Skip to main content

മഴക്കെടുതി: ജില്ലയില്‍ 198.28 കോടി രൂപയുടെ നഷ്ടം 

 

ഉന്നയിച്ച ആവശ്യങ്ങള്‍

• ജലവിതരണം, വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണം എന്നിവയ്ക്ക് പാക്കേജില്‍ അടിയന്തിര പ്രാധാന്യം നല്‍കണം.

•  ആലപ്പുഴ-ചങ്ങനാശ്ശേരി- വാഴൂര്‍ ദേശീയ പാതയ്ക്ക് അടിയന്തിര അംഗീകാരത്തിന് ശുപാര്‍ശ നല്‍കണം. 

• നെല്‍കൃഷിക്ക് പ്രത്യേക പാക്കേജ്  

• സ്ഥിര സ്വഭാവത്തിലുളള ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര സഹായം 

മഴക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ 198.28 കോടിയുടെ നഷ്ടം സംഭവിച്ചതായി ജില്ലാ കളക്ടര്‍ ഡോ. ബി. എസ് തിരുമേനി കേന്ദ്രസംഘത്തെ അറിയിച്ചു. മഴക്കെടുതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനു മുമ്പായി കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ജില്ലയിലെ സ്ഥിതിഗതികള്‍ കളക്ടര്‍ വിശദീകരിച്ചത്. നാലുപേരടങ്ങിയ സംഘമാണ് കോട്ടയത്ത് സന്ദര്‍ശനം നടത്തിയത്. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി എ.വി               ധര്‍മ്മറെഡ്ഡി, ധനകാര്യ ജോയിന്റ് ഡയറക്ടര്‍ എസ്. സി മീണ, കേന്ദ്ര ജലകമ്മീഷന്‍ ഡയറക്ടര്‍ റ്റി. തങ്കമനി, ഗ്രാമ വികസന അസി. ഡയറക്ടര്‍ ചാഹത് സിംഗ് എന്നിവരാണ് കോട്ടയത്ത് സന്ദര്‍ശനം നടത്തിയത്. എം.എല്‍.എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അഡ്വ. കെ. സുരേഷ് കുറുപ്പ്, സി.എഫ് തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി, ജില്ലാ പോലീസ് മേധാവി ഹരി ശങ്കര്‍ എന്നിവരും ജില്ലയിലെ പ്രളയക്കെടുതിയുടെ ദുരന്തമുഖം കേന്ദ്രസംഘത്തെ അറിയിച്ചു. കണക്കാക്കിയ നഷ്ടത്തില്‍ കൃഷി വകുപ്പിന് മാത്രം 92 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ 53.24 കോടിയും പിഡബ്യൂഡി (റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജ്) 32.68 കോടിയും റവന്യൂ വകുപ്പില്‍ 11.37 കോടിയും ഇറിഗേഷന്‍ വകുപ്പില്‍ 3.65 കോടിയും വാട്ടര്‍ അതോറിറ്റി 2.08 കോടിയും കെഎസ്ഇബി 1.28 കോടിയും മൃഗസംരക്ഷണം 1.57 കോടിയും ഫിഷറീസ് 0.41 കോടി രൂപയുടെയും നഷ്ടമാണ് കണക്കാക്കിയിട്ടുളളത്. ഇവ താത്ക്കാലിക എസ്റ്റിമേറ്റാണെന്നും മഴ തുടരുന്നതിനാല്‍ പൂര്‍ണ്ണമായ കണക്കെടുപ്പ് നടത്തിയിട്ടില്ലെന്നും ജില്ലാ കളക്ടര്‍  അറിയിച്ചു. ജില്ലയില്‍ ഓഗസ്റ്റ് ആദ്യ ആഴ്ച വരെ 423 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെന്നും 611155 പേരെ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരുന്നതായും കളക്ടര്‍             അറിയിച്ചു. വളര്‍ത്തു മൃഗങ്ങള്‍ക്കായി 122 ക്യാമ്പുകളാണ് തുറന്നത്. ക്യാമ്പുകളില്‍ 903 മെഡിക്കല്‍ ക്യാമ്പുകള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കിണര്‍ മലിനമായ പ്രദേശങ്ങളില്‍  സൂപ്പര്‍ ക്ലോറിനേഷനും നടത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടുപോയവരെ ക്യാമ്പുകളില്‍ എത്തിക്കാനും ഭക്ഷണം, കുടിവെള്ളം, മരുന്ന്, വസ്ത്രങ്ങള്‍ എന്നിവ കൃത്യമായി വിതരണം ചെയ്യാനും കഴിഞ്ഞിട്ടുണ്ട്. 

ഏഴ് വീടുകള്‍ പൂര്‍ണ്ണമായും 774 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. 5734 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. ഇതില്‍ 4540 ഹെക്ടര്‍ നെല്‍കൃഷിയാണ്. 60 ഹെക്ടര്‍ റബ്ബര്‍, 250 ഹെക്ടര്‍ വാഴ, 32 ഹെക്ടര്‍ കുരുമുളക്, 364 ഹെക്ടര്‍ പച്ചക്കറി, 10 ഹെക്ടര്‍ തെങ്ങ്, 30 ഹെക്ടര്‍ ജാതി, 3 ഹെക്ടര്‍ കവുങ്ങ്, ഒരു ഹെക്ടര്‍ കപ്പ, 148 ഹെക്ടര്‍ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവ നശിച്ചിട്ടുണ്ട്. 220 ഹെക്ടര്‍ മത്സ്യഫാമുകള്‍ക്കും നാശം സംഭവിച്ചു. മഴക്കെടുതി മൂലം 30850 ലിറ്റര്‍ പാലിന്റെ കുറവ് ഉണ്ടായിട്ടുണ്ട്. അയ്മനം, തിരുവാര്‍പ്പ്, വൈക്കം പ്രദേശങ്ങളില്‍ 50 ശതമാനം റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 

ജലവിതരണം, വീടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണം എന്നിവയ്ക്ക് അടിയന്തിര പ്രാധാന്യം നല്‍കുന്ന ദുരിതാശ്വാസ പാക്കേജാണ് ജില്ലയ്ക്ക് ആവശ്യമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അറിയിച്ചു. ആലപ്പുഴ-ചങ്ങനാശ്ശേരി- വാഴൂര്‍ ദേശീയ പാത സാക്ഷാത്കരിക്കുന്നതിലൂടെ വെള്ളപ്പൊക്ക സമയത്ത് താഴ്ന്ന പ്രദേശമായ കുട്ടനാട് ഒറ്റപ്പെട്ടു പോകാതിരിക്കുന്നതിനും  ഈ പ്രദേശത്തേക്കും  ആലപ്പുഴയിലേക്കും കോട്ടയം ജില്ലയില്‍ നിന്നുളള ഗതാഗത തടസ്സം ഒഴിവാക്കാനും കഴിയുമെന്ന് സി. എഫ് തോമസ് എം.എല്‍.എ പറഞ്ഞു. വെള്ളപ്പൊക്കം നെല്‍കൃഷിയെ സാരമായി ബാധിച്ചിട്ടുണ്ടെന്നും സ്ഥിര സ്വഭാവത്തിലുളള ഷെല്‍ട്ടര്‍ ഹോമുകള്‍ ജില്ലയില്‍ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട്  ആവശ്യമാണെന്നും അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ പറഞ്ഞു. ശക്തമായി തുടരുന്ന മഴ ഗ്രാമ പ്രദേശത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു. 

(കെ.ഐ.ഒ.പി.ആര്‍-1707/18)

date