Skip to main content
.

ജില്ലയുടെ ആസൂത്രകന്‍ വിട പറയുമ്പോള്‍...

ഇടുക്കി ജില്ലയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ആസൂത്രകന്‍ ഇന്ന് സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിടപറയുകയാണ്.
സുദീര്‍ഘമായ 25 വര്‍ഷത്തെ സേവനത്തിനുശേഷം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ തസ്തികയില്‍ നിന്നും ഇന്ന് വിരമിച്ച ഡോക്ടര്‍ സാബു വര്‍ഗീസ് വിനയവും സൗമ്യമായ പെരുമാറ്റവും കൊണ്ട് ജീവനക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും മനസ്സില്‍ ഉന്നതമായ സ്ഥാനം നേടിയെടുത്ത വ്യക്തിയാണ്.
ഇടുക്കി ജില്ലയിലെ കോടിക്കുളം സ്വദേശിയായ സാബു വര്‍ഗ്ഗീസ് തൊടുപുഴ ന്യൂമാന്‍ കോളേജ്, മൂവാറ്റുപുഴ നിര്‍മല കോളേജ് എന്നിവിടങ്ങളില്‍ നിന്നും ഗ്രാജുവേഷനും പോസ്റ്റ്ഗ്രാജുവേഷനും പൂര്‍ത്തിയാക്കി 1998 ലാണ് ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസില്‍ റിസര്‍ച്ച് അസിസ്റ്റന്റായി ജോലിയില്‍ പ്രവേശിക്കുന്നത്. ശേഷം അഞ്ചു വര്‍ഷം ജലനിധിയില്‍ ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ചു. രണ്ട് വര്‍ഷം കോഴിക്കോട് ജില്ലാ പ്ലാനിംഗ് ഓഫീസിലും സേവനമനുഷ്ടിച്ചു.
ഇടുക്കി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്ന നിലയില്‍ ജില്ലയുടെ സമഗ്രമായ വികസനത്തിനുതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച ഡോ. സാബു വര്‍ഗീസ് ഇടുക്കി പാക്കേജ് തയ്യാറാക്കുന്നതില്‍ നിസ്തുലമായ പങ്കാണ് നിര്‍വഹിച്ചത്. ജില്ലാവികസനസമിതി, ജില്ലാ പ്ലാനിംഗ് കമ്മറ്റി, ജില്ലാ പദ്ധതി തുടങ്ങിയവയിലൂടെ ജില്ലയുടെ വികസനം ലക്ഷ്യം വെച്ചുള്ള നൂതനായ ധാരാളം പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
ജോലി ചെയ്ത എല്ലാ മേഖലകളിലും തന്റേതായി വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം മികച്ച സംഘാടകനും ചാരിറ്റി പ്രവര്‍ത്തകനും മോട്ടിവേറ്ററുമാണ്. വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് വേണ്ടിയും സന്നദ്ധ സംഘടനകള്‍ മുഖേന പൊതുജനങ്ങള്‍ക്ക് വേണ്ടിയും ധാരാളം മോട്ടിവേഷന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിന് അദ്ദേഹം സമയം കണ്ടെത്തി. ഐ. എം. ജി യിലും കിലയിലും വിവിധ വിഷയങ്ങളില്‍ പരിശീലന ക്ലാസുകള്‍ നടത്തി.
ഇടുക്കി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഓഫീസുകളിലെ ജീവനക്കാരുടെ മാനസികോല്ലാസത്തിനും പരസ്പര സൗഹൃദത്തിനുമായി 2000-2001 കാലഘട്ടത്തില്‍ ഡോ. സാബു വര്‍ഗീസ് മുന്‍കൈയെടുത്ത് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്ന കൂട്ടായ്മ സ്ഥാപിക്കുകയുണ്ടായി. ഔദ്യോഗിക ജീവിതത്തിനിടയിലെ തിരക്കിനിടയില്‍ സമയം കണ്ടെത്തി കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് 2004 ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
സങ്കീര്‍ണമായ കാര്യങ്ങളെ പോലും പോസിറ്റീവായി കാണുന്ന മനോഭാവം വളര്‍ത്തിയെടുത്ത അദ്ദേഹം എത്ര സമ്മര്‍ദ്ധമുള്ള ജോലിയും ആസ്വാദ്യകരമായി പൂര്‍ത്തിയാക്കി. നമ്മുടെ ഉള്ളില്‍ തന്നെയുള്ള ദേഷ്യം, വെറുപ്പ്, വിദ്വേഷം, വാശി, പക തുടങ്ങിയ ദുര്‍ഗുണങ്ങളാണ് വ്യക്തികളുടെ ശത്രുക്കള്‍ എന്ന് തിരിച്ചറിഞ്ഞ് അവയെ ഒഴിവാക്കി സഹജീവികളോട് ശാന്തമായും മാന്യമായും പെരുമാറാന്‍ ശീലിച്ച അദ്ദേഹം വിപുലമായ സൗഹൃദ വലയത്തിന്റെ ഉടമയായിരുന്നു. ഭൗതിക സമ്പത്ത് ആര്‍ജ്ജിക്കുന്നതിലല്ല, മറിച്ച് ഏതു സാഹചര്യത്തിലും കരുണയും സ്നേഹവും സഹാനുഭൂതിയുമാണ് പ്രകടിപ്പിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പ്രവര്‍ത്തിയിലൂടെ പഠിപ്പിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി എല്ലാ പൊതുപ്രവര്‍ത്തകരുമായും ജനപ്രതിനിധികളുമായും സൗഹൃദ ബന്ധം സൂക്ഷിച്ചു. ഉന്നത പദവിയെ ഒരു അലങ്കാരമായി കാണാതെ അത് നിസ്വാര്‍ത്ഥ സേവനത്തിനുള്ള മാര്‍ഗമായി കാണുകയും പ്രവര്‍ത്തിക്കുകയും ചെയ്തു. മറ്റുള്ളവരെ കേള്‍ക്കുവാന്‍ സന്മനസ്സുള്ള, അവരോട് എന്നും ആദരവോടെ മാത്രം സംസാരിക്കുവാന്‍ ശ്രദ്ധിച്ചിരുന്ന ഡോ. സാബു വര്‍ഗീസ് നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ ജില്ലാ പ്ലാനിങ് ഓഫീസറുടെ പദവിയില്‍ നിന്നും വിരമിക്കുമ്പോള്‍ ജില്ലക്ക് നഷ്ടമാവുന്നത് ഒരു ഉന്നത ഉദ്യോഗസ്ഥനപ്പുറം മാനവിക കാഴ്ചപ്പാടുള്ള ഒരു ഭരണകര്‍ത്താവിനെയാണ്. മികച്ച സംഘാടകന്‍ കൂടിയായ ഡോക്ടറുടെ സേവനം തുടര്‍ന്നും നമ്മുടെ ജില്ലയ്ക്ക് ലഭ്യമാകും എന്ന് പ്രതീക്ഷിക്കുന്നു.
കലൂര്‍ക്കാട് സ്‌കൂളില്‍ അധ്യാപികയായ ലിജിയാണ് ഭാര്യ. ബി.ടെക് കഴിഞ്ഞ മൂത്ത മകന്‍ ജോര്‍ജ് എം, പ്ലസ്ടുവിനും എസ്.എസ്.എല്‍.സിക്കും പഠിക്കുന്ന ബ്രിന്‍ജിറ്റ് റോസ്, ആന്‍ തെരേസ എന്നിവരാണ് മക്കള്‍.

date