Skip to main content

ഇരുപത്തിയാറ് പഞ്ചായത്തുകളിൽ വിജയകരമായി പൂർത്തിയാക്കി നൈപുണ്യ നഗരം പദ്ധതി

 

മുതിർന്ന പൗരന്മാരെയും സ്മാർട്ടാക്കുക  എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച നൈപുണ്യ നഗരം പദ്ധതി 26 പഞ്ചായത്തുകളിൽ വിജയകരമായി പൂർത്തിയാക്കി. ജില്ലാ ആസൂത്രണ സമിതിയും ജില്ലാ പഞ്ചായത്തും സംയുക്തമായി  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. 

തൃപ്പൂണിത്തുറ, പിറവം, മൂവാറ്റുപുഴ, നോർത്ത് പറവൂർ, തൃക്കാക്കര, പെരുമ്പാവൂർ മുനിസിപ്പാലിറ്റികളിലും വരാപ്പുഴ, ആമ്പല്ലൂർ, മുളന്തുരുത്തി, വടക്കേക്കര, കടമക്കുടി, എടക്കാട്ടുവയൽ, കുഴുപ്പിള്ളി, കുമ്പളം, പള്ളിപ്പുറം, മഴുവന്നൂർ, കരുമാലൂർ, ഐക്കരനാട്, പുത്തൻവേലിക്കര, ആയവന, വാരപ്പെട്ടി, കടുങ്ങല്ലൂർ, നായരമ്പലം, മലയാറ്റൂർ നീലീശ്വരം, കോട്ടുവള്ളി, കാലടി എന്നീ പഞ്ചായത്തുകളിലുണ് 2022 - 23 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിച്ചത്.

82 ഗ്രാമപഞ്ചായത്തുകളിലെയും 13 നഗരസഭകളിലെയും 50 വീതം വയോജനങ്ങള്‍ക്ക് കമ്പ്യൂട്ടര്‍ അധിഷ്ഠിത ഉപകരണങ്ങളില്‍ പരിജ്ഞാനം നല്‍കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. മുതിർന്ന പൗരന്മാർക്ക് സൗജന്യമായാണ് പരിശീലനം നൽകുന്നത്.

വാർത്ത വിനിമയരംഗത്തും പണമിടപാട് രംഗത്തും ഉണ്ടായ ന്യൂതന സാങ്കേതികവിദ്യകൾ, ഈമെയിലുകൾ, ഗൂഗിൾ മീറ്റുകൾ, മലയാളത്തിലും ഇംഗ്ലീഷിലും ഡോക്യുമെന്റ് തയ്യാറാക്കൽ, പ്രിൻ്റ് എടുക്കൽ, പവർ പോയിൻ്റ് പ്രസന്റേഷൻ തയ്യാറാക്കൽ  തുടങ്ങിയവയാണ് 10 ദിവസത്തെ പരിശീലന പരിപാടി ഉൾപ്പെടുത്തി നടപ്പിലാക്കുന്നത്. 

തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലൻസാണ് പദ്ധതിയുടെ ഏകോപനം നിർവഹിച്ചത്. ഐ.എച്ച്.ആര്‍.ഡി. യുടെ എറണാകുളം റീജിയണല്‍ സെന്ററാണ് പരിശീലനം നൽകിയത്.

date