മോട്ടോർ തൊഴിലാളികളുടെ മക്കൾക്കുള്ള അവാർഡ് വിതരണവും ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനവും ഇന്ന് (28.03.2023)
മോട്ടർ തൊഴിലാളികളുടെ കലാ-കായിക അക്കാദമിക് രംഗങ്ങളിൽ ദേശീയതലത്തിലും, സംസ്ഥാനതലത്തിലും മികവ് തെളിയിച്ച കുട്ടികൾക്കുള്ള സ്വർണ്ണ പതക്ക വിതരണവും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ സംവിധാനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനവും ഇന്ന് (28 മാർച്ച്) നടക്കുമെന്ന് ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ അറിയിച്ചു. വൈകിട്ട് 3.30 ന് തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്കുള്ള സ്വർണപ്പതക്കവും മന്ത്രി വിതരണം ചെയ്യും. ബോർഡിന്റെ ഓൺലൈൻ സേവനങ്ങളുടെ ഉദ്ഘാടനം ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ നിർവഹിക്കും. ഗതാഗത മന്ത്രി അദ്ധ്യക്ഷനായ ചടങ്ങിൽ നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും സെക്രട്ടറി അജിത് കുമാറും ഓഫീസുകളുടെ ഐ എസ് ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപനം ലേബർകമ്മിഷണർ ഡോ കെ വാസുകിയും നിർവഹിക്കും.
ബോർഡ് പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 11,05,207 തൊഴിലാളികൾക്കായി 26,87,95,842 രൂപ പെൻഷൻ ഉൾപ്പെടെ 79,29,89,651 രൂപയുടെ ആനുകുല്യങ്ങൾ വിതരണം ചെയ്തു കഴിഞ്ഞതായും ചെയർമാൻ അറിയിച്ചു. ചടങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രഞ്ജിത്ത്. പി. മനോഹർ, മോട്ടോർ മേഖലയിലെ വിവിധ സംസ്ഥാന ട്രേഡ് യൂണിയൻ നേതാക്കൾ, ബോർഡ് ഡയറക്ടർമാർ തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്സ്. 1496/2023
- Log in to post comments