Skip to main content

സ്വപ്‌നപദ്ധതി സാക്ഷാത്കാരത്തിലേക്ക്; മുനമ്പം - അഴീക്കോട് പാലം നിർമ്മാണോദ്ഘാടനം ജൂൺ 9ന് 

 

കൊച്ചി: നൂറ്റാണ്ടിന്റെ സ്വപ്‌നമായ മുനമ്പം - അഴീക്കോട് പാലം സാക്ഷാത്കാരത്തിലേക്ക്. ബൃഹത് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഈ മാസം ഒൻപതിന് വൈകിട്ട് അഞ്ചിന് നിർവ്വഹിക്കുമെന്ന് വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണിക്കൃഷ്ണനും കയ്‌പമംഗലം എം.എൽ.എ ഇ ടി ടൈസൺ മാസ്റ്ററും വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

എറണാകുളം, തൃശൂർ ജില്ലകളുടെ വികസനത്തിനും പ്രദേശവാസികളുടെ യാത്ര സുഗമമാക്കുന്നതിനും ഉതകുന്ന പാലം കിഫ്ബിയുടെ സാമ്പത്തിക പിന്തുണയിൽ നൂറ്റിനാൽപ്പത്തിമൂന്ന് കോടി ഇരുപത്തിയെട്ട് ലക്ഷത്തി മുപ്പത്തയ്യായിരത്തി ഇരുന്നൂറ്റി എൺപത്തിയെട്ട് (143,28,35,288) രൂപ ചെലവിലാണ് നിർമ്മിക്കുന്നത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയുടെ ടെൻഡർ ആണ് മന്ത്രിസഭ അംഗീകരിച്ചത്. വൈപ്പിൻ മണ്ഡലത്തിലെ  മുനമ്പത്തെയും കയ്‌പമംഗലം മണ്ഡലത്തിലെ അഴീക്കോടിനെയും ബന്ധിപ്പിച്ച് തീരദേശ ഹൈവേ മാനദണ്ഡങ്ങൾക്കനുസൃതം നിർമ്മിക്കുന്ന പാലത്തിനു 868.7 മീറ്റർ നീളമുണ്ടാകും. ഫൂട്ട് പാത്തും  സൈക്കിൾ ട്രാക്കും പാലത്തിന്റെ ഭാഗമായി ഉൾപ്പെടുന്നു. നിയമാനുസൃതം ബോട്ടുകൾക്ക് കടന്നുപോകുന്നതിന് ഉയരവും പാലത്തിന് ഉറപ്പാക്കിയിട്ടുണ്ട്.

പാലം നിർമ്മാണം ആരംഭിക്കുന്നതിന് സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് ഫിഷറീസ് വകുപ്പുമായി നേരത്തെ ധാരണയായിരുന്നു. കാലവിളംബം കൂടാതെ പാലം നിർമ്മാണം ആരംഭിച്ചില്ലെങ്കിൽ വൻപദ്ധതിയുടെ ചെലവ് വളരെയേറെ വർധിക്കുമെന്നത് മുൻകൂട്ടികണ്ടു ത്വരിത ഗതിയിലുള്ള ശ്രമങ്ങളാണ് നടത്തിയതെന്ന് എം.എൽ.എമാരായ.  കെ.എൻ ഉണ്ണികൃഷ്ണനും ഇ.ടി ടൈസൺ മാസ്റ്ററും പറഞ്ഞു. യാത്രയ്ക്കും ടൂറിസത്തിനും തീർത്ഥാടനത്തിനും ഏറെ സഹായകമാകുന്ന പാലം സഫലമാകുന്നതോടെ  മേഖലയിലെ മത്സ്യവ്യവസായവും അഭിവൃദ്ധി പ്രാപിക്കുമെന്നത് തിരിച്ചറിഞ്ഞുള്ള സമീപനമാണ് എല്ലാതലങ്ങളിലും ഉണ്ടായത്. 

സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയരമുള്ള, വലിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് മുനമ്പം - അഴീക്കോട് പാലം വിഭാവനം ചെയ്‌തിരിക്കുന്നത്. ജലപാത സുഗമമാകുന്നതിന് പരമാവധി എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽത്തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടു. പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്റർ ആയി ഉയർത്തി. മത്സ്യബന്ധന യാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ ഒരു യാത്രാതടസവും ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്‌ജിംഗ്‌ നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്‌. 

അഴീക്കോട് - മുനമ്പം പാലത്തിന്റെ അനിവാര്യത ഇരു എം.എൽ.എമാരും നിയമസഭയിൽ പലതവണ ആവർത്തിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. പാലം നിർമ്മാണത്തിനെതിരായ വ്യാജ പ്രചാരണങ്ങൾ ഉണ്ടായപ്പോൾ അവ വസ്‌തുതാവിരുദ്ധമെന്ന് വ്യക്തമാക്കാൻ  കെ.എൻ ഉണ്ണികൃഷ്ണനും ഇ. ടി ടൈസൺ മാസ്റ്ററും രംഗത്തെത്തി. പാലം നിർമ്മണവുമായി ബന്ധപ്പെട്ട എതിർപ്പുകൾ തീർക്കുന്നതിന് രേഖാമൂലം ആവശ്യമുന്നയിച്ചതിനെത്തുടർന്ന് എറണാകുളം ജില്ല കളക്‌ടർ വിളിച്ചുചേർത്ത മേഖലയുമായി ബന്ധപ്പെട്ടവരുടെ യോഗത്തിൽ രണ്ട് എം.എൽ.എ മാരും പങ്കെടുത്ത് നിലപാടുകൾ വ്യക്തമാക്കി.  പദ്ധതി ആസൂത്രണം നിർവ്വഹിക്കുന്ന വിദഗ്‌ധ ഉദ്യോഗസ്ഥർ എല്ലാവശങ്ങളും പഠിച്ചശേഷമാണ് മുന്നോട്ടുനീങ്ങുന്നതെന്നും ഇരുവരും യോഗത്തിൽ ചൂണ്ടിക്കാട്ടി.

പാലം സംബന്ധിച്ച തെറ്റിദ്ധാരണാജനകമായ സാഹചര്യം മാറ്റുന്നതിന് ജില്ല കളക്‌ടർ പദ്ധതി സംബന്ധിച്ച് പൊതുസമൂഹത്തിനായി സമഗ്രമായി സാമൂഹികമായവ ഉൾപ്പെടെ മാധ്യമങ്ങളിലൂടെ വിശദീകരണം നൽകണമെന്ന് നിർദ്ദേശിച്ചു. പരസ്യപ്രതികരണത്തിൽ പങ്കുചേരാത്തവരിൽ നിന്നുൾപ്പെടെ പരാതികളും നിവേദനങ്ങളും സ്വീകരിക്കാനും മറുപടി നൽകാനും ക്രമീകരണം ഒരുക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് വ്യാജ പ്രചാരണങ്ങൾക്ക് വിരാമമായത്. പലവിധ നിയമവ്യവഹാരങ്ങളും തീർപ്പാക്കുന്നതിന് നടത്തിയ നിരന്തര ശ്രമങ്ങൾ ഫലം കാണുകയും ചെയ്‌തു.

പദ്ധതിക്ക് നടപ്പാക്കുന്നതിന് ഒപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് മന്ത്രിയോടും ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാരോടും ഹൃദയംഗമമായ നന്ദിയുണ്ടെന്നും എറണാകുളം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ എം.എൽ.എമാരായ കെ.എൻ ഉണ്ണിക്കൃഷ്ണനും ഇ.ടി ടൈസൺ മാസ്റ്ററും പറഞ്ഞു.

date