Skip to main content

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആശ്വാസമായി  ഓപറേഷന്‍ നവജീവന്‍

 

ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ സഹായം എത്തിക്കുന്നതിനായി ഓപറേഷന്‍ നവജീവന്‍ ആരംഭിച്ചു. ജില്ലാ ആരോഗ്യവകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, എയ്ഞ്ചല്‍സ്, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ സംയുക്തമായി രൂപീകരിച്ച മിഷനാണ് ഓപറേഷന്‍ നവജീവന്‍.
ജില്ലയില്‍ നിലവില്‍ 270 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.  എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യ സേവനം സമയബന്ധിതമായി എത്തിക്കുകയാണ് ഈ സംരഭത്തിന്റെ ലക്ഷ്യം. ഓരോ പ്രദേശത്തേയും പ്രാഥമിക/സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരും സ്വകാര്യ ആശുപത്രികള്‍, ഐ.എം.എ, വില്ലേജ്ഓഫീസര്‍ എന്നിവരടങ്ങുന്ന ടീമാണ് അതത് മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ടത്. ആരോഗ്യസേവനങ്ങള്‍ക്ക് പുറമേ ക്യാമ്പില്‍ താമസിക്കുന്നവര്‍ പാലിക്കേണ്ട ആരോഗ്യ പരിരക്ഷകളെക്കുറിച്ചും വെള്ളപ്പൊക്കം മാറിയശേഷം വീടുകളിലേക്ക് മടങ്ങുമ്പോള്‍ അനുവര്‍ത്തിക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും ടീം ബോധവത്കരണം നടത്തുന്നുണ്ട്. ഇതിനായി ക്യാമ്പ് കോര്‍ഡിനേറ്റര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിവരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒപ്പം തന്നെ സ്വകാര്യ ആശുപത്രികളും സന്നദ്ധ സംഘടനകളും ഈ ഉദ്യമത്തിന് മികച്ച രീതിയില്‍ സഹകരിക്കുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലാതലത്തില്‍ എന്‍.എച്ച്.എം ഓഫീസിലാണ് കണ്‍ട്രോള്‍സെന്റര്‍ പ്രവര്‍ത്തിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ കണ്‍ട്രോള്‍ സെന്ററുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടുള്ളൂ. ഫോണ്‍ : ഓഫീസ്: 0495-2374990, ഷിജിത്ത്: 8592910099, ബിജോയ്: 9496352157.
 

date