ്യാസം എന്നിവക്കായി പോയവരുടെ കണക്കുകള്‍ ശേഖരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

date