Skip to main content

പ്രകൃതി സൗഹൃദ ഉത്പന്നങ്ങളുമായി കുടുംബശ്രീ സ്റ്റാള്‍ 

 

കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ചേർന്ന്  സംഘടിപ്പിക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ കുടുംബശ്രീ ഒരുക്കുന്നത് പ്ലാസ്റ്റിക്കിന് ബദലായുള്ള ഉത്പന്നങ്ങളുടെ പ്രദര്‍ശനം. വിവിധ കുടുംബശ്രീ സംരംഭകരുടെ പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. 

വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നായി 50 ലധികം ഉത്പന്നങ്ങളാണ് എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്നത്. തുണി സഞ്ചി, പേപ്പര്‍ പേന, മൊബൈല്‍ സ്റ്റാന്‍ഡ് തുടങ്ങി നിത്യജീവിതത്തില്‍ പ്രയോജനകരമായ വസ്തുക്കളാണ് പ്രകൃതി സൗഹൃദ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ട് തയാറാക്കി പ്രദര്‍ശിപ്പിക്കുന്നത്. ഇത്തരം വസ്തുക്കള്‍ വാങ്ങുന്നതിന് സ്റ്റാളില്‍ സൗകര്യമുണ്ടായിരിക്കില്ലെങ്കിലും ഉത്പാദകരുടെ പൂര്‍ണ്ണ വിവരങ്ങളും ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതിനുള്ള നമ്പറുകളും പ്രദര്‍ശിപ്പിക്കും. 

കേരളത്തിന്റെ മാലിന്യ നിര്‍മ്മാര്‍ജനത്തില്‍ സുപ്രധാന പങ്കു വഹിക്കുന്ന ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിക്കുന്ന ഫോട്ടോ, വീഡിയോ പ്രദര്‍ശനവും കുടുംബശ്രീ സ്റ്റാളില്‍ അവതരിപ്പിക്കും. ഗ്ലോബല്‍ എക്‌സ്‌പോയുടെ ഭാഗമായി ഭക്ഷ്യമേളയും കുടുംബശ്രീ അവതരിപ്പിക്കുന്നുണ്ട്. 8000 ചതുരശ്ര അടിയിലുള്ള 10 ഫുഡ് സ്റ്റാളുകളാണ് എക്‌സ്‌പോയിലുള്ളത്. വിഐപികള്‍ക്കായി പ്രത്യേക സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഭക്ഷ്യവിഭവങ്ങള്‍ മേളയിലുണ്ടാകും.

date