Skip to main content
സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ദാരിദ്ര ലഘുകരണ വിഭാഗം ഓഫീസില്‍ നടന്ന വിവിധ സബ്കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍മാരുടെ യോഗം

തദ്ദേശ ദിനാഘോഷം-സബ് കമ്മിറ്റി യോഗം ചേര്‍ന്നു   1200 തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന്  3600 ഓളം ജനപ്രതിനിധികള്‍ പങ്കെടുക്കും 

 

ഫെബ്രുവരി 18,19 തീയതികളിലായി തൃത്താല ചാലിശ്ശേരി  അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാനതല തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ സബ്കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍മാരുടെ യോഗം പാലക്കാട്  ജില്ലാ ദാരിദ്ര ലഘുകരണ വിഭാഗം ഓഫീസില്‍ ചേര്‍ന്നു. ദാരിദ്ര ലഘുകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്റെ നേതൃത്വത്തിലായിരുന്നു യോഗം ചേര്‍ന്നത്. സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും മൂന്ന് പ്രതിനിധികള്‍ വീതം 3600 പേരാവും പങ്കെടുക്കുക. രജിസ്‌ട്രേഷന്‍  ഏകദേശം പൂര്‍ത്തിയായെന്ന് ഡിസ്ട്രിക്ട് ടെക്‌നിക്കല്‍ ഓഫീസറും വെബ് കാസ്റ്റിംഗ് ആന്‍ഡ് ഐ.ടി കമ്മിറ്റി അംഗവുമായ സി. ശിവപ്രസാദ് അറിയിച്ചു. ഫെസ്റ്റില്‍  പങ്കെടുക്കുന്നവര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഗുരുവായൂര്‍, കുന്നംകുളം, പെരുമ്പിലാവ്, ചെറുതുരുത്തി, കുറ്റിപ്പുറം, കൊപ്പം, പട്ടാമ്പി, ഷൊര്‍ണൂര്‍, കൂറ്റനാട്, കുമ്പിടി, പൊന്നാനി, എടപ്പാള്‍, ചെറുപ്പുളശ്ശേരി എന്നീ സ്ഥലങ്ങളിലായാണ് സജ്ജീകരിച്ചിരിക്കുന്നത് അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എം.പി രാമദാസ് അറിയിച്ചു.

 കലാപരിപാടികള്‍ 14 മുതല്‍: ചാലിശ്ശേരി മുലയംപറമ്പിൽ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ 66 സ്റ്റാളുകള്‍ 

തദ്ദേശ ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 14 മുതലാവും കലാപരിപാടികള്‍ ആരംഭിക്കുക. നാടകം, ചവിട്ട്, സൂഫി ഡാന്‍സുള്‍പ്പെടെയുള്ള ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 14 ന് വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിലും മറ്റ് ദിവസങ്ങളില്‍ വിവിധ വേദികളിലുമാകും പരിപാടി നടക്കുക. ചാലിശ്ശേരി മുലയം പറമ്പിൽ നടക്കുന്ന പ്രദര്‍ശന-വിപണന മേളയില്‍ കരകൗശല-കൈത്തറി വസ്തുക്കള്‍, ഗോത്ര-ഭക്ഷ്യ ഉത്പന്നങ്ങള്‍ ഉള്‍പ്പെട്ട കുടുംബശ്രീയുടെ 25 സ്റ്റാള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെയും പഞ്ചായത്ത്-നഗരസഭാ തലത്തില്‍ ആകെ 66 സ്റ്റാളുകളാണ് സജ്ജീകരിക്കുന്നത്. സുസ്ഥിര തൃത്താല പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ണ്- ജലം-കൃഷി സംരക്ഷണത്തിന് പ്രത്യേക സ്റ്റാളുകളും ഉണ്ട്. തൃത്താലയ്ക്ക് ഉത്സവ പ്രതീതി ഉണര്‍ത്തി കൊണ്ടാണ് സംസ്ഥാനതല തദ്ദേശ ദിനാഘോഷം സംഘടിപ്പിക്കുന്നത്.
 

date