Skip to main content

മാലിന്യസംസ്‌കരണത്തിന് പത്തനംതിട്ട മാതൃക, വീണാജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കര്‍മ്മപരിപാടിക്ക് തുടക്കം

 

മാലിന്യസംസ്‌കരണം യഥാവിധം നടപ്പിലാക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും ഇത് പൊതുബോധത്തിന്റെ ഭാഗമാകണമെന്നും വീണാജോര്‍ജ് എം.എല്‍.എ. പത്തനംതിട്ട നഗരസഭയിലെ മാലിന്യപ്രശ്‌നം പരിഹരിക്കുന്നതിന് വീണാജോര്‍ജ് എം.എല്‍.എ മുന്നോട്ട് വച്ച ക്ലീന്‍ ഗ്രീന്‍ പത്തനംതിട്ട കര്‍മ്മപരിപാടിയുടെ വര്‍ക് ഷോപ്പില്‍ സംസാരിക്കുകയായിരുന്നു എം.എല്‍.എ. ആറന്മുള മണ്ഡലത്തിലെ ഏക നഗരസഭയായ പത്തനംതിട്ടയെ മാലിന്യവിമുക്തമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും നഗരസഭയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും എം.എല്‍.എ വ്യക്തമാക്കി. വീടുകളില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ വ്യക്തികള്‍ തയ്യാറാകാത്തതാണ് നഗരസഭയിലെ മാലിന്യങ്ങള്‍ അനിയന്ത്രിതമായി വര്‍ദ്ധിക്കുവാന്‍ കാരണം. ശരിയായ രീതിയില്‍ മാലിന്യസംസ്‌കരണവും മാലിന്യനീക്കവും നടത്താന്‍ ഓരോരുത്തരും മുന്നോട്ട് വരണം. മാലിന്യവിമുക്തനഗരസഭ രൂപീകരിക്കണമെങ്കില്‍ ഓരോരുത്തരും അവരവരുടെ ഉത്തരവാദിത്വം ഏറ്റെടുത്തേ മതിയാകു. പത്തനംതിട്ടയില്‍ നടപ്പാക്കുന്ന ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാകണമെന്നും എംഎല്‍എ പറഞ്ഞു.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വര്‍ക് ഷോപ്പില്‍  ഗാര്‍ഹിക ഉറവിടമാലിന്യസംസ്‌കരണം, സാമൂഹ്യ ഖരമാലിന്യമാനേജ്‌മെന്റ്, സ്ഥാപന ഉറവിടസംസ്‌കരണം ഹോട്ടലുകള്‍ വ്യാപാരസ്ഥാപനങ്ങളില്‍ എങ്ങനെ നടപ്പിലാക്കാം, അറവ്, കോഴിമാലിന്യസംസ്‌കരണം, നിയമങ്ങളും ചട്ടങ്ങളും നടപ്പിലാക്കല്‍, നഗരസൗന്ദര്യവല്‍ക്കണം, പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തി. 

പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ് അധ്യക്ഷത വഹിച്ച ചടങ്ങില്‍   ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.രശ്മിമോള്‍ മാലിന്യസംസ്‌കരണത്തില്‍ പത്തനംതിട്ട നഗരസഭയുടെ നിലവിലുള്ള അവസ്ഥ വിവരിച്ചു. ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ.ആര്‍. അജയ്കുമാര്‍ വര്‍മ്മ ഖരമാലിന്യസംസ്‌കരണവും തദ്ദേശഭരണസ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കില ഡയറക്ടര്‍ ഡോ.ജോയ് ഇളമണ്‍, ആദി പമ്പ വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്ത\ കോ-ഓര്‍ഡിനേറ്റര്‍ ബീന ഗോവിന്ദന്‍, ശുചിത്വമിഷന്‍ പ്രോഗ്രാം ഓഫീസര്‍ ഷാജി ക്ലമന്റ്,  പത്തനംതിട്ട നഗരസഭാ സെക്രട്ടറി എ.എന്‍ മുംതാസ്, വൈസ് ചെയര്‍മാന്‍ പി.കെ ജേക്കബ് , ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ , പ്രതിപക്ഷ നേതാവ് പി.കെ അനീഷ്, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍. രാജേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍, വ്യാപാരി വ്യവസായികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ റസിഡന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ വര്‍ക് ഷോപ്പില്‍ പങ്കൈടുത്തു.         (പിഎന്‍പി 2263/18)       

date