Skip to main content

പള്ളിയോടത്തിന് ഭീഷണിയായി നില്‍ക്കുന്ന മരം മുറിച്ചുമാറ്റണം -  താലൂക്ക് വികസന സമിതി

 

ആറന്മുള ഉതൃട്ടാതി ജലമേള നടക്കുന്ന ഇടശേരിമല കിഴക്ക് പള്ളിയോടക്കടവിന് സമീപം ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പ്രസാദ് വേരുങ്കലാണ് ഇതുസംബന്ധിച്ച ആവശ്യം സമിതിയില്‍ ഉന്നയിച്ചത്. സോഷ്യല്‍ ഫോറസ്ട്രി വിഭാഗം മരങ്ങളുടെ വില നിശ്ചയിച്ച് നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ജലമേളയ്ക്ക് മുമ്പ് അത്യധികം അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് സമിതി ആവശ്യപ്പെട്ടു. 

ആറന്മുള ഗ്രാമപഞ്ചായത്തില്‍ കിടങ്ങന്നൂര്‍ മാര്‍ക്കറ്റിന് മുമ്പിലുള്ള പിഡബ്ല്യുഡി റോഡിലെ വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കോഴിപ്പാലം ജംഗ്ഷനില്‍ അപകടകരമായി നില്‍ക്കുന്ന ബദാംമരം മുറിച്ചു മാറ്റുക, ഭക്ഷണ സാധനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് പരിശോധന കര്‍ശനമാക്കു ക തുടങ്ങിയ ആവശ്യങ്ങളും സമിതി ഉന്നയിച്ചു.

ഓമല്ലൂര്‍-കുളനട റോഡിന്റെ പുറമ്പോക്ക് കണ്ടെത്തി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന് സമിതിയില്‍ ആവശ്യമുയര്‍ന്നു. ഓമല്ലൂര്‍-കുളനട റോഡില്‍ മാത്തൂര്‍ ഗവണ്‍മെന്റ് യുപിഎസ് മുതല്‍ കത്തോലിക്കപ്പള്ളി ഭാഗം വരെയുള്ള വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടഞ്ഞുകിടക്കുന്ന തോട് പുനര്‍നിര്‍മിക്കുക, ഇലന്തൂര്‍-പ്രക്കാനം റോഡ് സഞ്ചാരയോഗ്യമാക്കുക, ചെന്നീര്‍ക്കര-വള്ളിക്കോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം പണി പൂര്‍ത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല അജിത്ത് ഉന്നയിച്ചു. 

ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കലാഅജിത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്‍, ബ്ലോക്ക് പഞ്ചായത്തംഗം വത്സമ്മ മാത്യു, ഭൂരേഖ തഹസീല്‍ദാര്‍ കെ.സതിയമ്മ, ഡെപ്യൂട്ടി തഹസീല്‍ദാര്‍  കെ.ജയദീപ്, വിവിധ തദ്ദേശഭരണ ഭാരവഹികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധി കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                   (പിഎന്‍പി 2255/18)

date