Skip to main content

കുത്തൊഴുക്ക് കോട്ടത്തറ അങ്ങാടിയെ തകര്‍ത്തെറിഞ്ഞു 

 

    കലിതുള്ളിയ കാലവര്‍ഷത്തിന്റെ കുത്തൊഴുക്കില്‍ ജില്ലയില്‍ ഏറെ നാശം വിതച്ച സ്ഥലങ്ങളിലൊന്നായി കോട്ടത്തറ അങ്ങാടി വിറങ്ങലിച്ച് നില്‍ക്കുന്നു.  അങ്ങാടിക്ക് തൊട്ടരികിലൂടെ ഒഴുകുന്ന ചെറുപുഴയില്‍ നിന്നുള്ള വെള്ളം കോട്ടത്തറ-പിണങ്ങോട് റോഡ് തുടങ്ങുന്നയിടവും സമീപത്തെ നിരവധി കടകളും തകര്‍ത്തെറിഞ്ഞാണ് പ്രദേശത്തിന്റെ ചരിത്രത്തിലൊന്നുമില്ലാത്തവിധം നാശം വിതച്ചത്.
    കോട്ടേക്കാരന്‍ അസ്ബക്കിന്റെ വര്‍ക്‌ഷോപ്പില്‍നിന്ന് ഒലിച്ചുപോയ ബൈക്കുകളും സ്‌കൂട്ടറുകളും കരളലിയിപ്പിക്കുന്ന കാഴ്ചയാണ്.  വര്‍ക്‌ഷോപ്പിലെ പണിയായുധങ്ങളും മറ്റ് സാധനസാമഗ്രികളും ഒലിച്ചുപോയതില്‍ മാത്രം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്ന് അസ്ബക് പറഞ്ഞു.  തൊട്ടടുത്ത റേഷന്‍ കടയിലെ 60 ചാക്കോളം അരി നശിച്ചു.  പരേതനായ കോട്ടേക്കാരന്‍ കുഞ്ഞമ്മത് ഹാജിയുടെ കെട്ടിടത്തിലുള്ള  പലചരക്ക് കടയും അക്ഷയ കേന്ദ്രയും  ഏറെക്കുറെ തകര്‍ന്ന നിലയിലാണ്.  അങ്ങാടിയിലെ നാല് പെട്ടിക്കടകള്‍ നാമാവശേഷമായി.  പുന്നോളി ഹൈദ്രോസ് കോയ തങ്ങള്‍, ലക്ഷംവീട് കോളനി ഗോപി, പുന്നോളി ആലി, കുന്നലത്ത് ഉസ്മാന്‍ എന്നിവരുടെതാണ് പെട്ടിക്കടകള്‍.  കോട്ടേക്കാരന്‍ മൂസയുടെ മലഞ്ചരക്ക് കടയുള്‍പ്പെടെ ഈ റോഡിലെ ഏതാണ്ടെല്ലാ കടകളിലും വെള്ളം കയറുകയുണ്ടായി. വലിയകുന്ന് അങ്ങാടിക്കുന്നില്‍ അസുഖബാധിതരായ സുബ്രഹ്മണ്യന്‍, ഭാര്യ അമ്മാളു എന്നിവരെ ഇന്നലെ രാവിലെയെത്തിയ ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ ബോട്ടില്‍ മൈലാടിയിലെത്തിച്ച ശേഷം കല്‍പ്പറ്റ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

        കോട്ടത്തറ പഞ്ചായത്തിലെ 3, 4, 5 വാര്‍ഡുകളൊഴികെ  മറ്റ് 10 വാര്‍ഡുകളും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുകയാണ്.  വലിയകുന്ന്, കുളക്കിമട്ടംകുന്ന്, ചേലാകുനിക്കുന്ന്, മാങ്കോട്ട്കുന്ന്, പുതിയേടത്ത്കുന്ന്, കല്ലട്ടി, പുതുശ്ശേരിക്കുന്ന്, കുറുമണി, പൊയില്‍, കള്ളംപടി, ഈരംകൊല്ലി, പാലപ്പൊയില്‍, കരിഞ്ഞകുന്ന്, പടവെട്ടി, ചെമ്പന്നൂര്‍ എന്നീ ജനവാസകേന്ദ്രങ്ങള്‍ ഏറെക്കുറെ ഒറ്റപ്പെട്ട നിലയിലാണ്.  മൈലാടി-വെണ്ണിയോട് റോഡ്, വെണ്ണിയോട്-കോട്ടത്തറ റോഡ്, വെണ്ണിയോട്-മെച്ചന റോഡ് എന്നിവ വെള്ളത്തിനടിയിലാണ്.  വെണ്ണിയോട് ടൗണില്‍ നിര്‍ത്തിയിട്ട രണ്ട് ബസുകളും നിരവധി ചെറു വാഹനങ്ങളും വെള്ളത്തില്‍ മുങ്ങി. പ്രശ്‌നബാധിതര്‍ക്കായി പഞ്ചായത്തില്‍ 12 പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
 

date