Skip to main content

കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി മുഖ്യമന്ത്രി

*ഇ-നിയമസഭ ആപ്പിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു

ഇ-നിയമസഭ ആപ്പിന്റെ ഒന്നാം ഘട്ടം പ്രവർത്തന സജ്ജമായതോടെ കേരള നിയമസഭ വീണ്ടും രാജ്യത്തിന് മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. കേരള നിയമസഭയിൽ കൊണ്ടുവന്ന വിവിധ പരിഷ്‌കാരങ്ങളുടെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും നടപടികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആധുനിക സാങ്കേതികവിദ്യയുടെ വികാസത്തിനനുസരിച്ച് നിയമസഭാ നടപടിക്രമങ്ങളിൽ വേഗതയും സുതാര്യതയും ചടുലതയും ഉറപ്പാക്കുന്നതാകും ഇ-നിയമസഭ ആപ്പ് എന്നും 'ഇ-നിയമസഭ ആപ്പ് പുറത്തിറക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിനനുസരിച്ച് സർക്കാർ സേവനങ്ങളും ദ്രുതഗതിയിൽ മാറുന്നുണ്ട്. ഇ-ഗവേണൻസ് നല്ല രീതിയിൽ ശക്തിപ്പെടുത്താൻ സംസ്ഥാന സർക്കാരിന് സാധിച്ചു. സർക്കാർ സേവനങ്ങൾ ഓൺലൈനായും മൊബൈൽ ആപ്പ് വഴിയും ലഭ്യമാക്കാൻ സാധിക്കുന്നു.  ഇ-നിയമസഭ ആ ഗണത്തിൽ വരുന്ന സേവനമാണ്- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിയുന്നത്ര വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നിയമസഭാ പ്രവർത്തനങ്ങളുടെ ഗുണഫലങ്ങൾ ജനങ്ങൾക്ക് എത്തിക്കുന്നതിന് ഇ-നിയമസഭ ഉപകരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമസഭാ പ്രസംഗങ്ങൾ,  ചോദ്യങ്ങൾമറുപടികൾഉപചോദ്യങ്ങൾമറ്റ് രേഖകൾ എന്നിവ സാമാജികർക്ക് ഇ-നിയമസഭ വഴി ലഭ്യമാകും.  മാധ്യമപ്രവർത്തകർക്കും നിയമസഭാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കാൻ കഴിയും. ജനാധിപത്യത്തിന്റെ ഒന്നാം തൂണാണ് ലെജിസ്ലേച്ചർ. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളിലുമുള്ള വിശ്വാസം ജനങ്ങൾക്ക് വർധിക്കുമ്പോൾ ജനാധിപത്യം ശക്തിപ്പെടും. സുതാര്യതവേഗത എന്നിവയിലൂന്നി ലെജിസ്ലേച്ചർ പ്രവർത്തനം ചടുലമാക്കുമ്പോൾ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിക്കുകയാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ സ്പീക്കർ എ.എൻ ഷംസീർ അധ്യക്ഷത വഹിച്ചു. കേരള നിയമസഭ പുതിയ കുതിപ്പിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.എൽ.എമാരുടെ ഹാജർ മുഴുവൻ കമ്പ്യൂട്ടറിലേക്ക് മാറ്റി.  ചോദ്യങ്ങൾ ചോദിക്കാൻ സാമാജികർക്ക് പഴയതുപോലെ കൈ പോക്കണ്ട ആവശ്യമില്ല,  അവർക്ക് മുന്നിലെ സ്‌ക്രീനിൽ വിരൽ അമർത്തിയാൽ മതിയാകും. ഈ രീതിയിലുള്ള പ്രകടമായ മാറ്റമാണ് നടക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഐ.ടി വിഭാഗമായ യു.എൽ.ടി.എസ് ആണ് ഇ-നിയമസഭ രൂപകൽപന ചെയ്തിരിക്കുന്നത്.

ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർനിയമസഭാ സെക്രട്ടറി എ. എം ബഷീർചീഫ് വിപ്പ് ഡോ. എൻ ജയരാജ്,  ഇ ചന്ദ്രശേഖരൻ എം.എൽ.എ എന്നിവർ സംസാരിച്ചു. മന്ത്രിമാരും എം.എൽ.എമാരും സന്നിഹിതരായിരുന്നു.

പി.എൻ.എക്സ്. 732/2023

date