Skip to main content

വാട്ടര്‍ ടാങ്കറുകളിലെ കുടിവെള്ള വിതരണം: ഉറവിടങ്ങളിലെത്തി ഗുണനിലവാര  പരിശോധന നടത്തണം: ജില്ലാ കളക്ടര്‍

 

     വാട്ടര്‍ ടാങ്കറുകളില്‍ ഫ്‌ളാറ്റുകളില്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്ന കുടിവെള്ളം ശേഖരിക്കുന്ന ഉറവിടങ്ങളിലെത്തി ഗുണനിലവാര പരിശോധന നടത്തുവാന്‍ താലൂക്ക്തല കമ്മിറ്റികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് നിര്‍ദേശം നല്‍കി. കുടിവെള്ള വിതരണത്തിനായി പാറമടകളില്‍ നിന്നും ജലം ശേഖരിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. താലുക്ക്തലത്തിലെ കുടിവെള്ള സ്രോതസുകള്‍ കണ്ടെത്തുന്നതിനും നിര്‍ദേശം നല്‍കി. ഓപ്പറേഷന്‍ പ്യൂവര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി ചേര്‍ന്ന യോഗത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശങ്ങള്‍. ഓപ്പറേഷന്‍ പ്യൂവര്‍ വാട്ടര്‍ പദ്ധതിയുടെ ഭാഗമായി രൂപികരിച്ചതാണ് താലൂക്ക്തല കമ്മിറ്റികള്‍. 

    ഫെബ്രുവരി 20 നകം താലുക്ക്തല കമ്മിറ്റികള്‍ ചേര്‍ന്ന് പരിശോധനകള്‍ നടത്തണം. സ്‌കൂളുകളില്‍ കിണറുകളിലെ വെള്ളത്തിന്റെ ഗുണനിലവാരവും പരിശോധിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

    അനധികൃതമായി വെള്ളം എടുക്കുന്നുണ്ടോയെന്നും താലുക്ക്തല സ്‌ക്വാഡുകള്‍ പരിശോധിക്കണം. വാട്ടര്‍ ടാങ്കറുകളില്‍ വാട്ടര്‍ മീറ്റര്‍ സ്ഥാപിച്ച് കാര്യക്ഷമമായ ജലവിതരണം നടപ്പാക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കുവാന്‍ ലീഗല്‍ മെട്രോളജിയെ ചുമതലപ്പെടുത്തി.

    യോഗത്തില്‍ സബ് കളക്ടര്‍ പി.വിഷ്ണുരാജ്, ഡെപ്യുട്ടി കളക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date