Skip to main content

കരുതലും കൈത്താങ്ങും; പരാതി പരിഹാര അദാലത്ത് ഏപ്രില്‍, മെയ് മാസങ്ങളില്‍

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഏപ്രില്‍, മെയ് മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. പൊതുജനങ്ങളില്‍ നിന്ന് ഏപ്രില്‍ ഒന്ന് മുതല്‍ പത്ത് വരെ പരാതികളും അപേക്ഷകളും സ്വീകരിക്കും. പരാതികള്‍ നേരിട്ട് സ്വീകരിക്കുന്നതിന് താലൂക്ക് തലത്തില്‍ താലൂക്ക് അദാലത്ത് സെല്ലും പരാതികളിലുള്ള നടപടികള്‍ നിരീക്ഷിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലുകളും രൂപീകരിക്കും.

പരാതികള്‍ ഓണ്‍ലൈനായും നേരിട്ടും നല്‍കാം

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി നേരിട്ടും അക്ഷയകേന്ദ്രങ്ങള്‍ മുഖേനയും താലൂക്ക് ഓഫീസുകളിലും പരാതികള്‍ നല്‍കാം. അദാലത്തില്‍ മന്ത്രിമാര്‍ നേരിട്ട് പരാതി സ്വീകരിക്കില്ല. നേരിട്ടുള്ള പരാതികള്‍ സ്വീകരിക്കുന്നതിനും പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനും അദാലത്ത് വേദിയില്‍ പ്രത്യേകം സൗകര്യം ഉണ്ടായിരിക്കും. അത്തരം പരാതികളില്‍ ഒരാഴ്ചയ്ക്കകം തീരുമാനം കൈക്കൊണ്ട് അത് ജില്ലാതല അദാലത്ത് മോണിറ്ററിങ് സെല്ലിനെ അറിയിക്കണം. ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം), സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍, തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍, പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം, റേഷന്‍ കാര്‍ഡ് തുടങ്ങി 28 വിഷയങ്ങളിലുള്ള പരാതികള്‍ മാത്രമേ സ്വീകരിക്കൂ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍, ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ/പി.എസ്.സി സംബന്ധമായ വിഷയങ്ങള്‍, ജീവനക്കാര്യം (സര്‍ക്കാര്‍), നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍, പോലീസ് കേസുകള്‍ തുടങ്ങി 12 വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കില്ല. താലൂക്ക് തലത്തില്‍ സ്വീകരിക്കുന്ന പരാതികള്‍ ഓരോ വകുപ്പിന്റെയും ജില്ലാ മേധാവിമാരുടെ നേതൃത്വത്തിലുള്ള അദാലത്ത് സെല്ലുകള്‍ പരിശോധിച്ച് തീര്‍പ്പാക്കാന്‍ കഴിയുന്നവ മാത്രം തെരഞ്ഞെടുത്താണ് അദാലത്തില്‍ കൊണ്ടുവരുക.
 

അദാലത്ത് സെല്‍ രൂപീകരണം

ഒരു ഡെപ്യൂട്ടി കലക്ടര്‍ കണ്‍വീനറും തഹസില്‍ദാര്‍ ജോയിന്റ് കണ്‍വീനറുമായാണ് താലൂക്ക്തല അദാലത്ത് സെല്‍ രൂപീകരിക്കുക. എല്ലാ വകുപ്പുകളിലെയും ജില്ലാതല ഓഫീസുകളില്‍ ജില്ലാ ഓഫീസര്‍ കണ്‍വീനറും ജില്ലാതല ഓഫീസിന് താഴെ ആ വകുപ്പിന് ഓഫീസുകള്‍/സ്ഥാപനങ്ങള്‍ ഉണ്ടെങ്കില്‍ ഓഫീസ്/സ്ഥാപന മേധാവികള്‍ അംഗങ്ങളുമായി ജില്ലാതല അദാലത്ത് സെല്ലും രൂപീകരിക്കും. ജില്ലാ അദാലത്ത് സെല്ലുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള ജില്ലാതല മോണിറ്ററിങ് സെല്ലില്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനും ആര്‍.ഡി.ഒമാര്‍ വൈസ് ചെയര്‍മാന്മാരും ജില്ലാ പ്ലാനിങ് ഓഫീസര്‍ അംഗവുമായിരിക്കും. അദാലത്ത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തുടര്‍നടപടി സ്വീകരിക്കുന്നതിനുമായി ഏപ്രില്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ തഹസില്‍ദാര്‍മാരുടെയും വിവിധ വകുപ്പ് ജില്ലാ മേധാവികളുടെയും യോഗം ചേരും. ഏപ്രില്‍ 13 ന് ജില്ലയിലെ മന്ത്രിമാരുടെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
 

date