Skip to main content

പ്രളയ ദുരിതം: കേരളത്തിന് സഹായവുമായി ആന്ധ്ര സര്‍ക്കാര്‍

 

പ്രളയ ദുരിതമനുഭവിക്കുന്ന കേരളത്തിനുള്ള സഹായവുമായി ആന്ധ്രപ്രദേശ് സര്‍ക്കാരിന്റെ പ്രതിനിധിയായ ഉപ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ചിന്നരാജപ്പ എത്തി. 35 കോടി രൂപ ധനസഹായത്തിന്റെ ചെക്ക് മന്ത്രി ഇ. പി. ജയരാജന് കൈമാറി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, മാത്യു ടി. തോമസ്, എ. കെ. ശശീന്ദ്രന്‍ ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ഭക്ഷ്യധാന്യവും മരുന്നുമുള്‍പ്പെടെ 51.018 കോടി രൂപയുടെ സഹായമാണ് ആന്ധ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്.  

2014 മെട്രിക്ക് ടണ്‍ അരിയും അവശ്യ സാധനങ്ങളടങ്ങിയ കിറ്റും കേരളത്തിന് നല്‍കിയതായി മന്ത്രി ചിന്നരാജപ്പ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മറ്റെങ്ങും കാണാത്തത്ര വ്യാപ്തിയുള്ള വിപത്താണ് കേരളത്തില്‍ സംഭവിച്ചത്. പുതിയ കേരളം സൃഷ്ടിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് ആന്ധ്രസര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാവും. മികച്ച ദുരന്ത നിവാരണ സംവിധാനങ്ങള്‍ ആന്ധ്രാപ്രദേശിനുണ്ട്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമെങ്കില്‍ പരിശീലനം നല്‍കാനും വളരെ പെട്ടെന്ന് വീട് നിര്‍മിക്കാനാവുന്ന സാങ്കേതിക വിദ്യ കൈമാറാനും തയ്യാറാണ്. ഇതു സംബന്ധിച്ച് കേരളത്തിലെ മന്ത്രിമാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. 

ദുരന്തത്തിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായ്ഡു കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. കേരളത്തെ സഹായിക്കാന്‍ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന ചന്ദ്രബാബു നായ്ഡുവിന്റെ ആവശ്യത്തെ തുടര്‍ന്ന് ആന്ധ്രയിലെ ജനങ്ങള്‍ കൈയയച്ചു സഹായിക്കുകയായിരുന്നു. ആന്ധ്രയിലെ 13 ജില്ലകളില്‍ ദുരിതാശ്വാസ സ്വീകരണ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. മൂന്നു ദിവസം കൊണ്ട് 115 ട്രക്കുകളിലാണ് സാധനം കേരളത്തിലേക്ക് അയച്ചത്. ഇതിനു പുറമെ റെയില്‍ മാര്‍ഗവും സാധനങ്ങള്‍ എത്തിച്ചു. അരി മില്ലുകളില്‍ നിന്ന് ജയ, മട്ട അരി സര്‍ക്കാര്‍ ആറു കോടി രൂപ നല്‍കി നേരിട്ടു വാങ്ങി അയയ്ക്കുകയായിരുന്നു. കേരളത്തിന്റെ ആവശ്യമനുസരിച്ച് കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണ്. അരി വില കൂടാതെ കേരളത്തെ സഹായിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രയിലെ വൈദ്യുതി വകുപ്പ്, ഫയര്‍ ഫോഴ്‌സ്, ദുരന്ത നിവാരണ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സേവനവും കേരളത്തിനായി ലഭ്യമാക്കി. 

ദുരന്ത സാഹചര്യങ്ങളില്‍ വിദേശത്തു നിന്നുള്‍പ്പെടെ സഹായം ലഭിക്കുന്നത് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ നല്‍കിയ ധനസഹായത്തിലെ ഒരു വിഹിതം ശബരിമലയിലെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്കായി വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശിലെ ലക്ഷക്കണക്കിനാളുകള്‍ക്ക് ശബരിമലയുമായി അഭേദ്യ ബന്ധമുണ്ട്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആന്ധ്രയില്‍ നിന്നുള്ള നിരവധി പേര്‍ നേരിട്ട് സഹായം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ആന്ധ്ര സര്‍ക്കാരിന്റെ വിഹിതമായി പത്തു കോടി രൂപ ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. അവിടത്തെ നോണ്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ഒരു ദിവസത്തെ ശമ്പളം കേരളത്തിനായി നല്‍കി. ഇത് 20 കോടി രൂപയുണ്ട്. ആന്ധ്ര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ മൂന്നു കോടി രൂപ നല്‍കിയിട്ടുണ്ട്. വിവിധ ജില്ലകളില്‍ നിന്നും കേരളത്തെ സഹായിക്കാന്‍ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ചിന്നരാജപ്പ പറഞ്ഞു. ആന്ധ്ര മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന റിയര്‍ടൈം ഗവേണന്‍സ് വിഭാഗം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും മലയാളിയുമായ എ. ബാബുവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പി.എന്‍.എക്‌സ്.4021/18

date