Skip to main content

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുരക്ഷാ ഓഡിറ്റിങിന്  വിധേയമാക്കണം: ഡിഡിഎംഎ

    വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സുരക്ഷാ ഓഡിറ്റിങിന് വിധേയമാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി(ഡിഡിഎംഎ) യോഗം നിര്‍ദേശിച്ചു. അടുത്ത അധ്യയന വര്‍ഷം തുടങ്ങുന്നിന് മുമ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സേഫ്റ്റി ഓഡിറ്റ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദേശിച്ചു. 

    മഴയ്ക്കു മുമ്പ് ജില്ലയിലെ കനാലുകള്‍ വൃത്തിയാക്കും. ജില്ലയിലെ റോഡുകളിലെ തല്‍സ്ഥിതി പരിശോധിക്കുവാന്‍ സബ് കളക്ടര്‍, ആര്‍ഡിഒ എന്നിവരെ ചുമതലപ്പെടുത്തി. റോഡുകളിലെ സിഗ്നല്‍, ഗതാഗത തടസം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി പരിഹരിക്കാനും യോഗം തീരുമാനിച്ചു. 

    പാലങ്ങളില്‍ നിന്ന് ആളുകള്‍ ചാടുന്നതും മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും തടയുന്നതിന് ഉയരത്തില്‍ വേലി സ്ഥാപിക്കേണ്ട പാലങ്ങളുടെ പട്ടിക സമര്‍പ്പിക്കുവാന്‍ ഫയര്‍ ആന്റ് സേഫ്റ്റിയെ ചുമതലപ്പെടുത്തി. തീരദേശ റോഡുകളില്‍ അടിഞ്ഞിരിക്കുന്ന മണ്ണ് നീക്കം ചെയ്യാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.

    മത്സ്യബന്ധന ബോട്ടുകളില്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിന് മുനമ്പം ഹാര്‍ബറിനെ മാതൃക ഹാര്‍ബര്‍ ആക്കുന്നതിന് ആവശ്യമായ നടപടികള്‍ പദ്ധതി തയ്യാറാക്കും. 
    
    യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, സബ് കളക്ടര്‍ പി.വിഷ്ണുരാജ്, ദുരന്ത നിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷാ ബിന്ദു മോള്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date