Skip to main content
ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ ചേംബറിൽ ചേർന്ന ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗം

പതിനെട്ട് വയസിനു മുകളിൽ പ്രായമുള്ളവർ ആധാർ പുതുക്കണം: ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് 

 

ജില്ലയിൽ ആധാർ പുതുക്കൽ നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന ആധാർ ഡോക്യുമെൻ്റ് അപ്ഡേഷനുമായി ബന്ധപ്പെട്ട യോഗത്തിൽ തീരുമാനമായി.  18 വയസിനു മുകളിലുള്ള എല്ലാവരും എത്രയും പെട്ടെന്ന് ആധാർ പുതുക്കണമെന്ന്  ജില്ലാ കളക്ടർ പറഞ്ഞു.

ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാർ പുതുക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നടപടികൾ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കായി തൊഴിലിടങ്ങളിൽ ആധാർ പുതുക്കൽ സേവനം ആരംഭിച്ചിട്ടുണ്ട് .

ഇലക്ഷൻ ഐ.ഡി കാർഡ്, റേഷൻ കാർഡ് (ഉടമസ്ഥൻ മാത്രം), ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സർവീസ്/ പെൻഷൻ ഫോട്ടോ ഐ.ഡി കാർഡ്, പാസ്പോർട്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് തുടങ്ങിയവയിൽ ഏതെങ്കിലും പേര് തെളിയിക്കുന്ന രേഖയും പാസ്പോർട്ട്, ഇലക്ഷൻ ഐ.ഡി കാർഡ്, റേഷൻ കാർഡ്, കിസാൻ ഫോട്ടോ പാസ് ബുക്ക്, ഭിന്നശേഷി ഐ.ഡി കാർഡ്, സർവീസ് ഫോട്ടോ ഐ.ഡി കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്‌, ട്രാൻസ്ജെൻഡർ ഐഡി കാർഡ്, ഇലക്ട്രിസിറ്റി/ ഗ്യാസ് കണക്ഷൻ/ വാട്ടർ/ ടെലിഫോൺ/ കെട്ടിട നികുതി ബില്ലുകൾ, രജിസ്ട്രേഡ് സെയിൽ എഗ്രിമെന്റ് തുടങ്ങിയ വിലാസം തെളിയിക്കുന്ന രേഖയും സഹിതം ആധാർ സേവന കേന്ദ്രത്തിലെത്തി ആധാർ പുതുക്കാവുന്നതാണ്.

അഞ്ചുമുതൽ ഏഴു വയസ്സ് വരെയുള്ള കുട്ടികളുടെയും, 15നും 17നും ഇടയിൽ പ്രായമുള്ളവരുടെയും ബയോമെട്രിക് രേഖകളും  പുതുക്കേണ്ടതാണ്. ഫോൺ നമ്പറുമായി ആധാർ കാർഡ് ബന്ധിപ്പിക്കാത്തവർ   ബന്ധിപ്പിക്കേണ്ടതുമാണ്.

യോഗത്തിൽ യു.ഐ.ഡി.എ.ഐ സി.ഇ.ഒ സൗരഭ് ഗാർഗ്‌,  യു.ഐ.ഡി.എ.ഐ സംസ്ഥാന ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, യു.ഐ.ഡി.എ.ഐ ബാംഗ്ലൂർ അസിസ്റ്റന്റ് മാനേജർ എം.വെങ്കിട്ട്, അക്ഷയ ജില്ലാ പ്രോജക്ട് മാനേജർ ചിഞ്ചു സുനിൽ, അസിസ്റ്റന്റ് പ്രോജക്ട് കോഓർഡിനേറ്റർ എൻ.ആർ പ്രേമ തുടങ്ങിയവർ പങ്കെടുത്തു.

date