Skip to main content

സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റ് കളക്ടറേറ്റിലും

സ്‌കൂൾ വിപണി ലക്ഷ്യമിട്ട് കൺസ്യൂമർഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റുഡന്റ് മാർക്കറ്റ് തിരുവനന്തപുരം കളക്ടറേറ്റിലും എത്തി. മൊബൈൽ യൂണിറ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്തു. ന്യായവിലയിൽ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ചരിക്കുന്ന മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നത്. ജൂൺ 10 വരെ, മൊബൈൽ സ്റ്റുഡന്റ് മാർക്കറ്റ് കളക്ടറേറ്റിൽ ഉണ്ടാകും. രാവിലെ 10 മുതൽ വൈകിട്ട് 5:30 വരെയാണ് പ്രവർത്തനസമയം.

പൊതുവിപണിയേക്കാൾ 10 മുതൽ 45 ശതമാനം വരെ വിലക്കുറവിലാണ് കൺസ്യൂമർഫെഡ് വിദ്യാർഥികൾക്കാവശ്യമായ ഉത്പന്നങ്ങൾ വിൽക്കുന്നത്. ബാഗ്, നോട്ട് ബുക്ക്, കുട, ചോറ്റുപാത്രം, വെള്ളക്കുപ്പി, പെൻസിൽ, പേന തുടങ്ങി സ്‌കൂൾ കുട്ടികൾക്കാവശ്യമായ എല്ലാം മൊബൈൽ മാർക്കറ്റിൽ ലഭിക്കും. പഠനോപകരണങ്ങൾക്കൊപ്പം പലവ്യഞ്ജനങ്ങളും പൊതുവിപണിയേക്കാൾ വിലക്കുറവിൽ ഇവിടെ വിൽക്കുന്നുണ്ട്.  

സ്റ്റുഡന്റ് മാർക്കറ്റുകളിലൂടെ മികച്ച വരുമാനമാണ് കൺസ്യൂമർഫെഡിന്റെ ലക്ഷ്യം. നിലവിൽ പബ്ലിക് ഓഫീസ് കോമ്പൗണ്ടിലും മൊബൈൽ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.

date