Skip to main content

ലഹരിക്കെതിരെ ജില്ലയിൽ 750 'ചൈൽഡ് അമ്പാസഡർമാർ' 

 

--------------------------------------

 *കുട്ടികൾക്ക് സമഗ്ര കായിക പരിശീലനത്തിന്  മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ "കളിക്കൂട്ടങ്ങൾ"* 

=====================

മലപ്പുറം : കായിക രംഗത്തെ സമഗ്ര വളർച്ചയും ലഹരിക്കെതിരെ യുവതലമുറയുടെ പ്രതിരോധവും ലക്ഷ്യമിട്ടു കൊണ്ട് കുട്ടികൾക്ക് മികച്ച കായിക പരിശീലനം നൽകുന്ന "കളിക്കൂട്ടങ്ങൾ" പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌.

   

    ജില്ലാ പഞ്ചായത്തിൻ്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തിയാണ് പഞ്ചായത്ത്‌ തലത്തിൽ ബാലസഭാംഗങ്ങൾക്ക് കായിക പരിശീലനവും സ്പോർട്സ് കിറ്റുകളുടെ വിതരണവും ആരോഗ്യ അവബോധ പരിപാടികളും ഉൾക്കൊള്ളുന്ന ശ്രദ്ധേയമായ പദ്ധതി ആരംഭിക്കുന്നത്.

 

   ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട ഓരോ കേന്ദ്രങ്ങളിലായി 750 കുട്ടികൾക്കാണ് ആദ്യ ഘട്ടത്തിൽ ഫുട്ബോൾ, ഹാൻഡ്‌ ബോൾ പരിശീലനം.  ക്യാമ്പിലേക്ക് തെരെഞ്ഞെടുക്കപ്പെടുന്ന പരിശീലനാർത്ഥികളെ ജില്ലയിൽ കുട്ടികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ അംബാസ്സഡർമാരായി നിയോഗിക്കും. ഇവർ 'ചൈൽഡ് അംബാസ്സഡർ' മാർ എന്നാണ് അറിയപ്പെടുക. 

   കളിയോടൊപ്പം ആരോഗ്യ പരിശോധന, വ്യായാമമുറകൾ, നല്ല ഭക്ഷണ ശീലങ്ങൾ എന്നിവയും ശീലിപ്പിക്കുന്ന  പദ്ധതി ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെയും , കുടുംബശ്രീയുടെയും സഹകരണത്തോടെയാണ് നടപ്പിലാക്കുന്നത്. കുട്ടികളിൽ കായിക മുന്നേറ്റത്തിനൊപ്പം മികച്ച സ്വഭാവ രൂപീകരണം കൂടി ലക്ഷ്യമിടുന്ന പദ്ധതി പുതിയ തലമുറയെ കായിക മേഖലയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുള്ള ബൄഹത് പദ്ധതി കൂടിയാണ്. 

 

    ഒരു കേന്ദ്രത്തിൽ 30 ആൺകുട്ടികളും 20 പെൺകുട്ടികളും ഉൾപ്പെടെ 50 കുട്ടികൾക്കായിരിക്കും പരിശീലനം. ഇവർക്ക് നൽകുന്ന സ്പോർട്സ് കിറ്റിൽ ടീമിന് ആവശ്യമായ സ്പോർട്സ് സാമഗ്രികൾ, ഓരോ കുട്ടിക്കുമുള്ള ബൂട്സ്, ജേഴ്സി തുടങ്ങിയവ ഉൾപ്പെടും. 

15 കേന്ദ്രങ്ങളിലായി ആകെ 750 കുട്ടികൾ പരിശീലന പരിപാടിയുടെ ഭാഗമാകും.

    ആൺ കുട്ടികൾക്ക് ഫൂട്ബോൾ,  പെൺകുട്ടികൾക്ക് ഹാൻഡ് ബോൾ എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം. പരിശീലന സ്ഥലങ്ങൾ, പരിശീലകർ തുടങ്ങിയവ അതാത് ഗ്രാമപ്പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് ഒരുക്കുക. കുട്ടികളുടെ മൊബിലൈസേഷൻ, ക്യാമ്പ് മോണിട്ടറിംഗ് എന്നിവക്ക് കുടുംബശ്രീ നേതൃത്വം നൽകും.

 

പരിശീലന ക്യാമ്പിന് മുന്നോടിയായി ഒരോ കേന്ദ്രത്തിലും  ആരോഗ്യ പരിശോധന ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് കുട്ടികൾക്ക് ഹെൽത്ത്കാർഡ് നൽകും.  ഹൈറ്റ്, വെയ്റ്റ്, ബോഡി മാസ് ഇൻഡക്സ് തുടങ്ങിയ പരിശോധനകൾ ആരോഗ്യ നിർണ്ണയ ക്യാമ്പിൽ സജ്ജീകരിക്കും.  

 

    3 മാസം നീണ്ടു നിൽക്കുന്ന ക്യാമ്പുകൾ ഈ മാസം തന്നെ ആരംഭിക്കും.  പരീക്ഷ ക്കാലമായതിനാൽ മാർച്ച് മാസം ക്യാമ്പ് നിർത്തി വെച്ച് മദ്ധ്യവേനലവധിക്കാലത്ത് പുനരാരംഭിക്കുന്നത്തിനും  പദ്ധതിയുടെ ഭാഗമായി രൂപീകൃതമാകുന്ന ടീമുകളെ ഉൾപ്പെടുത്തി ക്കൊണ്ട് ജില്ലാതല ടൂർണമെൻ്റ് സംഘടിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

    പദ്ധതി സംബന്ധിച്ച് വിശദമായി ചർച്ച ചെയ്യുന്നതിനും അന്തിമ രൂപം കാണുന്നതിനുമായി ബന്ധപ്പെട്ട 15 ഗ്രാമ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്റുമാരുടെയും സി. ഡി. എസ് ചെയർപേഴ്സൺമാരുടെയും യോഗം ഇന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് ജില്ലാ പഞ്ചായത്ത്‌ ഹാളിൽ ചേരുമെന്ന് പ്രസിഡന്റ്‌ എം. കെ. റഫീഖ, അറിയിച്ചു.

date