Skip to main content

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളജിസ് 

 

ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളജിസ് (GEX Kerala’ 23), ഫെബ്രുവരി 4- 6, മറൈൻ ഡ്രൈവ്‌ കൊച്ചി
പത്രക്കുറിപ്പ്

 

 

 

ഖര- ദ്രവ്യ പരിപാലന രംഗത്ത് ആവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യവിമുക്ത സംസ്ഥാനമായി മാറ്റുന്നതിനുള്ള ഉദ്യമങ്ങള്‍ക്ക് ഊന്നല്‍ നല്‍കി കൊണ്ട്  തദ്ദേശസ്വയംഭരണ വകുപ്പിനുവേണ്ടി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ 2023 ഫെബ്രുവരി 4 മുതൽ 6 വരെ എറണാകുളം മറൈൻ ഡ്രൈവിൽ വച്ച്  GEX Kerala’ 23 (ഗ്ലോബൽ എക്സ്പോ ഓൺ വേസ്റ്റ് മാനേജ്മന്റ് ടെക്നോളോജിസ്) സംഘടിപ്പിക്കുന്നു. ഇന്ത്യയ്ക്കകത്തും വിദേശത്തും നിന്നുമുള്ള മാലിന്യ പരിപാലന മേഖലയിലെ ആധുനിക സാങ്കേതിത വിദ്യകളും യന്ത്രോപകരണങ്ങളും ആശയങ്ങളും ബദൽ ഉത്പന്നങ്ങളും അവതരിപ്പിക്കപ്പെടുന്ന 100 - ൽ പരം സ്റ്റാളുകൾ പ്രദർശനവേദിയിൽ ഒരുക്കിയിട്ടുണ്ട്. മാലിന്യ പരിപാലന സംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ദൂരീകരിച്ച് പൊതു അവബോധം വളർത്തുന്നതിനും അവസരമൊരുക്കും. മാലിന്യ സംസ്കരണ രംഗത്ത്‌ കേരളം സാക്ഷ്യംവഹിക്കുന്ന ഏറ്റവും വിപുലവും നൂതനവുമായ പഠന-പ്രദർശന-ചർച്ചാ വേദിയാകും പരിപാടി. 

കോൺക്ലേവിൽ കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പത്ത്  പ്രതിനിധികൾ വീതം പങ്കെടുക്കുന്നതിന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.  തദ്ദേശ സ്ഥാപനങ്ങളിലെ മേയർ/ചെയർപേഴ്സൺ/പ്രസിഡന്റ്, സെക്രട്ടറി, സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ, ഹരിതകർമ്മ സേന കൺസോഷ്യം ഭാരവാഹികൾ എന്നിവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളായിരിക്കും പങ്കെടുക്കുന്നത്. മാലിന്യ സംസ്കരണ രംഗത്തെ ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങൾ മനസിലാക്കി, അതാത്‌ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നടപ്പിലാക്കാൻ കോൺക്ലേവ്‌ സഹായകമാകും. 

മാലിന്യ സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന ഹരിതകേരള മിഷൻ, ക്ലീൻ കേരള കമ്പനി, കേരള സോളിഡ് വേസ്റ്റ് മാനേജ്മെൻറ് പ്രൊജക്റ്റ്,  അമൃത് പദ്ധതി,  ഇമ്പാക്ട് കേരള ലിമിറ്റഡ്, കേരള വാട്ടർ അതോറിറ്റി,  മലിനീകരണ നിയന്ത്രണ ബോർഡ്,   തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ്‌ കോൺക്ലേവ് ഒരുക്കുന്നത്‌. വലിയ തോതിൽ മാലിന്യം ഉല്പാദിപ്പിക്കുന്ന  ഓഡിറ്റോറിയങ്ങൾ , ഷോപ്പിംഗ് മാളുകൾ, വ്യവസായങ്ങൾ, ഹോട്ടലുകൾ, ആശുപത്രികൾ, കെട്ടിട നിർമ്മാണ സ്ഥാപനങ്ങൾ തുടങ്ങിയവുടെ പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ എന്നിവർക്ക് കോൺക്ലേവിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്. ഓൺലൈൻ സംവിധാനം വഴി രജിസ്റ്റർ ചെയ്യുന്നവർക്കാണ് സന്ദർശനത്തിന് അവസരമൊരുക്കിയിട്ടുള്ളത്. പൊതുജനങ്ങൾക്ക് 250 രൂപ നിരക്കിൽ ഫീസ് നൽകികൊണ്ടും വിദ്യാർത്ഥികൾക്ക് 100 രൂപ നിരക്കിലും Environment Science/Environment Engineering  വിദ്യാർത്ഥികൾക്ക് സൗജന്യമായും കോൺക്ലേവ് സന്ദർശിക്കാവുന്നതാണ്. 

മറൈൻ ഡ്രൈവിൽ ഒരുക്കുന്ന അതിവിശാലമായ ശീതികരിച്ച പവലിയനിൽ അന്താരാഷ്ട്ര സാങ്കേതിക വിദ്യകൾ പരിചയപെടുത്തുന്നതിനുള്ള നൂറിൽപരം  സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. Technology providers, logistic  providers , Service Providers, Innovators, Alternate Product Manufactures, Machine Manufacturers തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പുവരുത്തിയിട്ടുണ്ട്‌. മാലിന്യ സംസ്കരണ രംഗത്ത് ദേശീയ- അന്തർദേശീയ തലത്തിൽ അംഗീകാരം ലഭിച്ച തദ്ദേശ സ്ഥാപനങ്ങൾ നടപ്പിലാക്കിയ മികച്ച മാതൃകകൾ എക്സ്പോയിൽ പ്രദർശിപ്പിക്കും.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മാലിന്യ പരിപാലന മേഖലയിലെ വിദഗ്ദ്ധർ, വിവിധ അക്കാദമിക് സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വിഷയമേഖലയിലെ സംഘടനകൾ, വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കൊണ്ട് 8 പാനൽ ചർച്ചകൾ, 7 സെമിനാറുകൾ, വിഷയവിദഗ്ദ്ധരുടെ 3 പ്രഭാഷണങ്ങൾ, ബിസിനസ് to ബിസിനസ്സ് മീറ്റ്, knowledge ഹബ് എന്നിവയും ഒരുക്കിയിട്ടുണ്ട്.  ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 126 വിദഗ്ദ്ധർ ഈ ടെക്നിക്കൽ സെഷനുകളിൽ പങ്കെടുക്കുന്നതിന് എത്തിച്ചേരുന്നുണ്ട്.  തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങളും, നൂതന സാങ്കേതിക വിദ്യകളും അവതരിപ്പിക്കാൻ നവ സംഭരംഭകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക്  അവസരമൊരുക്കുന്ന Innovators Forum എക്സ്പോയുടെ മറ്റൊരു പ്രത്യേകതയാണ്‌. പ്രദർശനവേദിയിൽ അവതരിപ്പിക്കപ്പെടുന്ന വിവിധ  സാങ്കേതിക വിദ്യകളും ആശയങ്ങളും സംബന്ധിച്ച് തുറന്ന ആശയവിനിമയത്തിനും തുടർചർച്ചകൾക്കും വേദിയൊരുക്കുന്ന മുഖാമുഖങ്ങളും  ഒരുക്കിയിട്ടുണ്ട്‌. 

ഫെബ്രുവരി നാലിന്‌ രാവിലെ 10 മണിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ കോൺക്ലേവിന്റെ  ഉദ്‌ഘാടനം നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുഖ്യ പ്രഭാഷണം നടത്തും. വ്യവസായ മന്ത്രി പി രാജീവ്, ജർമ്മൻ കോൺസുലേറ്റ് ജനറൽ ആചിം ബർക്കാർട്ട് എന്നിവർ മുഖ്യാതിഥിയായിരിക്കും. ചീഫ് സെക്രട്ടറി വി പി ജോയ്‌ IAS മുഖ പ്രഭാഷവും തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ: ശർമ്മിള മേരി ജോസഫ് IAS സ്വാഗതവും ആശംസിക്കും. കൊച്ചി കോർപ്പറേഷൻ മേയർ എം. അനിൽകുമാർ, എറണാകുളം എം.പി ഹൈബി ഈഡൻ, MLA മാരായ ടി.ജെ.വിനോദ്, കെ.എൻ.ഉണ്ണിക്കൃഷ്ണൻ, കെ.ജെ.മാക്സി, ഉമാ തോമസ്, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നവകേരളം കർമ്മപദ്ധതി-2 കോർഡിനേറ്റർ ഡോ. ടി.എൻ.സീമ എന്നിവർ വിശിഷ്ടതിഥികളായിരിക്കും. ഇതിന് പുറമെ ഒട്ടേറെ കേന്ദ്ര സംസ്ഥാന ഉന്നത ഉദ്യോഗസ്ഥരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പങ്കെടുക്കും. 

മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തും ഉള്ളത് പോലെ മാലിന്യ സംസ്കരണ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള അനന്ത സാദ്ധ്യതകൾ കേരളത്തിലുണ്ട്‌. സ്വകാര്യ പങ്കാളിത്തത്തോടെ കേരളത്തിൽ നടപ്പിലാക്കിയ Chicken Rendering Plant -കൾ ഇതിന്റെ ഉത്തമ ഉദാഹരണമാണ്‌. കെട്ടിട നിർമാണ- നീക്കം ചെയ്യൽ അവശിഷ്ടങ്ങൾ, മുടി മാലിന്യം, സാനിറ്ററി-ബയോ മെഡിക്കൽ  മാലിന്യങ്ങൾ,  റബ്ബർ-ഗ്ലാസ് മാലിന്യങ്ങൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നീ മേഖലകളിൽ   സംരംഭക ആശയങ്ങളും ഈ മേഖലയിൽ സംരംഭം ആരംഭിക്കാൻ താത്പര്യമുള്ളവരും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് കോൺക്ലേവ്‌ അവസരം ഒരുക്കും.  പ്ലാസ്റ്റിക്ക് കവറുകളും ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും നിരോധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രകൃതി സൗഹൃദ ബദൽ ഉൽപ്പന്ന നിർമാണ രീതികൾ പരിചയപ്പെടുത്താനും, അത്തരം സംരംഭങ്ങൾക്ക് പ്രോത്സാഹനം നൽകാനുമുള്ള സൗകര്യവും പരിപാടിയിൽ ഒരുക്കും.  

കേരളത്തിന്റെ വികസന വഴിയിൽ ഒരു പുതിയ ചിന്തയ്ക്ക്‌ ഈ പരിപാടി തുടക്കം കുറിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. വരുന്ന 3 വർഷത്തിനുള്ളിൽ കേരളത്തിലെ മാലിന്യ പരിപാലന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച്‌ മാലിന്യമുക്ത കേരളം സൃഷ്ടിക്കണമെന്നാണ്‌ സർക്കാർ ലക്ഷ്യമിടുന്നത്‌. ഈ മേഖലയിൽ നൂതന സംഭരംഭങ്ങൾ മുഖേന 75000 തൊഴിൽ അവസരങ്ങളെങ്കിലും സൃഷ്ടിക്കാനും നമുക്ക്‌ കഴിയണം. തദേശ ഭരണ സ്ഥാപനങ്ങൾ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്ന മാലിന്യ സംസ്കരണ പ്രവർത്തനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് വളർത്തുന്നതിനും, നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാര വഴികൾ കണ്ടെത്തുന്നതിനും കോൺക്ലേവ്‌ സഹായകമാകും. ഇങ്ങനെ മാലിന്യ മുക്ത കേരളം ഒരുക്കാനുള്ള പ്രവർത്തനത്തിൽ കൊച്ചി വേദിയാകുന്ന ഈ കോൺക്ലേവിന്‌ നിർണ്ണായക പങ്ക്‌ വഹിക്കാനാകും.

എക്സിക്യൂട്ടീവ് ഡയറക്ടർ
                                                                  ശുചിത്വ മിഷൻ

date